തിരുവനന്തപുരം- ഓഖി ദുരന്തം നേരിടുന്നതിൽ സർക്കാറുകൾ പരാജയപ്പെട്ടുവെന്നും കടലിൽ കാണാതായവരെ ഉടൻ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ലത്തീൻ കത്തോലിക്ക സഭയുടെ കൂറ്റൻമാർച്ച് രാജ്ഭവന് മുന്നിലെത്തി. പാളയം സെന്റ് ജോസഫ് ദേവാലയത്തിൽനിന്നാണ് മാർച്ച് തുടങ്ങിയത്. പൂവാർ മുതൽ മാമ്പിള്ളി വരെയുള്ള തീരദേശങ്ങളിൽനിന്നുള്ളവരാണ് മാർച്ചിൽ പങ്കെടുക്കുന്നത്.
എന്തെങ്കിലും നഷ്ടപരിഹാരം നൽകി മത്സ്യതൊഴിലാളികളെ ആശ്വസിപ്പിക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് ആർച്ച് ബിഷപ്പ് ഡോ.എം. സൂസൈപാക്യം പറഞ്ഞു. മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരുവുനായ്ക്കളുടെയും വന്യമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്ന ഈ നാട്ടിൽ മനുഷ്യരുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ല. ദുരിതത്തിലായവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു. ആധുനിക വിദ്യ ഇത്രയും വികസിച്ചിച്ചിട്ടും മത്സ്യതൊഴിലാളികളുടെ രക്ഷക്ക് വേണ്ടി ഒന്നും ചെയ്യാൻ സർക്കാറിന് കഴിഞ്ഞിട്ടില്ലെന്നും സൂസൈപാക്യം പറഞ്ഞു. കടലിൽ കാണാതായവരെ ഉടൻ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ഏജൻസിയും കാര്യമായി പ്രവർത്തിക്കുന്നില്ല. ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. മത്സ്യതൊഴിലാളികളുടെ ആവശ്യം അംഗീരിക്കണം. താൽക്കാലികമായ നഷ്ടപരിഹാരമല്ല ആവശ്യം. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഒന്നുമല്ലെന്നും കൂടുതൽ സഹായം ആവശ്യമാണ്. ഈ സഹചര്യം മുതലെടുത്ത് സഭയിൽ ഛിദ്രത ഉണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓഖി ദുരന്തത്തിൽ മരിച്ചവർക്ക് വേണ്ടി മാർപ്പാപ്പ പ്രാർത്ഥിച്ചതായും സൂസൈപാക്യം പറഞ്ഞു.