മലപ്പുറം- ഉമ്മയേയും ഭാര്യയേയും കരയപ്പിക്കുന്ന തരത്തിലാണ് എതിർ സ്ഥാനാർഥിയായ മന്ത്രി കെ.ടി. ജലീലും കൂട്ടളികളും തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നതെന്ന് കുറ്റപ്പെടുത്തി തവനൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. വിതുമ്പിക്കൊണ്ടാണ് ഫിറോസ് ഫേസ് ബുക്ക് വീഡിയോയില്‍ ഇക്കാര്യം പറയുന്നത്.
ദയവ് ചെയ്ത് ഈ രീതിയില്‍ അക്രമിക്കരുതെന്നും തന്റെ ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നും ഫിറോസ് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലൂടെ ഇല്ലാകഥകള്‍ പരത്തുക. വോയ്‌സുകള്‍ എഡിറ്റ് ചെയ്ത് എനിക്കെതിരെ പ്രചരിപ്പിക്കുക. വളരെ മോശം പ്രവണതയാണത്." ഒരിക്കലും അത് ചെയ്യാന്‍ പാടില്ല. പാവപ്പെട്ട രോഗികളേയും ആരാരുമില്ലാത്തവരേയും ചേര്‍ത്ത് പിടിച്ച് പോകുമ്പോള്‍ എനിക്ക് കിട്ടിയ ഒരവസരമായിട്ടാണ് ഞാന്‍ സ്ഥാനാര്‍ഥിത്വത്തെ കണ്ടത്. എന്നാല്‍ ഒരു സ്ഥാനാര്‍ഥി ആയി എന്നതിന്റെ പേരില്‍ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നത് ശരിയല്ല. എനിക്കും ഒരു ഉമ്മയുണ്ട്, ഭാര്യയുണ്ട്, കുട്ടികളുണ്ട്.
ഒന്നുമില്ലെങ്കില്‍ പത്ത് വര്‍ഷം ഈ മണ്ഡലം ഭരിച്ചയാളല്ലേ. ആ നിലക്ക് പറയാനുള്ള വികസന കാര്യങ്ങള്‍ പറയണം. ആശയപരമായി കാര്യങ്ങള്‍ പറയണം. ഫിറോസ് കുന്നംപറമ്പില്‍ കള്ളനാണ് പെണ്ണുപിടിയനാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിലൂടെ എന്നേയും എന്റെ കുടുംബത്തേയും നശിപ്പിക്കാന്‍ സാധിക്കും. ഇതൊക്കെ തവനൂരിലെ ജനങ്ങള്‍ കാണുന്നുണ്ട്- ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.