കണ്ണൂർ- കരാർ ഒപ്പുവെച്ചതിന്‍റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നൽകാനാണ് അദാനി കണ്ണൂരിലെത്തിയതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് കെ. സുധാകരൻ ആരോപിച്ചു. കണ്ണൂരിൽ ചാർട്ടേഡ് വിമാനത്തിലെത്തിയ അദാനി വൈകിട്ട് തിരിച്ചു പോയി.
തന്നെ അദാനി കണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇത് തെളിയിക്കണ്ട ബാധ്യത കോൺഗ്രസിനല്ല പിണറായിക്കാണ്. ആരോപണം ഉണ്ടാകുമ്പോൾ മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. ആത്മാർഥത ഉണ്ടെങ്കിൽ മറുപടി പറയണം. ഇത് അന്വേഷിക്കാൻ കേന്ദ്രം തയ്യാറാകണം. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ അദാനിയുടെ യാത്രയെ കുറിച്ച് അന്വേഷണം നടത്തുമെന്നും സുധാകരൻ പറഞ്ഞു.
ഇരട്ട വോട്ട് കണ്ടെത്തിയ സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ജനാധിപത്യത്തിന് തന്നെ കളങ്കമാണ്. പോസ്റ്റൽ വോട്ട് കൈകാര്യം ചെയ്യുന്നത് തികഞ്ഞ അനാസ്ഥയോടെയാണ്. പോസ്റ്റൽ വോട്ടുകൾ വഴിയരികിൽ വെച്ച് ഉദ്യോഗസ്ഥർ തുറന്ന് പരിശോധിക്കുകയും എൽ.ഡി.എഫിന് അനുകൂലമല്ലാത്ത വോട്ടുകൾ നശിപ്പിച്ചെന്നും സുധാകരൻ ആരോപിച്ചു.