Sorry, you need to enable JavaScript to visit this website.

വികസന, ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച്  സംവാദമാകാം -എ.എം ആരിഫ് എം.പി 

ജിദ്ദ നിലമ്പൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് പ്രചാരണ കൺവെൻഷൻ എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ- ഇലക്ഷൻ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ജനക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്ന് എ.എം ആരിഫ് എം.പി ചോദിച്ചു. ജിദ്ദ നവോദയ നിലമ്പൂർ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തെയും ജനക്ഷേമ പ്രവർത്തനങ്ങളെയും കുറിച്ച്, പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെയും കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ 2011-2016 ലെ സർക്കാരിന്റെയും പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ തയാറുണ്ടോയെന്നും എം.പി ചോദിച്ചു.  
വികസന വിരോധികളേയും വിവാദ പ്രചാരകരേയും തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നൽകി ജനം മൂലക്കിരുത്തും. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ വികസന വിരോധികൾ സംസ്ഥാനതല ഐക്യം ഉണ്ടാക്കിയിരിക്കുകയാണ്. കേരളത്തിന്റെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ തയാറാകാതെ ഓരോ മണിക്കൂറിലും പുതിയ വിവാദങ്ങൾ സൃഷ്ടിച്ച് നാടിനെക്കുറിച്ച് വ്യാജ കഥകൾ ലോകത്താകെ പ്രചരിപ്പിക്കുകയാണ് അവർ. അത് ചില മാധ്യമങ്ങളും ഏറ്റെടുക്കുകയാണ്. എന്നാൽ എൽ.ഡി.എഫ് സർക്കാരിനെതിരേ ഉന്നയിച്ച ഒരാരോപണവും വിശ്വാസ്യതയുള്ളതാണെന്ന് തെളിയിക്കാൻ ഉന്നയിച്ചവർക്ക് കഴിഞ്ഞിട്ടില്ലെന്നും അതിന്റെ പ്രതിഫലനമാണ് കേരളത്തിൽ ഉടനീളമുള്ള എൽ.ഡി.എഫ് ജനമുന്നേറ്റത്തിലും സർവേയിലും വ്യക്തമാകുന്നത്. 


കേരളമാണ് ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്നാണ് ട്രാൻസ്പരൻസി ഇന്റർനാഷണൽ എന്ന ഏജൻസി സർവെ നടത്തി പ്രഖ്യാപിച്ചത്. അതേസമയം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് കൈക്കൂലിയും അഴിമതിയും കൂടുതലെന്നും സർവെ പറയുന്നു. ആ കോൺഗ്രസിന്റെ നേതാക്കളാണ് വികസനത്തിൽ ബഹുകാതം മുന്നോട്ടു പോയ കേരളത്തിൽ വന്നിട്ട് അഴിമതിയെക്കുറിച്ച് പറയുന്നത്. ബൊഫോഴ്‌സ് മുതൽ 2 ജി വരെയും പാമോയിൽ മുതൽ ടൈറ്റാനിയം വരെയുമുള്ള അഴിമതി കേസുകളിൽ പെട്ട കൂട്ടരുടെ നേതാക്കളാണ് കേരളത്തെ അഴിമതിയുടെ പേരിൽ ആക്ഷേപിക്കുന്നത്. പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും നിരന്തരമായി പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോയത്. കൊറോണയും ദേശീയ ലോക്ഡൗണും പിന്നാലെ വന്നു. നോട്ട് നിരോധനവും ചെറുകിട വ്യവസായങ്ങളെ തകർത്തതും ജി.എസ്.ടിയും ഉൾപ്പെടെ കേന്ദ്രസർക്കാർ ഏൽപ്പിച്ച പ്രഹരങ്ങളെ അതിജീവിച്ചാണ് സംസ്ഥാനത്തിന്റെ കുതിപ്പെന്നും എ.എം ആരിഫ് വിശദീകരിച്ചു. 
നിലമ്പൂർ നിയോജക മണ്ഡലം സ്ഥാനാർഥി പി.വി അൻവർ കൺവെൻഷനെ അഭിസംബോധന ചെയ്തു. വിജയത്തിനായി മുഴുവൻ പ്രവാസികളും രംഗത്ത് ഇറങ്ങണം എന്നും എല്ലാവിധ സഹായങ്ങളും പ്രതീക്ഷിക്കുന്നതായും അൻവർ പറഞ്ഞു. 
ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത്ത് മമ്പാട്, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, പി.വി അഷ്‌റഫ് എന്നിവർ പങ്കെടുത്തു. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ബഷീർ മമ്പാട് സ്വാഗതവും ഷറഫു നന്ദിയും പറഞ്ഞു. 

 

Latest News