ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവാസി സ്ഥാനാർഥികളുടെ സാന്നിധ്യം കൊണ്ടും പ്രവാസി വോട്ടർമാരുടെ എണ്ണം കൊണ്ടും ശ്രദ്ധേയമാണ്. മുൻപൊന്നുമില്ലാത്ത പരിഗണന ഇക്കുറി മുന്നണികൾ സ്ഥാനാർഥി നിർണയത്തിൽ പ്രവാസികൾക്കു നൽകിയിട്ടുണ്ട്. അതിൽ ചിലരുടെ സ്ഥാനാർഥി പട്ടം അർഹതക്കുള്ള അംഗീകാരമാണെങ്കിൽ മറ്റു ചിലരുടേത് സാമ്പത്തിക ബലം നോക്കിയുള്ളതാണ്. പണമിറക്കി സ്ഥാനാർഥി പട്ടം ചൂടിയവരെന്ന ആക്ഷേപത്തിന് ഇക്കൂട്ടർ വിധേയരാണെങ്കിലും പ്രവാസികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തിനു വക നൽകുന്നതാണ്. കാരണം ഏതു മുന്നണി അധികാരത്തിൽ വന്നാലും ഇക്കുറി പ്രവാസി സാന്നിധ്യം നിയമസഭയിലുണ്ടാവുമെന്നുറപ്പാണ്. അതുപോലെ തന്നെ പ്രകടന പത്രികകളിലും ഇത്തവണ പ്രവാസി വിഷയങ്ങൾക്ക് സ്ഥാനം ലഭിച്ചിട്ടുണ്ടെന്നതും പ്രവാസ ലോകത്തെ പോരാട്ടങ്ങളുടെ തെളിവായി വേണം വിലയിരുത്താൻ. എക്കാലവും ചൂഷണങ്ങൾക്കു വിധേയരായിരുന്ന പ്രവാസികളുടെ വർഷങ്ങളായുള്ള മുറവിളികൾ രാഷ്ട്രീയ കേരളം കേൾക്കാൻ തുടങ്ങിയിരിക്കുന്നു. അവഗണിക്കപ്പെടേണ്ടവരല്ല പ്രവാസികളെന്ന തിരിച്ചറിവ് രാഷ്ട്രീയ നേതാക്കൾക്ക് ഉണ്ടായിരിക്കുന്നു. വലിയ പ്രതീക്ഷകൾ പുലർത്തേണ്ടതില്ലെങ്കിലും ഏതു മുന്നണി അധികാരത്തിൽ വന്നാലും പ്രവാസികൾ പരിഗണനാ വിധേയരായിരിക്കുമെന്നിടത്തുവരെ കാര്യങ്ങൾ എത്തിയിട്ടുണ്ട്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇതു വലിയ നേട്ടമാണ്.
എന്നാൽ ജോലി ചെയ്യുന്നിടത്തുനിന്ന് വോട്ട് ചെയ്യാനുള്ള അവകാശം സാധ്യമാകുമെന്ന പ്രതീക്ഷ കപ്പിനും ചുണ്ടിനുമിടയിലെന്ന പോലെ അവസാന നിമിഷം അസ്ഥാനത്തായി. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ അതിനുള്ള സാധ്യതകളെല്ലാം തെളിഞ്ഞു വന്നതായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പോസ്റ്റൽ ബാലറ്റ് എന്ന നിദേശം കഴിഞ്ഞ ഡിസംബറിൽ മുന്നോട്ടു വെക്കുകയും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും അതു സാധ്യമാക്കാൻ തയാറാണെന്നും അറിയിച്ചിരുന്നു. ഇത് പ്രവാസികളിൽ ഏറെ പ്രതീക്ഷ നൽകിയിരുന്നു. കേന്ദ്ര സർക്കാരും തത്വത്തിൽ തെരഞ്ഞെടുപ്പ കമ്മീഷന്റെ നിർദേശം അംഗീകരിച്ചുവെങ്കിലും 1960 ലെ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി കൊണ്ടുവന്ന് പാർലമെന്റിൽ അതു പാസാക്കുന്നതിന് തയാറായില്ല. ഏതു നിയമവും ബില്ലുകളും ഭേദഗതികളുമെല്ലാം ചൂടപ്പം പോലെ പാർലമെന്റിലും രാജ്യസഭയിലും പാസാക്കിയെടുക്കുന്ന കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ലെന്നു വേണം പറയാൻ. വിദേശ മന്ത്രാലയം പച്ചക്കൊടി കാണിക്കാതിരുന്നതാണ് ഇതിനു തടസ്സമായി പറയുന്നത്. ഓരോ പൗരനും അവർ ജോലി ചെയ്യുന്ന രാജ്യത്തുനിന്ന് വോട്ട് ചെയ്യാനാവുന്ന ഇലക്ടിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചായിരുന്നു വിദേശ മന്ത്രാലയം ഇതിനോട് വിമുഖത കാണിച്ചത്. ഏന്തായാലും ഇതു നല്ല സൂചനയാണ്. വരും കാലത്തെങ്കിലും ഇതു സാധ്യമാകുമെന്നു തന്നെ പ്രതീക്ഷിക്കാം.
2010 ൽ യു.പി.എ സർക്കാർ പ്രവാസികൾക്ക് വോട്ടെന്ന ആശയവുമായി രംഗത്തു വന്നുവെങ്കിലും വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് ദിവസം നാട്ടിലുണ്ടാകണം എന്ന വ്യവസ്ഥയോടെ വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവകാശം മാത്രമായി അതു ചുരുങ്ങിയിരുന്നു. തുടർന്നാണ് ജോലി ചെയ്യുന്ന സ്ഥലത്തു തന്നെ വോട്ട് ചെയ്യാനുള്ള അവകാശത്തിനായി അബുദാബിയിലെ വ്യവസായി ഡോ. ഷംസീർ വയലിൽ സുപ്രീം കോടതിയിൽ ഹരജി നൽകിയത്. ഇതേത്തുടർന്നാണ് കോടതിയുടെ ഇടപെടലും ലോക്‌സഭയിൽ ബിൽ അവതരണവുമുണ്ടായത്. പക്ഷേ അതു പൂർണതയിലെത്തിക്കാൻ സർക്കാരിന് ഇനിയുമായിട്ടില്ല. അല്ലായിരുന്നുവെങ്കിൽ പ്രവാസികൾക്ക് അവരുടെ ജോലി സ്ഥലത്തു നിന്നുകൊണ്ട് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയുമായിരുന്നു.
എന്തായാലും കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തവണ പ്രവാസി വോട്ടർമാരുടെ എണ്ണം റെക്കോർഡാണ്. 2.67 കോടി വരുന്ന വോട്ടർമാരിൽ 93,415 പേർ പ്രവാസികളാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത് 23,000 മാത്രമായിരുന്നു. ഇന്ത്യയിലാകെയുള്ള 1.17 ലക്ഷം പ്രവാസി വോട്ടർമാരിൽ ബഹുഭൂരിഭാഗവും കേരളത്തിലാണ്. കേരള പ്രവാസികളുടെ ഉയർന്ന ജനാധിപത്യ ബോധം ഇതിനൊരു കാരണമാണെങ്കിൽ മറ്റൊരു കാരണം കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജോലി നഷ്ടപ്പെട്ടും അല്ലാതെയും തിരിച്ചെത്തിയ പ്രവാസികളുടെ ബാഹുല്യമാണ്.
നോർക്കയുടെ കണക്കു പ്രകാരം ഏതാണ്ട് അഞ്ചര ലക്ഷത്തോളം പ്രവാസികൾ കോവിഡ് പ്രതിസന്ധി ഉടലെടുത്ത ശേഷം കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ടെന്നാണ്. ഇതിൽ മൂന്നര ലക്ഷം പേർ തൊഴിൽ നഷ്ടപ്പെട്ടാണ് മടങ്ങി വന്നിട്ടുള്ളതെന്നും നോർക്ക ചെയർമാൻ വെളിപ്പെടുത്തിയിരുന്നു. എന്തായാലും പ്രവാസികൾ ഇത്തവണ പല മണ്ഡലങ്ങളിലും നിർണായകമാകും -പ്രത്യേകിച്ച് മലബാർ മേഖലയിൽ. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർത്ത പ്രവാസികളിൽ മുന്നിൽ കോഴിക്കോട് ജില്ലയാണ്. 36,000 പ്രവാസികളാണ് പുതുതായി ഇവിടെ പേരു ചേർത്തത്. തൊട്ടു പിന്നിൽ മലപ്പുറവും (17,000), കണ്ണൂരുമാണ് (14,000). ഇതു തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാവണം ഇത്തവണ പ്രവാസി വിഷയങ്ങൾ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത്. വിമാന സർവീസുകൾ സാധാരണ നിലയിലല്ലാത്തതിനാൽ തെരഞ്ഞെടുപ്പു വേളകളിൽ ഉണ്ടാവാറുള്ള വിദേശത്തു നിന്നുള്ള വോട്ടു വണ്ടികൾ ഇക്കുറി ഇല്ലെന്നു തന്നെ വേണം പറയാൻ. യു.എ.ഇയിൽനിന്ന് ഒരു വിമാനം മാത്രമാണ് വോട്ട് ചെയ്യാനുള്ളവരുമായി പറന്നത്. വിമാന സർവീസുകളുടെ അപര്യാപ്തതയും ക്വാറന്റൈനുമെല്ലാം ഇക്കുറി വോട്ട് വണ്ടികൾ പറപ്പിക്കുന്നതിൽനിന്ന് സംഘടനകളെ പിന്തിരിപ്പിക്കുകയായിരുന്നു. അതല്ലായിരുന്നുവെങ്കിൽ ഇപ്പോൾ വിദേശത്തു കഴിയുന്നവരിൽ വോട്ടുള്ളവരും വോട്ട് ചെയ്യാൻ നാട്ടിലെത്തുമായിരുന്നു.
പ്രവാസി വിഷയങ്ങൾ പഠിച്ച് സഭയിൽ അവതരിപ്പിക്കാൻ ശേഷിയും പ്രാപ്തിയുമുള്ളവർക്കും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായിട്ടുള്ളവർക്കുമായിരിക്കണം പ്രവാസികൾ വോട്ട് ചെയ്യേണ്ടത്. പ്രവാസികൾക്ക് അർഹമായ പരിഗണനയും അവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കെൽപുള്ളവരും പ്രവാസത്തിനു വിരമാമിടാൻ പ്രവാസികളെ പ്രാപ്തരാക്കുന്ന വികസന കാഴ്ചപ്പാടുകളുമായി സംസ്ഥാനത്ത് വികസനം സാധ്യമാക്കാൻ ശേഷിയുമുള്ളവരായിരിക്കണം അധികാരത്തിൽ വരേണ്ടത്. അത്തരക്കാർക്ക് കെൽപ് പകരാനായിരിക്കട്ടെ പ്രവാസികളുടെ ഓരോ വോട്ടും.