കോട്ടയം - ക്രൈസ്തവരുടെ പ്രാര്‍ഥനാ ദിനങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണവും നിശബ്ദമായി. കോട്ടയത്ത്് മിക്ക സ്ഥാനാര്‍ഥികളും പരസ്യ പ്രചാരണം ഒഴിവാക്കി. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും, പാലായില്‍ ജോസ് കെ. മാണിയും മാണി സി കാപ്പനും പൂഞ്ഞാറില്‍ പിസി ജോര്‍ജും, പൊതുപ്രചാരണത്തില്‍ നിന്നും മാറി. ഉമ്മന്‍ ചാണ്ടി രാവിലെ മുതല്‍ പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു. പള്ളിയില്‍ തിരക്കായതിനാല്‍ പതിവുപോലെ വാതില്‍പടിയില്‍ ഇരുന്നാണ് ചടങ്ങുകളില്‍ പങ്കെടുത്തത്്. രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ വാര്‍ത്താലേഖകരെ കാണാന്‍ ആദ്യം തീരുമാനിച്ചുവെങ്കിലും പിന്നീട് മാറി.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രചാരണ യോഗത്തില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എം.പി കോട്ടയത്ത് എത്തും. ബിജെപിയുടെ കോട്ടയം നഗരത്തിലെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനും നഗരത്തില്‍ എത്തുന്നുണ്ട്്. വൈകുന്നേരമാണ് പരിപാടി. പൂഞ്ഞാറില്‍ ജനപക്ഷം സ്ഥാനാര്‍ഥി പിസി ജോര്‍ജിന്റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും. പിസി യുടെ റോഡ് ഷോ തീക്കോയിയില്‍ നിന്നാരംഭിച്ച്് ഇളംകാടു സമാപിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി ടോമി കല്ലാനിയ്ക്കായി ഇന്ന് ചലച്ചിത്ര താരം ജഗദീഷ് പ്രസംഗിക്കും. കല്ലാനി ഇന്നലെ അരുവിത്തുറ വല്യച്ചന്‍ മല കയറി പ്രാര്‍ഥിച്ചു. കാഞ്ഞിരപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ഥി ഡോ.എന്‍ ജയരാജ് പ്രചാരണം വേണ്ടെന്നുവച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്‍ പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ ഉപവാസവും പ്രാര്‍ഥനയുമായി ചെലവഴിച്ചു.
കടുത്തുരുത്തിയില്‍ ദുഖവെള്ളി ദിനത്തില്‍ സിറ്റിംഗ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ മോന്‍സ് ജോസഫും ഇടതു മുന്നണി സ്ഥാനാര്‍ഥി സ്റ്റീഫന്‍ ജോര്‍ജും ആരാധനാലയങ്ങളിലെത്തി വോട്ടര്‍മാരെ കണ്ടു. ചങ്ങനാശേരിയില്‍ ഇടതു സ്ഥാനാര്‍ഥി ജോബ് മൈക്കിളിന്റെ റോഡ് ഷോ ഇന്നാണ്. യുഡിഎഫ് സ്ഥാനാര്‍ഥി വി.ജെ ലാലി പരസ്യ പ്രചാരണം ഉപേക്ഷിച്ചു.കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വോട്ട് തേടി ബോട്ടില്‍ പര്യടനം നടത്തി.