Sorry, you need to enable JavaScript to visit this website.

സ്ഥാനാര്‍ഥികളുടെ പേരോ വോട്ടഭ്യര്‍ഥനയോ  ചിഹ്നങ്ങളോ ഇല്ലാതെ എന്‍ഡിഎ പരസ്യം 

ആറന്മുള- തെിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിലെത്തും. ഉച്ചക്ക് കോന്നിയിലാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. പിന്നീട് തിരുവനന്തപുരത്തും അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കും.  പ്രധാനമന്ത്രിയെ പത്തനംതിട്ടയിലേക്ക് സ്വാഗതം ചെയ്ത് എന്‍.ഡി.എ വലിയ പത്രപരസ്യമാണ് നല്‍കിയത്. ശബരിമല ക്ഷേത്രത്തിന്റെ ചിത്രത്തോടെ ശബരീശന്റെ മണ്ണിലേക്ക് പ്രധാനമന്ത്രിക്ക് സ്വാഗതം എന്ന വാചകത്തോടെയാണ് പരസ്യം.
പ്രധാനമന്ത്രിയുടെയും ഇ. ശ്രീധരന്റെയും കെ. സുരേന്ദ്രന്റെയും ചിത്രങ്ങളും പരസ്യത്തിലുണ്ട്. പരാതി ഉയരാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് സ്ഥാനാര്‍ഥികളുടെ പേരോ വോട്ടഭ്യര്‍ഥനയോ ചിഹ്നങ്ങളോ പരസ്യത്തിലില്ല. വരും ദിവസങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളില്‍ വിശ്വാസം എന്ന ഘടകം എന്‍.ഡി.എ മുറുകെ പിടിക്കും എന്നതിന്റെ സൂചനയാണ് പരസ്യമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശബരിമല എന്ന പേര് പരാമര്‍ശിക്കാതെ വിശ്വാസ സംരക്ഷണം എന്ന വിഷയം പ്രധാനമന്ത്രി ഉന്നയിച്ചിരുന്നു. ഇന്ന് ശബരിമല കൂടെ ഉള്‍പ്പെടുന്ന ജില്ലയില്‍ പ്രചാരണത്തിന് അദ്ദേഹം എത്തുമ്പോള്‍ ശബരിമല മുഖ്യ പ്രചാരണ വിഷയമായി മാറും എന്നകാര്യം ഉറപ്പാണ്. 
ഉച്ചക്ക് ഒന്നരയോട് കൂടിയാണ് പ്രധാനമന്ത്രി കോന്നിയിലെത്തുക. ആറന്മുള മണ്ഡലത്തിന്റെ ഭാഗമായ പത്തനംതിട്ട ജില്ല സ്‌റ്റേഡിയത്തില്‍ അദ്ദേഹം ഹെലികോപ്റ്റര്‍ ഇറങ്ങും. പിന്നീട് റോഡ് മാര്‍ഗം പത്ത് കിലോമീറ്ററോളം സഞ്ചരിച്ചാണ് അദ്ദേഹം വേദിയിലെത്തുക. ഒരു മണിക്കൂര്‍ സമയം അദ്ദേഹം വേദിയില്‍ ചിലവഴിക്കും. തുടര്‍ന്ന് രണ്ടരയോടെ നാഗര്‍കോവിലിലേക്ക് പോകും. 
 

Latest News