Sorry, you need to enable JavaScript to visit this website.

ജറൂസലം ട്രംപിന്റെ തറവാട്ടു സ്വത്തല്ല -തുര്‍ക്കി അല്‍ഫൈസല്‍

തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍

റിയാദ് - ആര്‍ക്കെങ്കിലും വെറുതെ നല്‍കുന്നതിന് ജറൂസലം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തറവാട്ടു സ്വത്തല്ലെന്ന് മുന്‍ സൗദി ഇന്റലിജന്‍സ് മേധാവിയും അമേരിക്കയിലെ മുന്‍ സൗദി അംബാസഡറുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. സമാധാന പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിക്കാമായിരുന്ന തുറുപ്പുചീട്ടാണ് ട്രംപ് ഇസ്രായിലിന് വെറുതെ നല്‍കിയത്. നിയമ വിരുദ്ധ അധിനിവേശക്കാരനാണ് ട്രംപ് ജറൂസലം കൈമാറിയത്. ഇത് ഒരിക്കലും അംഗീകരിക്കുന്നതിന് കഴിയില്ല.
അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനം ലോകത്തെ മൊത്തത്തില്‍ അമ്പരപ്പിച്ചു. ലോകമെങ്ങും പ്രതിഷേധം ആളിക്കത്തുന്നതിന് ഇത് ഇടയാക്കി. പ്രതിഷേധക്കാരെ തൃപ്തിപ്പെടുത്തുന്നതിന് പര്യാപ്തമായ ന്യായീകരണങ്ങളോ വ്യാഖ്യാനങ്ങളോ അമേരിക്കയുടെ പക്കലില്ല. മുസ്‌ലിം രാഷ്ട്രങ്ങള്‍ മാത്രമല്ല, ചൈന, റഷ്യ, ഇന്ത്യ പോലുള്ള അമുസ്‌ലിം രാഷ്ട്രങ്ങളും അമേരിക്കന്‍ തീരുമാനത്തെ എതിര്‍ത്തിട്ടുണ്ട്.
കിഴക്കന്‍ ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരണമെന്നതാണ് കാലാകാലങ്ങളായി സൗദി അറേബ്യയുടെ നിലപാട്. പത്തു വര്‍ഷത്തിനിടെ അമേരിക്ക ഒരുപാട് മാറിയിട്ടുണ്ട്. 2007 ല്‍ വാഷിംഗ്ടണിലെ സൗദി അംബാസഡര്‍ പദവി ഒഴിഞ്ഞ് താന്‍ സൗദിയിലേക്ക് മടങ്ങുമ്പോഴുണ്ടായിരുന്ന അമേരിക്കയല്ല ഇന്നത്തെ അമേരിക്ക. ഇക്കാര്യം നിരവധി അമേരിക്കക്കാര്‍ തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. ജറൂസലമുമായി ബന്ധപ്പെട്ട ട്രംപിന്റെ തീരുമാനത്തെ സൗദി അറേബ്യ പിന്തുണക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്ക് റോയല്‍ കോര്‍ട്ട് പ്രസ്താവനയും 1948 മുതല്‍ ഫലസ്തീന്‍ പ്രശ്‌നത്തില്‍ സൗദി അറേബ്യ മുറുകെ പിടിക്കുന്ന അചഞ്ചലമായ നിലപാടും തക്ക മറുപടിയാണെന്നും സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

 

Latest News