ജിദ്ദ- സൗദിയില്‍ കോവിഡ് വാക്‌സിനേഷനു തിരക്കേറിയതോടെ ബുക്കിംഗിനായി നീണ്ട കാത്തിരിപ്പ്. ഓരോ പ്രവിശ്യയിലും നിരവധി വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടെങ്കിലും ദിവസങ്ങളോളം തുടര്‍ച്ചയായി ശ്രമിച്ചാല്‍ മത്രമേ ഇപ്പോള്‍ കുത്തിവെപ്പിനുള്ള അപ്പോയിന്റ്‌മെന്റ് കിട്ടുന്നുള്ളു.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ സിഹതീ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വാക്‌സിനേഷന് അര്‍ഹത നേടിയവര്‍ക്കാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് ബുക്കിംഗിനുള്ള അവസരം.
വെക്കേഷന്‍ സമയം അടുത്തതും മേയ് 17 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സാധാരണനിലയിലാകുമെന്ന പ്രതീക്ഷയുമാണ് പ്രവാസികള്‍ക്കിടയില്‍ വാക്‌സിനേഷനായുള്ള തിരക്ക് വര്‍ധിപ്പിച്ചത്. രണ്ടു മാസം കഴിഞ്ഞുമാത്രമേ രണ്ടാമത്തെ ഡോസ് ലഭിക്കുകയുള്ളൂവെന്ന തിരിച്ചറിവാണ് പ്രവാസികള്‍ക്കിടയില്‍നിന്ന് പെട്ടെന്ന് കുത്തിവെപ്പിനുള്ള ശ്രമം സജീവമാകാന്‍ കാരണം. അവധിക്കാലത്ത് നാട്ടില്‍ പോകുന്നതിനു മുമ്പ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നുവെന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റ ഹെല്‍ത്ത് പാസ്‌പോര്‍ട്ട് നേടാനാണ് എല്ലാവരും ശ്രമിക്കുന്നത്. വിമാന യാത്രക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.
ഒന്നാമത്തെ ഡോസ് സൗദിയില്‍നിന്ന് സ്വീകരിച്ച് രണ്ടാമത്തെ ഡോസ് നാട്ടില്‍നിന്ന് സ്വീകരിക്കാനാകുമോ എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. നാട്ടില്‍ വെച്ച് വാക്‌സിന്‍ സ്വീകരിക്കാന്‍ അവസരം ലഭിച്ചാലും അത് സൗദി ആരോഗ്യമന്ത്രലായത്തിന്റെ ആപ്പില്‍ ഉള്‍പ്പെടുത്താന്‍ നിലവില്‍ സംവിധാനമില്ല.
കോവിഡ് ബാധിച്ച് രോഗമുക്തനായി ആറു മാസം പൂര്‍ത്തിയാകുന്നതിനു മുമ്പ് വാക്‌സിനേഷനു വിവിധ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് മടങ്ങേണ്ടി വരുന്നുണ്ട്. കോവിഡ് മുക്തര്‍ക്ക് ആറു മാസം പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ ബുക്കിംഗ് ലഭിക്കുമെങ്കിലും അവര്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കണ്ടേതില്ല. കോവിഡ് ബാധിച്ച് ഭേദമായവരെ ഇമ്യൂണൈസ്ഡ് ബൈ റിക്കവറി എന്നാണ് കോവിഡ് സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കുന്ന തവക്കല്‍നാ ആപ്പില്‍ കാണിക്കുന്നത്. രോഗബാധയില്‍നിന്ന് മുക്തനായെന്നും ആറു മാസമെങ്കിലും നീളുന്ന സ്വാഭാവിക പ്രതിരോധ ശേഷി കൈവരിച്ചുവെന്നുമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.
കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടെങ്കില്‍ ജിദ്ദയിലെ പ്രശസ്ത ഡോക്ടർ വിനീത പിളള നല്‍കുന്ന മറുപടികള്‍ കേള്‍ക്കാം.