തിരുവനന്തപുരം- നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് സിസെറോ-ആർ.ജി.ഐ.ഡി.എസ്ജയ്ഹിന്ദ് ടി.വി സർവേ പ്രവചനം. 78 മുതൽ 80 സീറ്റ് വരെ നേടി യു.ഡി.എഫ് അധികാരം പിടിച്ചെടുക്കുമെന്നാണ് സർവേ. എൽ.ഡി.എഫ് 60 മുതൽ 62 വരെ സീറ്റ് നേടും. വോട്ടിംഗ് ശതമാനത്തിൽ നേരിയ വർധനവ് ഉണ്ടാകുമെങ്കിലും എൻ.ഡി.എ സീറ്റുകളൊന്നും നേടാനിടയില്ലെന്ന് സർവേ പറയുന്നു.
തിരുവന്തനപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവ ഉൾപ്പെടുന്ന തെക്കൻ കേരളത്തിൽ ആകെയുള്ള 39 സീറ്റുകളിൽ യു.ഡി.എഫ് 20 വരെ സീറ്റുകൾ നേടും. എൽ.ഡി.എഫ് 19 സീറ്റ് നേടും. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നിവ ഉൾപ്പെടുന്ന മധ്യകേരളത്തിൽ ആകെയുള്ള 41 സീറ്റിൽ യു.ഡി.എഫ് 25 സീറ്റുകൾ നേടും. എൽ.ഡി.എഫിന് 16 വരെ സീറ്റുകൾ. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നിവ ഉൾപ്പെടുന്ന വടക്കൻ ജില്ലകളിലെ 60 സീറ്റുകളിൽ യു.ഡി.എഫ് 35 സീറ്റുകൾ വരെ നേടും. എൽ.ഡി.എഫിന് 25 സീറ്റുകൾ വരെ ലഭിക്കും. യു.ഡി.എഫ്42 ശതമാനം, എൽ.ഡി.എഫ്39 ശതമാനം,എൻ.ഡി.എ15 ശതമാനം, മറ്റുള്ളവർ4 ശതമാനം എന്നിങ്ങനെയായിരിക്കും മുന്നണികളുടെ വോട്ടിംഗ് ശതമാനമെന്നും സർവെ പറയുന്നു.