തിരുവനന്തപുരം- പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനം കൊടുംചതിയാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് ഇനി മുതൽ നികുതി നൽകണമെന്ന കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ തീരുമാനം പ്രവാസികളോട് കാണിക്കുന്ന കൊടും ചതിയാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളിൽ എവിടെയും ജോലിയെടുക്കുന്നവർ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് നികുതി നൽകേണ്ടതില്ലെന്ന് നിർമല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽനിന്ന് രഹസ്യ യു ടേണാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്ന് തരൂർ ചൂണ്ടിക്കാട്ടി. പാർലമെന്റ് സമ്മേളനത്തിന്റെ അവസാന നാളുകളിൽ ധനകാര്യ ബിൽ ചർച്ചയിൽ കൊണ്ടുവന്നാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. ഗൾഫിലെ സമ്പാദ്യത്തിനും ഇന്ത്യയിൽ നികുതി നൽകേണ്ടി വരുന്ന് കേന്ദ്രം കാണിച്ച അനീതിയാണെന്നും തരൂർ വ്യക്തമാക്കി.