Sorry, you need to enable JavaScript to visit this website.

പുതിയ സംസം കിണര്‍: എന്താണ് യാഥാര്‍ഥ്യം ?

വിശുദ്ധ ഹറമിൽ സംസം കിണർ പുനരുദ്ധാരണ ജോലിക്കിടെ കണ്ടെത്തിയ പഴയ ഭൂഗർഭ കുഴി.

മക്ക - വിശുദ്ധ ഹറമിൽ പുതിയ സംസം കിണർ കണ്ടെത്തിയെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു. 
ഇപ്പോൾ നടക്കുന്ന സംസം കിണർ പുനരുദ്ധാരണ ജോലിക്കിടെ പഴയ ഭൂഗർഭ കുഴി കണ്ടെത്തിയതാണ് പുതിയ സംസം കിണർ എന്നോണം സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ക്ലിപ്പിംഗ് പ്രചരിപ്പിക്കുന്നത്. സംസം കിണർ പുനരുദ്ധാരണ പദ്ധതി പ്രദേശത്ത് ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഒരാളാണ് വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്. വിശുദ്ധ ഹറമിൽ കണ്ടെത്തിയ പുതിയ സംസം കിണർ ആണ് ഇതെന്ന് ക്ലിപ്പിംഗ് ചിത്രീകരിച്ച തൊഴിലാളി വാദിച്ചു. സംസം കിണറിനു സമീപ പ്രദേശത്ത് കെട്ടിനിൽക്കുന്ന ഭൂഗർഭ ജലമാണ് പുതിയ സംസം കിണർ ആണെന്ന് തെറ്റിദ്ധരിച്ചതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഈ ഭൂഗർഭ ജലത്തിന് സംസം കിണറുമായി ഒരു ബന്ധവുമില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ഭൂഗർഭ ജലവിതാനം അളക്കുന്നതിന് നിർമിച്ച കുഴിയാണ് സംസം കിണറിനു സമീപം കണ്ടെത്തിയതെന്നും അല്ലാതെ പുതിയ സംസം കിണറല്ലെന്നും വിശുദ്ധ ഹറം പദ്ധതി ടെക്‌നിക്കൽ കമ്മിറ്റി വക്താവ് ഡോ. വാഇൽ അൽഹലബി പറഞ്ഞു. ഈ കുഴിയിലെ വെള്ളം നിരീക്ഷിക്കുകയും ബന്ധപ്പെട്ട വകുപ്പുകൾ വെള്ളം പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. കിംവദന്തികൾക്ക് പിന്നാലെ ആരും പോകരുതെന്ന് ഡോ. വാഇൽ അൽഹലബി ആവശ്യപ്പെട്ടു.

സംസം കിണർ പുനരുദ്ധാരണ ജോലി മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് പുരോഗമിക്കുകയാണ്. ഒന്നര മാസം മുമ്പാണ് സംസം കിണർ പുനരുദ്ധാരണ ജോലികൾക്ക് തുടക്കമായത്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് സംസം കിണർ പുനരുദ്ധാരണത്തിന് നിർദേശം നൽകിയത്. രണ്ട് ഭാഗങ്ങൾ അടങ്ങിയതാണ് പദ്ധതി. ഇതിൽ ഒന്ന് സംസം കിണറിലേക്ക് കിഴക്ക് ഭാഗത്തെ മതാഫിൽ നിന്നുള്ള സർവീസ് ടണലുകളുടെ നിർമാണ പൂർത്തീകരണമാണ്. അഞ്ച് സർവീസ് ടണലുകളാണ് നിർമിക്കുന്നത്. ഇവയുടെ ആകെ വീതി എട്ട് മീറ്ററും നീളം 120 മീറ്ററുമാണ്. രണ്ടാമത്തെ ഭാഗം സംസം കിണറിന്റെ ചുറ്റ് ഭാഗത്തുമുള്ള പ്രദേശം, പഴയ ഹറമിന്റെ കോൺക്രീറ്റിന്റെയും കമാനത്തിന്റെ ഇരുമ്പിന്റെയും അവശിഷ്ടങ്ങളിൽ നിന്ന് അണുവിമുക്തമാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള പദ്ധതിയുടെ അവസാനഘട്ടത്തിന്റെ പൂർത്തീകരണമാണ്. 
സംസം കിണറിന്റെ ഉറവിടങ്ങളിൽ ഹാനികരമായ പദാർഥങ്ങളുടെ അനുപാതം സാധ്യമായത്ര കുറയ്ക്കുകയും അണുവിമുക്തമാക്കിയ ചെറുകല്ലുകൾ പ്രദേശത്ത് നിറക്കുകയുമാണ് ചെയ്യുന്നത്. ഇത് സംസം കിണറിലേക്കുള്ള ജല സ്രോതസ്സുകളുടെ പ്രവാഹം കൂടുതൽ മെച്ചപ്പെടുത്തും. 
പുനരുദ്ധാരണ പദ്ധതി അടുത്ത റമദാനു മുമ്പായി പൂത്തിയാകും. സംസം കിണർ പുനരുദ്ധാരണ ജോലിക്കായി മതാഫിന്റെ നല്ലൊരു ഭാഗം അടച്ചിട്ടുണ്ട്. ഇതേ തുടർന്ന് മതാഫിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. 

 

Latest News