റിയാദ് - സാംബ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പും നാഷണല്‍ കൊമേഴ്‌സ്യല്‍ ബാങ്കും (അല്‍അഹ്‌ലി) തമ്മിലുള്ള ലയനം പൂര്‍ത്തിയതായി ഇരു ബാങ്കുകളും അറിയിച്ചു. സൗദി അല്‍അഹ്‌ലി ബാങ്ക് എന്ന പേരിലാണ് പുതിയ ബാങ്ക് അറിയപ്പെടുക.
ഔദ്യോഗിക ലയന നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ലയനം പൂര്‍ണമാകുന്നതു വരെ ഇരു ബാങ്കുകളും പതിവു പോലെ പ്രവര്‍ത്തനം തുടരും.
സേവനങ്ങളില്‍ യാതൊരുവിധ വ്യത്യാസവും നേരിടാതെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ നിലവിലെ ബാങ്കുമായി പതിവു പോലെ ഇടപാടുകള്‍ തുടരാവുന്നതാണ്.
സൗദി ബാങ്കിംഗ് വിപണിയുടെ 30 ശതമാനം വിഹിതം സ്വന്തമായ പുതിയ ബാങ്ക് സൗദിയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണ്. പുതിയ ബാങ്കിന്റെ ആകെ ആസ്തികള്‍ 89,600 കോടി റിയാലാണ്. മെച്ചപ്പെട്ട പണലഭ്യതയും മൂലധന സ്ഥാനവും കൈമുതലായ പുതിയ ബാങ്കിന് സാമ്പത്തിക വികസന പദ്ധതികള്‍ക്ക് വായ്പകള്‍ നല്‍കാനും മെച്ചപ്പെട്ട കാര്യക്ഷമത, ബിസിനസ് വ്യാപ്തി, അഡ്മിനിസ്‌ട്രേറ്റീവ് ടീമിന്റെയും ജീവനക്കാരുടെയും വൈദഗ്ധ്യം എന്നിവ പ്രയോജനപ്പെടുത്തിക്കൊണ്ട് വിഷന്‍ 2030 പദ്ധതി സാക്ഷാല്‍ക്കരിക്കുന്നതില്‍ പങ്കാളിത്തം വഹിക്കാനും സാധിക്കും.