Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാലാതീതം, ഈ കണ്ടെത്തൽ

ഒരു എ ഫോർ പേജിന്റെ ഒരു വശത്ത് കലണ്ടർ കണ്ടെത്തുന്നതിനുള്ള സൂത്രവാക്യമാണ്. പിന്നിലെ പേജിൽ ഫ്രെൽബിൻ എന്ന ഏഴക്ഷരം ഉൾപ്പെടെ ഏഴ് വ്യത്യസ്ത വാർഷിക കലണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ പേജിൽനിന്നും ഏതു വർഷത്തെ കലണ്ടറാണ് വേണ്ടത് എന്നു കണ്ടെത്തി അതിന്റെ സൂത്രവാക്യവുമായി പിന്നിലെ പേജിൽനിന്നും വാർഷിക കലണ്ടർ കണ്ടെത്താവുന്ന ലളിതമായ സംവിധാനമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. കഴിഞ്ഞുപോയ കാലത്തെ ദിവസങ്ങളും കലണ്ടറിൽനിന്നും കണ്ടെത്താം. ദുർഗ്രഹമായ കണക്കുകൂട്ടലുകളൊന്നും ഇതിന് ആവശ്യമില്ലെന്ന് ഫ്രെൽബിൻ പറയുന്നു. 


തിരിച്ചടികളെ ഒരു നേർത്ത പുഞ്ചിരിയോടെ തോൽപിച്ച ചരിത്രമാണ് ഫ്രെൽബിൻ റഹ്മാൻ എന്ന ഇരുപത്തൊന്നുകാരന്റേത്. ജീവിതത്തിലെവിടെയോ സംഭവിച്ച ചെറിയൊരു താളപ്പിഴയ്ക്ക് അവന് പകരം വെയ്‌ക്കേണ്ടിവന്നത് ഒരു വിദ്യാഭ്യാസ വർഷം തന്നെയായിരുന്നു.
അതോർത്ത് ദുഃഖിച്ചിരിക്കാൻ ആ കൊച്ചു മനസ്സ് തയ്യാറായിരുന്നില്ല. തന്നെ കളിയാക്കിയവരോടുള്ള പ്രതികാരമെന്ന പോലെ ആ ഇളംമനസ്സിൽ ചെറിയൊരു കനൽ കെടാതെ കത്തിനിന്നു.
കോഴിക്കോട് കിണാശ്ശേരിക്കടുത്ത അജീബ് ഹൗസിൽ ജോനകശ്ശേരി അബ്ദുർ റഹ്മാന്റെയും സമീറയുടെയും മകൻ ഇന്ന് നാട്ടിൽ മാത്രമല്ല, വിദേശത്തും സുപരിചിതനാണ്. കോടിക്കണക്കിന് വർഷത്തെ കലണ്ടർ നിർമ്മിച്ചുകൊണ്ടാണ് ഈ ചെറുപ്പക്കാരൻ വാർത്തകളിൽ ഇടം നേടുന്നത്. അതിന് കാരണമായതോ താൻ പോലും അറിയാതെ ജീവിതത്തിൽ നേരിട്ട തോൽവിയിൽനിന്നാണ്.
സംഭവമിങ്ങനെയായിരുന്നു: കിണാശ്ശേരി യത്തീംഖാന സ്‌കൂളിൽ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ എൻ.സി.ആർ.ടി സിലബസിലായിരുന്നു ഫ്രെൽബിൻ പഠിച്ചത്. അഞ്ചാം ക്ലാസിൽ മർകസ് ഇന്റർനാഷണൽ സ്‌കൂളിൽ ചേരാൻ ശ്രമിച്ചെങ്കിലും പ്രവേശന പരീക്ഷ പാസായില്ല. തുടർന്ന് മാത്തറ സ്‌കൂളിൽ മലയാളം മീഡിയത്തിൽ ചേർന്നു. ഏഴാം ക്ലാസിൽ വീണ്ടും പരീക്ഷയെഴുതി മർകസ് സ്‌കൂളിൽ ചേർന്നപ്പോൾ പഠനത്തിൽ മറ്റു കുട്ടികളൊപ്പമെത്താൻ ഫ്രെൽബിന് കഴിഞ്ഞില്ല. കഠിനമായി ശ്രമിച്ചെങ്കിലും സ്‌കൂൾ അധികൃതർ ഫ്രെൽബിനെ ആ വർഷം ഏഴാം ക്ലാസിൽ തോൽപിച്ചു. സ്‌കൂളിലും വീട്ടിലും നാട്ടിലുമെല്ലാം ഫ്രെൽബിൻ നോട്ടപ്പുള്ളിയായി. ആ ബാലമനസ്സിൽ അതൊരു കനത്ത ആഘാതമായിരുന്നു. തന്നെ തോൽപിച്ചവർക്കു മുന്നിൽ തലയുയർത്തി നിൽക്കാൻ ആ മനസ്സ് കൊതിച്ചു.


ഇംഗ്ലീഷ് രക്തത്തിൽ അലിയിച്ചുനൽകുന്നു എന്ന പരസ്യ വാചകവുമായെത്തിയ ഇംഗ്ലീഷ് ജോക്കി ക്ലാസിൽ ഫ്രെൽബിൻ ചേർന്നു. അത്യാവശ്യം ഇംഗ്ലീഷ് പഠിച്ചു. ക്ലാസിലെ സെമിനാറിൽ അധ്യാപകൻ പറഞ്ഞ വാക്കുകൾ ഫ്രെൽബിന്റെ മനസ്സിൽ മായാതെ നിന്നു. ''ജനിക്കുമ്പോൾ നമുക്ക് ഒന്നുമറിയില്ല. പേരു പോലും നൽകുന്നത് മാതാപിതാക്കളാണ്. എന്നാൽ മരിക്കുന്നതിനു മുൻപ് സ്വന്തമായി ഒരു മേൽവിലാസമുണ്ടാക്കണം. ഒന്നുമില്ലെങ്കിൽ ഒരു എലിപ്പെട്ടിയെങ്കിലും നിർമ്മിച്ച് തന്റേതായ ഒരു കയ്യൊപ്പ് ഈ സമൂഹത്തിന് ചാർത്തിനൽകണം...''
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച തനിക്കും എന്തുകൊണ്ട് മുന്നേറിക്കൂടാ. കഠിനാദ്ധ്വാനത്തിലൂടെയും അശ്രാന്ത പരിശ്രമത്തിലൂടെയും ലോകത്തിന് മാതൃകയായ ഒട്ടേറെ മഹാരഥന്മാർ ഫ്രെൽബിന്റെ മനസ്സിലൂടെ കടന്നുപോയി. വീട്ടിലെത്തിയ ഫ്രെൽബിൻ കലണ്ടറിൽ നോക്കി കിടന്നു. ഒരു വർഷത്തേയ്ക്ക് ആറു പേജ് കലണ്ടർ. ഓരോ വർഷവും മാറ്റി വാങ്ങണം. എന്തുകൊണ്ട് കൂടുതൽ വർഷത്തേയ്ക്ക് കലണ്ടർ നിർമ്മിച്ചുകൂടാ. ഫ്രെൽബിൻ ചിന്തിച്ചുതുടങ്ങി. കൂട്ടിയും കിഴിച്ചുമെല്ലാം മനസ്സു മുഴുവൻ കലണ്ടർ നിർമ്മാണത്തിനായി മാറ്റിവെച്ചു.
ഒടുവിൽ ഫലം കണ്ടു. ഒരു എ ഫോർ പേപ്പറിൽ ഇരുനൂറ് വർഷത്തെ കലണ്ടറിന് ഫ്രെൽബിൻ രൂപം നൽകി. അന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഫ്രെൽബിനെക്കുറിച്ചുള്ള വാർത്ത പത്രത്താളിലൂടെയാണ് പുറംലോകമറിഞ്ഞത്. ഇവൻ ചില്ലറക്കാരനല്ല എന്ന് നാട്ടുകാരും വീട്ടുകാരും സ്‌കൂളധികൃതരുമെല്ലാം സമ്മതിച്ചുതുടങ്ങുകയായിരുന്നു.
200 വർഷത്തെ കലണ്ടർ നിർമ്മിച്ച് ഫ്രെൽബിൻ അടങ്ങിയിരുന്നില്ല. എ.ബി.സി.ഡിയിൽ തുടങ്ങി ഇംഗ്ലീഷ് അക്ഷരമാലയിലെ പത്ത് അക്ഷരങ്ങൾ ഉപയോഗിച്ചായിരുന്നു ആദ്യത്തെ കലണ്ടറിന് രൂപം നൽകിയത്. അപ്പോഴേയ്ക്കും ഫ്രെൽബിൻ 78 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി പാസായി. ജെ.ഡി.ടി ഇസ്‌ലാം സ്‌കൂളിൽ പ്ലസ് വണ്ണിനു ചേർന്നു. രണ്ടായിരം വർഷത്തെ കലണ്ടർ നിർമ്മിച്ചായിരുന്നു ഫ്രെൽബിന്റെ അടുത്ത വരവ്. ഫ്രെൽബിൻ എന്ന വാക്കിലെ ഏഴക്ഷരം ഉപയോഗിച്ചായിരുന്നു പുതിയ കലണ്ടറിന്റെ പിറവി.
പ്ലസ് ടു കഴിഞ്ഞ് എൻജിനീയറിംഗിന്  ചേരാനായിരുന്നു ഫ്രെൽബിന്റെ തീരുമാനം. എൻ.ഐ.ഐ.ടിയിൽ കംപ്യൂട്ടർ സയൻസിൽ എൻജിനീയറിംഗിന് ചേർന്നു. ഇതിനിടയിൽ ഏഴായിരം വർഷത്തെ കലണ്ടറിനും രൂപം കൊടുത്തു. തന്റെ പിറന്നാൾ ദിനമായ ജനുവരി ഏഴിനായിരുന്നു കലണ്ടർ പുറത്തിറക്കിയത്. അതും എ ഫോർ ഷീറ്റിൽ ഉൾക്കൊള്ളിച്ചായിരുന്നു രൂപപ്പെടുത്തിയത്.
എൻജിനീയറിംഗ് പഠനത്തിന്റെ അവസാനവർഷമാണ് ഫ്രെൽബിൻ കാലാകാലത്തേയ്ക്കുള്ള കലണ്ടർ നിർമ്മിച്ചത്. ഒരു എ ഫോർ ഷീറ്റിന്റെ ഇരുവശത്തുമായി തയ്യാറാക്കിയ പട്ടികയിലൂടെയാണ് ഏതു വർഷത്തെ ഏതു തീയതിയും ദിവസവും കണ്ടെത്താനുള്ള സംവിധാനം ഈ ചെറുപ്പക്കാരൻ ഒരുക്കിയത്. ഫ്രെൽബിൻ കലണ്ടർ എന്ന് പേരും നൽകി.

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ ഫ്രെൽബിൻ റഹ്മാന് ഉപഹാരം നൽകുന്നു.


ഒരു എ ഫോർ പേജിന്റെ ഒരു വശത്ത് കലണ്ടർ കണ്ടെത്തുന്നതിനുള്ള സൂത്രവാക്യമാണ്. പിന്നിലെ പേജിൽ ഫ്രെൽബിൻ എന്ന ഏഴക്ഷരം ഉൾപ്പെടെ ഏഴ് വ്യത്യസ്ത വാർഷിക കലണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ പേജിൽനിന്നും ഏതുവർഷത്തെ കലണ്ടറാണ് വേണ്ടത് എന്നു കണ്ടെത്തി അതിന്റെ സൂത്രവാക്യവുമായി പിന്നിലെ പേജിൽനിന്നും വാർഷിക കലണ്ടർ കണ്ടെത്താവുന്ന ലളിതമായ സംവിധാനമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. കഴിഞ്ഞുപോയ കാലത്തെ ദിവസങ്ങളും കലണ്ടറിൽനിന്നും കണ്ടെത്താം. ദുർഗ്രഹമായ കണക്കുകൂട്ടലുകളൊന്നും ഇതിന് ആവശ്യമില്ലെന്ന് ഫ്രെൽബിൻ പറയുന്നു. ഹരണവും സങ്കലനവും  അറിയുന്ന ഏതൊരാൾക്കും വരാനിരിക്കുന്നതും കഴിഞ്ഞതുമായ തീയതികൾ ഏതു ദിവസമാണെന്ന് സെക്കന്റുകൾക്കകം കണ്ടെത്താനാവും. താൻ നിർമ്മിച്ച കലണ്ടർ ഉപയോഗിച്ച് ദിവസങ്ങൾ കണക്കുകൂട്ടി കണ്ടെത്തുന്നത് ബുദ്ധിവികാസത്തിനും സഹായകമാകുമെന്നാണ് ഫ്രെൽബിന്റെ കണ്ടെത്തൽ.
വർഷങ്ങളോളം നീണ്ട ഈ കഠിന സപര്യയ്ക്കു തനിക്കു വഴിവിളക്കായവരെയും ഫ്രെൽബിൻ മറക്കുന്നില്ല. ബിസിനസുകാരനായ പിതാവും വീട്ടമ്മയായ മാതാവും ബി.ബി.എ വിദ്യാർത്ഥിയായ സഹോദരൻ ലബീസ് ഹാദിയും ആറാം ക്ലാസുകാരിയായ സഹോദരി ആയിഷ സുമനുമെല്ലാം ശക്തമായ പിന്തുണ നൽകി കൂടെയുണ്ട്. കൂടാതെ സഹപാഠിയായ ഹബീബിനു പുറമെ  അബൂബക്കർ സിദ്ദീഖ്, നൗഫൽ, സമീർ, ഉല്ലാസ് ജോൺ... അങ്ങനെ പോകുന്നു പട്ടിക. എല്ലാവരേയും നന്ദിയോടെ മാത്രമേ ഈ യുവാവിന് സ്മരിക്കാനാവൂ.
ഫ്രെൽബിൻ കലണ്ടറിന് പേറ്റന്റിനായുള്ള കാത്തിരിപ്പിലാണ് ഈ യുവാവ്. പേറ്റന്റ് ലഭിച്ചാൽ സ്‌കൂളുകൾക്കും മറ്റും ഇത്തരം കലണ്ടറുകൾ ലഭ്യമാക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.

Latest News