Sorry, you need to enable JavaScript to visit this website.

മക്ക ചേംബർ മാതൃകയിൽ മറ്റിടങ്ങളിലും പാസ്‌പോർട്ട് സേവന കേന്ദ്രങ്ങൾ തുറക്കും -കോൺസൽ ജനറൽ

കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം

ജിദ്ദ - മക്ക ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് പാസ്‌പോർട്ട് പുതുക്കൽ അടക്കമുള്ള കോൺസുലേറ്റ് സേവനങ്ങൾക്കായി തുറന്നിട്ടുള്ള സ്ഥിരം സംവിധാന മാതൃകയിൽ തബൂക്ക്, മദീന തുടങ്ങിയ ഇടങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് പുതുതായി ചുമതലയേറ്റ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. ദൂരദിക്കിലുള്ളവർക്ക് എളുപ്പം കോൺസുലേറ്റിന്റെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ബന്ധപ്പെട്ട ചേംബർ അധികൃതരുമായി ചർച്ച നടത്തും. മക്ക ചേംബർ നൽകിവരുന്നതു പോലുള്ള സഹകരണം മറ്റിടങ്ങളിൽനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾക്കനുസൃതമായിട്ടായിരിക്കും ഇത്തരം നടപടികളുമായി മുന്നോട്ടു പോവുക. ഇന്ത്യൻ സമൂഹത്തിന്റെ പ്രശ്‌നങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനും അവരുമായി ആശയ വിനിമയം നടത്തുന്നതിനും കോൺസുലേറ്റിന്റെ പിരിധിയിൽ വരുന്ന പ്രദേശങ്ങളിൽ താമസിയാതെ സന്ദർശനം നടത്തുമെന്നും മലയാളം ന്യൂസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 


പാസ്‌പോർട്ട് സേവനങ്ങളിൽ ഉണ്ടായിരുന്ന കാലതാമസം ഒഴിവായതായും പുതുക്കാൻ നൽകുന്നവർക്ക് മൂന്നു ദിവസത്തിനകം പാസ്‌പോർട്ട് ഇപ്പോൾ ലഭ്യമാക്കുന്നുണ്ടെന്നും കോൺസൽ ജനറൽ പറഞ്ഞു. പുറത്തുള്ള കാത്തുനിൽപ് ഒഴിവാക്കി വരുന്നവർക്കെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം സാധ്യമാക്കുന്നതിനും സേവനങ്ങൾ ലഭ്യമാക്കുന്നതിനും വി.എഫ്.സിന് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രങ്ങളുള്ളതിനാലാണ് കോൺസുലാർ സേവനങ്ങൾ ഭാഗികമായി നിർത്തിവെച്ചിട്ടുള്ളത്. നിയന്ത്രണങ്ങൾ നീങ്ങിയാലുടൻ പൂർണ തോതിൽ എല്ലായിടത്തും സേവനങ്ങൾ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.


യാത്രാ നിയന്തണങ്ങളെത്തുടർന്ന് ഉണ്ടായിട്ടുള്ള പ്രയാസങ്ങൾ എത്രയും വേഗം നീക്കുന്നതിന് ഇരു  രാജ്യങ്ങളുടെ ഭാഗത്തുനിന്നും ശ്രമം തുടരുകയാണെന്നും ഇക്കാര്യത്തിൽ എയർ ബബ്ൾ കരാറടക്കമുള്ളവ സാധ്യമാക്കുന്നതിനായുള്ള ശ്രമം തുടരുകയാണെന്നും കേൺസൽ ജനറൽ പറഞ്ഞു. എന്നാൽ കോവിഡ് വ്യാപനത്തിലെ വർധന ആശങ്കയുണ്ടാക്കുന്നതാണ്. എങ്കിലും പ്രതീക്ഷയോടെയാണ് കാര്യങ്ങൾ നീക്കുന്നതെന്നും ഇക്കാര്യത്തിൽ സൗദി അധികൃതരുടെ ഭാഗത്തുനിന്ന് പൂർണ സഹകരണമാണ് ലഭിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. 


നിലവിലെ സർവീസുകളുടെ കാര്യത്തിൽ യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ച കൊച്ചിയിലേക്കു പോകേണ്ടിയിരുന്ന സൗദി എയർലൈൻസ് സർവീസ് മുടങ്ങിയത് യാദൃഛികമായി സംഭവിച്ചതാണ്. സംഭവം വളരെ വൈകിയാണ് അറിഞ്ഞതെന്നും പ്രശ്‌നത്തിൽ ഇടപെട്ട് അടിയന്തരമായി പോകേണ്ടവർക്ക് പകരം സംവിധാനം ഒരുക്കുകയും ചെയ്തിരുന്നു. സാങ്കേതിക കാരണങ്ങളാൽ സർവീസുകൾ ഇടക്കു മുടങ്ങാറുണ്ടെന്നും അതല്ലാതെയുള്ള ഒരു തടസ്സങ്ങളും നിലവിലെ സർവീസുകൾക്കില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. 
കോൺസുലേറ്റിന്റെ പരിധിയിൽ വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കും ഇന്ത്യ സൗദി ബന്ധത്തിൽ, പത്യേകിച്ച് സാമ്പത്തികവും സാംസ്‌കാരികവുമായ സഹകരണം ശക്തിപ്പെടുത്തുന്നതിനായിരിക്കും ഊന്നൽ നൽകുക. തന്ത്രപ്രധാനമായ സഹകരണം കാത്തു സൂക്ഷിക്കുന്ന സൗദി അറേബ്യയുടെ എട്ടു രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിന് ഇരു രാജ്യങ്ങളും ആത്മാർഥമായ സഹകരണമാണ് കാഴ്ച വെച്ചത്. ഇരു രാജ്യങ്ങളുടെയും ഭരണകർത്താക്കൾ ഫോണിലൂടെ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഇതിൽ അവസാനത്തേത് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കിരീടാവകാശി മുഹമ്മദ് ബൻ സൽമാനുമായി ബന്ധപ്പെട്ടതാണെന്നും കോൺസൽ ജനറൽ പറഞ്ഞു. 


സൗദി ഇന്ത്യ സഹകരണത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 ാം വാർഷികം അടുത്ത വർഷം ആഘോഷിക്കാനിരിക്കേ സ്വാതന്ത്ര്യാനന്തര സൗദി ഇന്ത്യ സൗഹൃദത്തിന്റെ ഭാഗമായി രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച അമൃത് മഹോത്സവ ഭാഗമായി 25 ആഴ്ചകൾ നീളുന്ന വിവിധ പരിപാടികൾ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. സ്വദേശികളെ കൂടി പങ്കെടുപ്പിച്ചായിരിക്കും പരിപാടികൾ നടത്തുക. 
കോൺസുലേറ്റിന്റെ കവാടങ്ങൾ എല്ലാവർക്കുമായി എപ്പോഴും തുറന്നിട്ടിരിക്കും. സേവനങ്ങൾ തേടി വരുന്നവരെ വി.ഐ.പികളെ പോലെയായിരിക്കും പരിചരിക്കുക. 


വരുന്നവർക്ക്  വെള്ളവും ചായയും നൽകി സ്വീകരിക്കണമെന്നും ആദരവോടെ പെരുമാറണമെന്നും സഹപ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. കോൺസുലേറ്റിലെത്തുന്നവർക്ക് തുല്യ പരിഗണയും സ്വീകാര്യതയുമായിരിക്കും നൽകുക. ഇതോടൊപ്പം കോൺസുലേറ്റ് ജീവനക്കാരുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ഓറിയന്റേഷൻ പരിപാടികളും വിവര സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. ഡത്ത് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് പോലുള്ളവ ഓൺലൈനിൽ എളുപ്പം ലഭ്യമാക്കും. കോൺസുലേറ്റ് ഒരു ആപ്പിനും രൂപം നൽകി വരികയാണ്. കോൺസുലേറ്റിന്റെ അറിയിപ്പുകളും സേവനങ്ങളുമെല്ലാം അപ്പപ്പോൾ ദൂരദിക്കിലുള്ളവർക്കും ലഭ്യമാകാനും പരാതിക്കാർ എവിടെയാണുള്ളതെന്ന് മനസ്സിലാക്കാനും അവിടെ സേവനം ലഭ്യമാക്കാനും ഇതുപകരിക്കും. 


ഈ വർഷത്തെ ഹജുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ സൗദി ഹജ് മന്ത്രാലയത്തിൽനിന്ന് ലഭിച്ചിട്ടില്ലെങ്കിലും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും ഇന്ത്യൻ ഹജ് മിഷനും വരുന്ന ഹജിന് ഹാജിമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിരിക്കുകയാണ്. ഇക്കാര്യത്തിൽ  ഏറെ പ്രതീക്ഷയുണ്ട് അനുമതിയുണ്ടായാലുടൻ മിഷൻ പൂർണ സജ്ജമായിരിക്കും. പുതിയ ഹജ് മന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിരിക്കുകയാണെന്നും ഹജ് കോൺസൽ എന്ന നിലയിൽ മൂന്നു വർഷക്കാലത്തെ അനുഭവങ്ങൾ തുടർന്നുള്ള ഹാജിമാരുടെ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാവുമെന്നും ഷാഹിദ് ആലം പറഞ്ഞു. 
സൗദി അറേബ്യ നടപ്പാക്കിയ തൊഴിൽ പരിഷ്‌കരണ നടപടികളെക്കുറിച്ച് പഠിച്ചു വരികയാണ്. സ്വദേശിവൽക്കരണം ശക്തമാക്കിയാലും വിഷൻ 2030 ന്റെ ഭാഗമായി വൻ പദ്ധതികൾ നടക്കാനിരിക്കുന്നതിനാൽ അവസരങ്ങൾ ഒട്ടും കുറയാൻ പോകുന്നില്ലെന്നും കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള വിദഗ്ധ തൊഴിലാളികൾക്ക് സാധ്യതകൾ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. 


ഗൾഫ് നാടുകളിൽനിന്ന്  തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയവരെ പുതിയ തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് പാകപ്പെടുത്തിയെടുക്കുന്നതിനുള്ള പരിശീലന പരിപാടികൾ കേന്ദ്ര സർക്കാൻ ആരംഭിച്ചതായും ഇത് പുതിയ തൊഴിൽ സാധ്യതകൾക്കു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ ജോലി ഇല്ലാത്തതിനെ തുടർന്ന് നാട്ടിൽ പോകാൻ നിർബന്ധിതരായവർക്ക് തിരിച്ചു വരുന്നതിന് ഇഖാമയും റീ എൻട്രിയും പുതുക്കി നൽകാതെയും സർവീസ് ആനുകൂല്യങ്ങൾ നൽകാതെയും കബളിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത്തരക്കാരുടെ പരാതികൾ പ്രത്യേകം പരിഗണിക്കുമെന്ന് കോൺസൽ ജനറൽ വ്യക്തമാക്കി. 


2015 നവംബർ മുതൽ 2019 മാർച്ചുവരെ ഹജ് കോൺസലും ഡെപ്യൂട്ടി കോൺസൽ ജനറലുമായി ജിദ്ദയിൽ പവർത്തിച്ച ഷാഹിദ് ആലം കഴിഞ്ഞ രണ്ടു വർഷം ദൽഹിയിൽ വിദേശ മന്ത്രാലയത്തിൽ ഗൾഫ് ഡെസ്‌ക് ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. ജാർഖണ്ഡുകാരനായ ഷാഹിദ് ആലം 2010 ഐ.എഫ്.എസ് ബാച്ചുകാരനാണ്. ഭാര്യ ഡോ. ഷക്കീല ഖാത്തൂൻ.

 

Latest News