റിയാദ് - സൗദിയിൽ ഹൗസ് ഡ്രൈവർ, വീട്ടുവേലക്കാരി അടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് വേതന സുരക്ഷാ പദ്ധതി നടപ്പാക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. ഗാർഹിക തൊഴിലാളികൾക്ക് വേതനം വിതരണം ചെയ്യുന്നതിനുള്ള പ്രീപെയ്ഡ് കാർഡുകൾ പുറത്തിറക്കുന്ന പദ്ധതിക്ക് ഇന്നലെ മന്ത്രാലയം തുടക്കം കുറിച്ചു. പ്രീപെയ്ഡ് കാർഡുകൾ വഴി ശമ്പളം ഗാർഹിക തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന പദ്ധതിയാണിത്. ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും തൊഴിൽ സുരക്ഷിതത്വ നിലവാരം ഉയർത്തുന്നതിനും പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.
ആറു മാസത്തിനുള്ളിൽ സൗദിയിലുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും പദ്ധതി നിർബന്ധമാക്കും. പുതിയ വിസകളിൽ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികൾക്ക് ഇന്നലെ മുതൽ വേതന സുരക്ഷാ പദ്ധതി നിർബന്ധമാക്കി. പുതിയ വിസയിൽ സൗദിയിലെത്തുന്ന ഉടൻ ഗാർഹിക തൊഴിലാളികൾക്ക് തൊഴിലുടമകൾ സാലറി പ്രീപെയ്ഡ് കാർഡുകൾ ഇഷ്യു ചെയ്യൽ നിർബന്ധമാണ്. സാലറി പ്രീപെയ്ഡ് കാർഡുകൾക്ക് ബാങ്കുകളിലുള്ള പ്രത്യേക സേവനത്തിൽ വരിചേർന്ന ശേഷം ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടലിൽ പ്രവേശിച്ച് ഇ-തൊഴിൽ കരാറുണ്ടാക്കിയും തൊഴിലാളികളുടെ വേതനം നിശ്ചയിച്ചും കരാറിന്റെ കോപ്പിയുടെ പ്രിന്റൗട്ട് എടുത്തുമാണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്. നിലവിൽ സൗദിയിലുള്ള ഗാർഹിക തൊഴിലാളികൾക്ക് സാലറി പ്രീപെയ്ഡ് കാർഡുകൾ ഇഷ്യു ചെയ്യുന്നതിന് തൊഴിലുടമകൾക്ക് ആറു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് പറഞ്ഞു.
സ്വകാര്യ മേഖലാ ജീവനക്കാർക്ക് തൊഴിൽ കരാർ പ്രകാരമുള്ള പൂർണ വേതനം കൃത്യസമയത്ത് ലഭിക്കുന്നതിന് ഉറപ്പുവരുത്തുന്നതിന് ലക്ഷ്യമിട്ടുള്ള വേതന സുരക്ഷാ പദ്ധതി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്. പദ്ധതിയുടെ പന്ത്രണ്ടാം ഘട്ടം നവംബർ ഒന്നു മുതൽ നിലവിൽവന്നിട്ടുണ്ട്. 40 മുതൽ 59 വരെ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളുമാണ് ഈ ഘട്ടത്തിൽ പദ്ധതിയുടെ പരിധിയിൽ വന്നത്. 14,288 സ്വകാര്യ സ്ഥാപനങ്ങൾ പന്ത്രണ്ടാം ഘട്ടത്തിൽ വേതന സുരക്ഷാ പദ്ധതി പരിധിയിൽ വന്നു. ഈ സ്ഥാപനങ്ങളിൽ 6,87,607 ജീവനക്കാരുണ്ട്.
കൃത്യസമയത്ത് തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഓരോ തൊഴിൽ മേഖലയിലെയും വേതന നിലവാരം നിർണയിക്കുന്നതിനും തൊഴിലുടകളും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നങ്ങൾ കുറക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കൃത്യസമയത്ത് തൊഴിലാളികൾക്ക് വേതനം വിതരണം ചെയ്യാത്ത സ്ഥാപനങ്ങൾക്ക് മൂവായിരം റിയാൽ തോതിൽ പിഴ ചുമത്തും. വേതനം ലഭിക്കാത്ത തൊഴിലാളികളിൽ ഒരാൾക്ക് മൂവായിരം റിയാൽ വീതമാണ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നത്. വേതന സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിൽ രണ്ടു മാസം കാലതാമസം വരുത്തുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് ഒഴികെയുള്ള സേവനങ്ങൾ മന്ത്രാലയം നിർത്തിവെക്കും. മൂന്നു മാസം വൈകിക്കുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് അടക്കം എല്ലാ സേവനങ്ങളും വിലക്കും. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികളെ വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചിട്ടില്ലെങ്കിൽ കൂടി തൊഴിലുടമയുടെ അനുമതി കൂടാതെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് അനുവദിക്കുന്നുണ്ട്.
വേതന സുരക്ഷാ പദ്ധതിയുടെ പതിനാറു വരെയുള്ള ഘട്ടങ്ങളുടെ സമയക്രമം അടുത്തിടെ മന്ത്രാലയം അറിയിച്ചിരുന്നു. പതിനാറാം ഘട്ടം 2018 നവംബർ ഒന്നിനാണ് നിലവിൽവരിക. പതിനൊന്നു മുതൽ പതിനാലു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് പതിനാറാം ഘട്ടത്തിൽ പദ്ധതിയുടെ പരിധിയിൽ വരിക. പതിനൊന്നിൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് വേതന സുരക്ഷാ പദ്ധതി നിർബന്ധമാക്കുന്ന സമയക്രമം പിന്നീട് നിശ്ചയിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മൂവായിരവും അതിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വേതന സുരക്ഷാ പദ്ധതി നിർബന്ധമാക്കിയത്.