മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് പ്രവർത്തക സമതി അംഗവും മുൻ മുഖ്യമന്ത്രിയുമായ എ.കെ ആന്റണിയെപ്പോലെ കേരള രാഷ്ട്രീയത്തിലെ വളവുതിരിവുകൾ സൂക്ഷ്മമായി മനസ്സിലാക്കിയ മറ്റൊരുനേതാവില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് രാഷ്ട്രീയ ഭിന്നതകൾ മറന്നും രാഷ്്ര്രടീയ കേരളം ചെവികൊടുക്കാറുണ്ട്. തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരകനായി കേരളത്തിലെത്തിയ അദ്ദേഹത്തിന് ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടും കോവിഡിന്റെ പശ്ചാത്തലത്തിലും മുമ്പത്തെപ്പോലെ സജീവമായി പ്രവർത്തിക്കാൻ കഴിയുന്നില്ല.
കേരള രാഷ്ട്രീയത്തെ സസൂക്ഷ്മം വിലയിരുത്തി തെരഞ്ഞെടുപ്പിൽ മലയാളി മനസ്സ് ഏതു മുന്നണിക്കനുകൂലമായാവും ചായുകയെന്ന് കാര്യകാരണങ്ങൾ നിരത്തി അദ്ദേഹം വെളിപ്പെടുത്തുന്നു. മലയാളം ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് സി. റഹീമിന് അനുവദിച്ച പ്രത്യേക അഭിമുഖം.
? പ്രിയങ്കാഗാന്ധിയും രാഹുൽ ഗാന്ധിയും പ്രചാരണത്തിന് ഇറങ്ങിയതുകൊണ്ടു മാത്രം തെരഞ്ഞെടുപ്പിൽ വിജയിക്കാവുന്ന സ്ഥിതിയാണോ യു.ഡി.എഫിനുള്ളത്. പാർട്ടി സംവിധാനം വളരെ ദുർബലമാണെന്ന പരാതി കോൺഗ്രസിനുള്ളിൽ തന്നെ വ്യാപകമായുണ്ടല്ലോ.
$ പ്രിയങ്കയുടെയും രാഹുലിന്റെയും പ്രചാരണം തീർച്ചയായും തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യും. അവരുടെ സാന്നിധ്യം ജനങ്ങളെ ഇളക്കുന്നുണ്ട്. അവർ പങ്കെടുക്കുന്ന പൊതുയോഗങ്ങളിലെ ജനക്കൂട്ടം കണ്ടാൽ തന്നെയതറിയാം. കേരളത്തിന്റെ ഒരു പ്രത്യേകത പാർട്ടി വോട്ടുകളും മുന്നണി വോട്ടുകളും അതാത് പാർട്ടിക്കും മുന്നണിക്കും കൃത്യമായി ലഭിക്കുമെങ്കിലും വിജയം തീരുമാനിക്കുന്നത് നിഷ്പക്ഷ വോട്ടർമാരാണെന്നുള്ളതാണ്. നിഷ്പക്ഷ വോട്ടർമാർ പതിമൂന്നാം മണിക്കൂറിലെടുക്കുന്ന തീരുമാനമാണ് ഏതു മുന്നണിയാണ് ഈ നാട് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണിപ്പോഴുള്ളത്.
പാർട്ടി പ്രവർത്തനത്തിന് ചെറുപ്പക്കാരിപ്പോൾ പഴയത് പോലെ ഫുൾടൈം അല്ല. യൂത്ത് കോൺഗ്രസായാലും ഡിവൈഎഫ്‌ഐയായാലും യുവമോർച്ചയായാലും ഇതാണ് സ്ഥിതി. ചെറുപ്പക്കാർക്കൊക്കെ ജീവിക്കാനായി ഓരോരോ തൊഴിലുണ്ട്. ഞങ്ങൾ പ്രവർത്തിച്ചിരുന്ന കാലത്തുനിന്ന് വ്യത്യസ്തമായാണ് ഇപ്പോഴത്തെ പ്രവർത്തനം. അതുകൊണ്ടാണ് പാർട്ടി പ്രവർത്തനം ദുർബലമാണെന്ന് തോന്നുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോഴവർ സജീവമാകും. ഇവിടെ വെള്ളപ്പൊക്കമുണ്ടായപ്പോൾ ചെറുപ്പക്കാർ ജനങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത് നമ്മൾ കണ്ടതാണല്ലോ.
?സർവേ ഫലങ്ങളൊക്കെ എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണല്ലോ കാണിക്കുന്നത്.
$ സർവേ നോക്കണ്ട. വോട്ടർമാരാണ് തീരുമാനമെടുക്കുന്നത്. ഇവിടെ തുടർഭരണം ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല. ഇടതുപക്ഷക്കാർ പോലും തുടർഭരണം പാർട്ടിയെ ദുഷിപ്പിക്കുമെന്ന് കരുതുന്നവരാണ്. ഈ വോട്ടർമാരാണ് ജയപരാജയം തീരുമാനിക്കുന്നത്. ബംഗാളിൽ സംഭവിച്ചത് കേരളത്തിൽ സംഭവിക്കാൻ ആരും ആഗ്രഹിക്കുന്നില്ല.
? പ്രകൃതിദുരന്തമുണ്ടായപ്പോഴും മഹാമാരിക്കാലത്തും ജനങ്ങളെ പട്ടിണിക്കിടാത്ത സർക്കാരാണിതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇപ്പോഴും ഭക്ഷ്യകിറ്റ് വിതരണം നടക്കുന്നു.
$ പ്രകൃതി ദുരന്തമുണ്ടായപ്പോൾ കൃഷിയും വീടും നഷ്ടപ്പെട്ടവർക്ക് അതൊക്കെ തിരിച്ചുനൽകാൻ ഈ സർക്കാരിന് കഴിഞ്ഞോ. അവരുടെ ജീവിതം നിലനിർത്തിപ്പോകാൻ എന്തു സഹായമാണ് സർക്കാർ ചെയ്തത്. കോവിഡ് കാലത്ത് വലിയ നഷ്ടം സംഭവിച്ച കച്ചവടക്കാർക്ക് എന്തുസഹായമാണിവരെത്തിച്ചത്. തൊഴിലില്ലാതായവർക്ക് എന്തു സഹായം ചെയ്തു.
തൊഴിൽരഹിതരായി നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞോ. നാട്ടിൽ വിവിധ ജോലി ചെയ്തുകഴിഞ്ഞിരുന്നവർ കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിൽ കഴിയുകയാണിപ്പോഴും. തൊഴിലുള്ളവരുടെ പലരുടെയും ശമ്പളം മാനേജ്‌മെന്റുകൾ വെട്ടിക്കുറച്ചു. എന്തു സഹായമാണ് സർക്കാർ അവർക്കൊക്കെ ചെയ്തത്. കിറ്റ് കൊണ്ട് എല്ലാമായോ. വീട് നഷ്ടപ്പെട്ടവരൊക്കെ സർക്കാർ ക്യാമ്പിൽ എക്കാലവും കഴിയണമെന്നാണോ പറയുന്നത്. സർക്കാർ ഇക്കാര്യങ്ങളിലെല്ലാം പരാജയമായിരുന്നു. ഇതിവിടുത്തെ ജനങ്ങൾക്കറിയാം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ന്യായ് പദ്ധതിപ്രകാരം 6000 രൂപ പാവപ്പെട്ടവർക്ക് പ്രതിമാസം നൽകും. വർഷം 72,000 രൂപ നൽകും.
? ഇങ്ങനെയൊക്കെയായിട്ടും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. അത് ഈ തെരഞ്ഞെടുപ്പിലും തുടരുന്നില്ലെന്നുണ്ടോ.
$ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം സമുദായങ്ങളെ തമ്മിൽ തെറ്റിച്ച് മുതലെടുപ്പ് നടത്തുകയായിരുന്നു. മുസ്‌ലിംകളെയും ഹിന്ദുക്കളെയും തമ്മിൽ തെറ്റിക്കുക. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തമ്മിൽ തെറ്റിക്കുക. തദ്ദേക തെരഞ്ഞെടുപ്പിലതിന്റെ ഗുണമവർക്കുണ്ടായി. ഇപ്പോൾ എല്ലാ സമുദായങ്ങളുമിത് തിരിച്ചറിയുന്നുണ്ട്. എല്ലാ സമുദായക്കാരും ഇവിടെ ഒരുമിച്ച് കഴിയേണ്ടവരാണെന്ന് അവർക്കറിയാം. അതുകൊണ്ട് വടക്കേ ഇന്ത്യയിലെപ്പോലെ ജനങ്ങളെ ജാതിയും മതവും പറഞ്ഞ് തെറ്റിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ കേരളത്തിലാർക്കും ഇനി കഴിയില്ല. കാര്യങ്ങൾ നേരെ പോയാൽ നേമത്ത് കെ.മുരളീധരൻ വിജയിക്കും. ഒ.രാജഗോപാലിനോട് ജനങ്ങൾക്ക് ഒരുനുകമ്പയുണ്ടായിരുന്നു. ബി.ജെ.പി വോട്ട#് കൊണ്ടല്ല അദ്ദേഹമവിടെ ജയിച്ചത്. വ്യക്തിപരമായ വോട്ട് കൊണ്ടാണ്.
കോൺഗ്രസിന് നഷ്ടപ്പെട്ട നേമം സീറ്റ് തിരികെ പിടിക്കും. കെ. കരുണാകരന്റെ മകനെന്ന നിലയിലുള്ള ഒരു വികാരം നേമത്തെ ജനങ്ങൾക്ക് മുരളീധരനോടുണ്ട്.
?സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി വലിയ തോതിൽ പ്രശ്‌നങ്ങൾ കോൺഗ്രസിലുണ്ടായി. പട്ടികയിൽ സംതൃപ്തനാണോ?
:തലമുറ മാറ്റം സൂചിപ്പിക്കുന്ന സ്ഥാനാർത്ഥി പട്ടികയാണ് വന്നത്. ചെറുപ്പക്കാർക്ക് നല്ല പരിഗണന നൽകിയിട്ടുണ്ട്. പിന്നെ സ്ഥാനാർത്ഥി പട്ടിക വരുമ്പോൾ കുറയൊക്കെ പരിഭവങ്ങൾ ഉണ്ടാവുക സ്വഭാവികമാണ്. കോൺഗ്രസിൽ എല്ലാ കാലത്തുമിത് പതിവുള്ളതാണ്. എന്നാൽ ഇത്തവണ സിപിഎമ്മിൽ സ്ഥാനാർത്ഥികളെ ചൊല്ലി പരസ്യമായ പ്രതിഷേധങ്ങളുണ്ടായി. ഇത് മുമ്പ് ഉണ്ടായതായി ആരും കേട്ടിട്ടില്ല. കുറ്റിയാടിയിലവർക്ക് മുന്നണി സ്ഥാനാർത്ഥിയെ പിൻവലിക്കേണ്ടതായി വന്നില്ലേ.
? കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകർന്നിരുന്ന പ്രവാസികൾ ഇന്ന് ദുരിതക്കയത്തിലാണ്. തൊഴിൽ നഷ്ടപ്പെട്ട് വലിയ തോതിൽ ജനങ്ങൾ നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നു. വിദേശത്ത് തൊഴിൽ സാധ്യത അടയുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങളെ ഗൗരവമായി കാണേണ്ടതല്ലേ. അവരിൽ ഭൂരപിക്ഷത്തിനും വോട്ട് ചെയ്യാനാവുന്നില്ല.
$ തീർച്ചയായും. നമ്മുടെ നാടിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചവരാണവർ. എല്ലാ പ്രവാസികൾക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകണം. എന്നും പ്രവാസികൾക്കൊപ്പം നിന്ന സർക്കാരുകളാണ് കോൺഗ്രസിന്റേത്. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും അങ്ങനെ തന്നെയായിരുന്നു. ഞാൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി പ്രവാസികൾക്കായി ദൂബായിൽനിന്ന് വിമാന സർവീസ് ആരംഭിച്ചത്. റിക്രൂട്ട്‌മെന്റിലെ ചൂഷണം അവസാനിപ്പിക്കാൻ റിക്രൂട്ട്‌മെന്റ് ഏജൻസി തുടങ്ങി. സംസ്ഥാനത്ത് നോർക്ക വകുപ്പ് തുടങ്ങി. പ്രവാസികാര്യ വകുപ്പ് തുടങ്ങി എം.എം.ഹസ്സനെ മന്ത്രിയാക്കി.
ഗൾഫിലെ പ്രവാസികൾ പ്രതികൂല കാലാവസ്ഥയിൽ കിടന്നു കഷ്ടപ്പെടുന്നവരാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവരെപ്പോലെ സഹായം ചെയ്യുന്ന മറ്റൊരു വിഭാഗമില്ല. പ്രളയം വന്നപ്പോൾ വലിയ തോതിലാണ് പ്രവാസികൾ നാട്ടുകാരെ സഹായിച്ചത്. ഇവിടെ എന്തു പ്രതിസന്ധിയുണ്ടായാലും പ്രവാസികളുടെ സഹായമുണ്ടാകും. പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടപ്പോൾ ഗ്രാമങ്ങളിൽ ദാരിദ്ര്യം മടങ്ങിവരുന്നതാണ് കാണുന്നത്. പ്രവാസികൾക്ക് എല്ലാവിധ സഹായവും ചെയ്യാൻ യു.ഡി.എഫ് മുമ്പിലുണ്ടാകും. അതു നമ്മുടെ നാടിന്റെ ആവശ്യമാണ്. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് പുനരധിവാസ പദ്ധതി നടപ്പാക്കും. ഇക്കാര്യങ്ങളൊക്കെ പ്രകടന പത്രികയിൽ വിശദമാക്കിയിട്ടുണ്ട്.
? ഇരട്ട വോട്ട് വിവാദം കൊഴുക്കുകയാണല്ലോ. തെരഞ്ഞെടുപ്പിൽ വിജയപരാജയങ്ങളെ ഈ വോട്ടുകൾ സ്വാധീനിക്കുമോ.
$ ഇരട്ട വോട്ടുകൾ മുമ്പും കുറയൊക്കെയുണ്ടായിട്ടുണ്ട്. എന്നാൽ ഇത്രവ്യാപകമായും ആസൂത്രിതമായും ഇരട്ട വോട്ടുകൾ ഉണ്ടാകുന്നത് ഇതാദ്യമാണ്. കോടതി ഇരട്ട വോട്ടുകളുടെ കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്.
കോൺഗ്രസും യുഡിഎഫും നേരിടുന്ന പ്രതിസന്ധി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കാവശ്യമായ പണമില്ലെന്നതാണ്. എൽഡിഎഫിനും എൻ.ഡി.എക്കും ഇഷ്ടം പോലെ പണമുണ്ട്. അവർ പ്രചാരണത്തിന് ഇഷ്ടം പോലെ പണം ഒഴുക്കുകയാണ്.
?കോൺഗ്രസ് കേന്ദ്രത്തിൽ ദുർബലപ്പെട്ടത് കേരളത്തിലെ തെരഞ്ഞെടുപ്പിലും ബാധിക്കില്ലേ. ഗുലാം നബിയെപ്പോലെയുള്ള മുതിർന്ന നേതാക്കൾ ഉയർത്തുന്ന പ്രശ്‌നങ്ങൾ കാണാതിരിക്കാനാകുമോ.
$ 2024 വരെ കേന്ദ്രത്തിൽ ബിജെപി ഭരിക്കും. കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് കേരളത്തിൽ ഇത്തവണ അധികാരത്തിൽ വരും. കേരളത്തിലെ കോൺഗ്രസിന് അനുകൂലമായ ജനവിധി ദേശീയ തലത്തിൽ കോൺഗ്രസിന് കരുത്തു പകരും. കോൺഗ്രസിലെ സംഘടനാ കാര്യമാണെങ്കിൽ ഗുലാംനബിയെപ്പോലെയുള്ള നേതാക്കൾ കോൺഗ്രസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നാഗ്രഹിക്കുന്നവരാണ്. കേന്ദ്രത്തിൽ കോൺഗ്രസ് തിരിച്ചുവരണമെന്നാഗ്രഹിക്കുന്നവരാണ്. ദേശീയ തലത്തിൽ കോൺഗ്രസ് താമസിയാതെ അധികാരത്തിൽ തിരിച്ചുവരും.
?കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ വരുമെന്ന് താങ്കൾ ഉറപ്പിച്ച് പറയുകയാണല്ലോ. കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരാതിരിക്കാൻ എൽ.ഡിഎഫും എൻ.ഡി.എയും പരസ്പരം കൈകോർക്കുന്നുവെന്നാണല്ലോ ആർ.എസ്.എസ്. സൈദ്ധാന്തികൻ ബാലശങ്കർ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.
$ കോൺഗ്രസ്മുക്ത ഭാരതമാണ് ബി.ജെ.പിയുടെ ലക്ഷ്യം. സിപിഎമ്മിന്റെയും ബിജെപിയുടെയും കേരളത്തിലെ പൊതുശത്രു കോൺഗ്രസാണ്. കോൺഗ്രസിനെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ അവർ പരസ്പരം സഹായിക്കും. എന്നാൽ പാർട്ടി വോട്ടല്ല ഇവിടെ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. നിഷ്പക്ഷ വോട്ടർമാരാണ്. നിഷ്പക്ഷ വോട്ടർമാർ തുടർഭരണം ഇഷ്ടപ്പെടുന്നവരല്ല.
? കേരളത്തിലെ പ്രതിപക്ഷത്തിന് ഫലപ്രദമായി പ്രവർത്തിക്കാനായിട്ടുണ്ടെന്ന വിലയിരുത്തലുണ്ടോ.
$ ഫലപ്രദമായി പ്രവർത്തിച്ച പ്രതിപക്ഷമാണിവിടെയുള്ളത്. പ്രതിപക്ഷം തക്കസമയത്ത് ഇടപെട്ടതുകൊണ്ട് സർക്കാർ ജനവിരുദ്ധമായി നടപ്പിക്കാനുദ്ദേശിച്ച നിരവധി കാര്യങ്ങളിൽനിന്നവർക്ക് പിറകോട്ട് പോകേണ്ടിവന്നില്ലേ. ജനങ്ങൾക്കിതൊക്കെയറിയാം.
?മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി തർക്കത്തിന് സാധ്യതയില്ലേ.
$ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും പോലെയുള്ള നേതാക്കളാണ് തെരഞ്ഞെടുപ്പ് നയിക്കുന്നത്. യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമ്പോൾ കൂട്ടായി തന്നെ മുഖ്യമന്ത്രിയേയും തെരഞ്ഞെടുക്കും. 2004 മുതൽ ഞാൻ കേരളത്തിലെ കോൺഗ്രസിൽ തീരുമാനമെടുക്കുന്നതിൽനിന്ന് മാറിനിൽക്കുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ ആരുടെയും ആഗ്രഹം അടിച്ചേൽപിക്കില്ല. എല്ലാവരുമായി സഹകരിച്ച് തീരുമാനം എടുക്കും.
? കേരള രാഷ്ട്രീയത്തിൽനിന്ന് പൂർണമായും മാറിനിൽക്കുകയാണെന്ന് പറഞ്ഞുകേട്ടു. രാഷ്ട്രീയ രംഗത്തുനിന്നു തന്നെ പിൻവാങ്ങുകയാണോ. തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തനാണോ.
$ 2022 ൽ എന്റെ രാജ്യസഭയിലെ അംഗത്വം അവസാനിക്കുകയാണ്. അതോടെ എന്റെ പാർലമെന്ററി ജീവിതവും അവസാനിക്കും. പത്ത് വയസ്സിൽ എന്റെ അച്ഛൻ മരിച്ചതാണ്. എൽഐസി ഏജന്റായി ജോലിനോക്കിയൊക്കെയാണ് ജീവിച്ചത്. വയലാർ രവിയുമായി ചേർന്ന് കെ.എസ്.യുവും യൂത്ത് കോൺഗ്രസുമൊക്കെ കെട്ടിപ്പടുക്കാൻ പരിശ്രമിച്ചു. സാധാരണ നിലയിൽ ജീവിച്ച ഒരാൾക്ക് മൂന്ന് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ കഴിഞ്ഞു. കേന്ദ്ര മന്ത്രിയായി. പത്തു വർഷം കെ.പി.സി.സി പ്രഡിന്റായി. കോൺഗ്രസ് പ്രവർത്തക സമതി അംഗമായി. ഇതിനൊക്കെ കോൺഗ്രസ് പാർട്ടിയും ജനങ്ങളും എന്നെ സഹായിച്ചു. ഞാൻ വളരെ സംതൃപ്തനാണ്.