Sorry, you need to enable JavaScript to visit this website.

വന്യജീവി സങ്കേതങ്ങളുടെ ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉണ്ടാകില്ല -യു.ഡി.എഫ് സ്ഥാനാർഥികൾ

കൽപറ്റയിൽ സംയുക്ത വാർത്താസമ്മേളനത്തിനു എത്തിയ യു.ഡി.എഫ് സ്ഥാനാർഥികളായ  ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, പി.കെ. ജയലക്ഷ്മി എന്നിവർ സൗഹൃദ സംഭാഷണത്തിൽ

കൽപറ്റ - നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനു ഭൂരിപക്ഷം ലഭിച്ചാൽ സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതി ലോല മേഖലയിൽനിന്നു ജനവാസ കേന്ദ്രങ്ങൾ പൂർണമായി ഒഴിവാക്കുന്നതിനു ശക്തമായി ഇടപെടുമെന്നു  മുന്നണി ബത്തേരി നിയോജക മണ്ഡലം സ്ഥാനാർഥിയും ഡിസിസി പ്രസിഡന്റുമായ  ഐ.സി.ബാലകൃഷ്ണൻ, കെ.പി.സി.സി വൈസ് പ്രസിഡന്റും കൽപറ്റ മണ്ഡലം സ്ഥാനാർഥിയുമായ ടി.സിദ്ദീഖ്, കെ.പി.സി.സി ജനറൽ സെക്രട്ടറിയും മാനന്തവാടി മണ്ഡലം സ്ഥാനാർഥിയുമായ പി.കെ.ജയലക്ഷ്മി എന്നിവർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. 


പരിസ്ഥിതി ലോല മേഖല വിഷയത്തിൽ എൽ.ഡി.എഫ് സർക്കാർ നിലപാട് ജനവിരുദ്ധമാണ്. ഇടതു സർക്കാരിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും പരിസ്ഥിതി ലോല മേഖല നിർണയിച്ചു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരടുവിജ്ഞാപനം പുറപ്പെടുപ്പിച്ചത്. ശക്തമായ ജനരോഷം ഉയർന്നിട്ടും കരടുവിജ്ഞാപനത്തിൽ മാറ്റം വരുത്തണമെന്നു കേന്ദ്രത്തോടു ആവശ്യപ്പെടാൻ സർക്കാർ തയാറായില്ല. 


യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വയനാടിന്റെ വികസന സ്വപ്‌നങ്ങൾ സമയബന്ധിതമായി യാഥാർഥ്യമാക്കും. മെഡിക്കൽ കോളേജ്, റെയിൽവേ വിഷയങ്ങളിൽ സർക്കാർ ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. ഭരണം അവസാനിക്കാറായപ്പോൾ ജില്ലാ ആശുപത്രിയെ  താത്കാലികമായി മെഡിക്കൽ കോളേജായി ഉയർത്തി ഉത്തരവിറക്കിയത് തട്ടിപ്പാണ്. ഒരു സൗകര്യവും ഒരുക്കാതെ ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റി സ്ഥാപിക്കുക മാത്രമാണ് സർക്കാർ ചെയ്തത്. യു.ഡി.എഫ് ഭരണത്തിലെത്തിയാൽ യോജിച്ച സ്ഥലം കണ്ടെത്തി മെഡിക്കൽ കോളേജ് സ്ഥാപിക്കും. നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽ പദ്ധതി അട്ടിമറിച്ചതു ഇടതു സർക്കാരാണ്.
ആവശ്യമായ പണം ഡി.എം.ആർ.സിക്കു നൽകാതെ പദ്ധതിയുടെ സർവേ ജോലികൾ  തടസ്സപ്പെടുത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. തലശ്ശേരി-മൈസൂരു റെയിൽ പദ്ധതിയും എങ്ങുമെത്തിയില്ല. ഈ ദുരവസ്ഥയ്ക്കു യു.ഡി.എഫ് പരിഹാരം കാണും. 


ജില്ലയിലെ വനാതിർത്തി ഗ്രാമങ്ങളെ വന്യജീവി ശല്യത്തിൽനിന്നു രക്ഷിക്കാൻ പദ്ധതികൾ നടപ്പിലാക്കും. എയർ സ്ട്രിപ്പും ചുരം ബദൽ പാതയും ബൈപാസും യാഥാർഥ്യമാക്കും. കാർഷിക മേഖലയുടെ സംരക്ഷണത്തിനും സ്ത്രീ ശക്തീകരണത്തിനും നടപടികൾ ഉണ്ടാകുമെന്നും സ്ഥാനാർഥികൾ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.പി.എ.കരീം, കൺവീനർ എൻ.ഡി.അപ്പച്ചൻ, കൽപറ്റ നിയോജക മണ്ഡലം ചെയർമാൻ റസാഖ് കൽപറ്റ, ഡി.സി.സി വൈസ് പ്രസിഡന്റ് എം.എ.ജോസഫ്, ജനറൽ സെക്രട്ടറി ബിനു തോമസ്, എ.ഐ.സി.സി നിരീക്ഷകരായ വെറോണിക്ക കോർനേലിയോ, യു.ടി.ഖാദർ, കാന്ത നായ്ക് എന്നിവരും പങ്കെടുത്തു. 
 

Latest News