Sorry, you need to enable JavaScript to visit this website.

തിരൂരങ്ങാടിയിൽ ലീഗിന് അഭിമാന പോരാട്ടം

തിരൂരങ്ങാടിയിൽ കെ.പി.എ. മജീദ്  തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ. 
നിയാസ് പുളിക്കലകത്ത് വോട്ട്  തേടുന്നു.

തിരൂരങ്ങാടി- മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് മൽസരിക്കുന്ന മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിൽ ലീഗിന് അഭിമാന പോരാട്ടം. 
തെരഞ്ഞെടുപ്പിൽ ഒരിക്കൽ പോലും യു.ഡി.എഫിനെ കൈവിട്ടിട്ടില്ലാത്ത തിരൂരങ്ങാടിയിൽ ഇത്തവണ ഇടതുമുന്നണി അട്ടിമറി വിജയത്തിനായി കച്ച മുറുക്കിയതോടെ മുസ്‌ലിം ലീഗ് നേതൃത്വത്തിന് ആശങ്ക വർധിച്ചിട്ടുണ്ട്. മണ്ഡലത്തിൽ ഇടതുപക്ഷം വിജയിച്ചാൽ അത് ലീഗ് നേതൃത്വത്തിന് കനത്ത തിരിച്ചടിയാകും. പാർട്ടിക്കുള്ളിലും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കും. 


ഇരുമുന്നണികളിലും രാഷ്ട്രീയ നാടകങ്ങൾക്ക് ശേഷമാണ് ഇത്തവണ തിരൂരങ്ങാടിയിൽ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചത്. ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ഇടതുമുന്നണിയിലെ സി.പി.ഐ ആണ്. സി.പി.ഐ നേതാവ് അജിത് കൊളാടിയായിരുന്നു ആദ്യം സ്ഥാനാർഥി. എന്നാൽ പിന്നീട് മുസ്‌ലിം ലീഗ് സ്ഥാനാർഥി കെ.പി.എ മജീദ് ആണെന്നറിഞ്ഞതോടെ ഇടതുമുന്നണി ചുവട് മാറ്റി. മജീദിന്റെ പേര് ലീഗ് ആദ്യം തിരൂരങ്ങാടിയിലേക്ക് പരിഗണിച്ചിരുന്നില്ല. പാർട്ടി നേതാക്കളായ പി.എം.എ. സലാം, സി.പി.ബാവ ഹാജി എന്നിവരുടെ പേരുകൾ സജീവ പരിഗണനയിൽ വരികയും ചെയ്തിരുന്നു. എന്നാൽ മണ്ഡലത്തിലെ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും അമ്പരപ്പിച്ച് കെ.പി.എ. മജീദിന് സീറ്റ് നൽകുകയായിരുന്നു. 
ഇതേത്തുടർന്ന് കടുത്ത പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉയരുകയും പി.എം.എ സലാം വിമതനായി മൽസരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. കെ.പി.എ മജീദിനെ മാറ്റാൻ തയ്യാറാകാതിരുന്ന ലീഗ് നേതൃത്വം പി.എം.എ സലാമിന് മജീദ് വഹിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല നൽകിയാണ് ഭിന്നതകളെ താൽക്കാലികമായി പരിഹരിച്ചത്. ബാവ ഹാജിയെയും നേതൃത്വം ചർച്ചകളിലൂടെ അനുനയിപ്പിച്ചു.


കെ.പി.എ മജീദിനെതിരെ മുസ്‌ലിം ലീഗിൽ എതിർപ്പ് ശക്തമാണെന്നറിഞ്ഞതോടെ ഇടതുമുന്നണി സ്ഥാനാർഥിയെ മാറ്റുകയായിരുന്നു. അജിത് കൊളാടിക്ക് പകരം നിയാസ് പുളിക്കലകത്തിനെ സ്ഥാനാർഥിയാക്കി. 
സിഡ്‌കോ ചെയർമാനായ നിയാസിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ നടത്തിയ മികച്ച പ്രകടനം ഇത്തവണയും ആവർത്തിക്കാനാകുമെന്നും ലീഗിലെ ഭിന്നത മുതലെടുത്ത് മണ്ഡലം പിടിക്കാനാകുമെന്നുമാണ് ഇടതുമുന്നണി കണക്കു കൂട്ടുന്നത്. ഇത്തവണ വെല്ലുവിളികൾ ഏറെയാണെന്ന് തിരിച്ചറിഞ്ഞതോടെ മണ്ഡലത്തിൽ മുസ്‌ലിം ലീഗ് സജീവമായ പ്രചാരമാണ് നടത്തുന്നത്. 
ഒരു കാലത്ത് ഏത് ലീഗ് നേതാവിനും വലിയ ഭൂരിപക്ഷത്തോടെ അനായാസം ജയിക്കാൻ കഴിയുമായിരുന്ന തിരൂരങ്ങാടിയിൽ ഇത്തവണ മൽസരം കടുത്തതായി മാറുകയാണ്. 


പാർട്ടിയിലെ ഭിന്നതകൾ വോട്ടിംഗിൽ പ്രതിഫലിക്കില്ലെന്ന് ഉറപ്പാക്കാൻ മുസ്‌ലിംലീഗ് നേതൃത്വം പ്രാദേശിക കമ്മിറ്റികളെ പരമാവധി വിശ്വാസത്തിലെടുത്താണ് മുന്നോട്ടു പോകുന്നത്. ഇടതുപക്ഷമാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിയാസിന് ലഭിച്ച പിന്തുണ ഉറപ്പാക്കിയും സ്ഥാനാർഥിയുടെ വ്യക്തിപരമായ ബന്ധങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയും മണ്ഡലം പിടിച്ചടക്കാനുള്ള തന്ത്രങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ തവണ നിയാസ് പുളിക്കലകത്ത് മുസ്‌ലിം ലീഗിലെ പി.കെ.അബ്ദുറബ്ബിനോട് പരാജയപ്പെട്ടത് 6043 വോട്ടുകൾക്കായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ഗീതാമാധവന് ലഭിച്ചത് 8046 വോട്ടുകളാണ്. ഇത്തവണ ബി.ജെ.പി.ക്ക് വേണ്ടി മൽസരിക്കുന്ന കള്ളിയത്ത് സത്താർ ഹാജി കൂടുതൽ വോട്ടുകൾ പിടിക്കുമെന്ന ആശങ്കയും മുസ്‌ലിം ലീഗിനെ അലട്ടുന്നുണ്ട്. കഴിഞ്ഞ തവണ മൽസര രംഗത്തുണ്ടായിരുന്ന വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി എന്നിവർക്ക് ഇത്തവണ സ്ഥാനാർഥികളില്ല. അബ്ദുൾ മജീദ് പനക്കൽ (ബി.എസ്.പി), മൂസ ജമാറത്തിങ്ങൽ (സ്വരാജ് ഇന്ത്യ), അബ്ദുറഹീം നഹ (സ്വതന്ത്രൻ), ചന്ദ്രൻ (സ്വതന്ത്രൻ), നിയാസ് (സ്വതന്ത്രൻ) എന്നിവരാണ് മൽസര രംഗത്തുള്ള മറ്റു സ്ഥാനാർഥികൾ.

 

Latest News