കോട്ടയം - പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി മുംബൈ ആസ്ഥാനമായ മാധ്യമ പ്രവര്‍ത്തകന്‍ വിദുത് കുമാറും, ബിസിനസുകാരനായ ദിനേശ് മേനോനും രംഗത്ത്. കാപ്പന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബാങ്ക് വായ്പയും ജപ്തിയും അടക്കമുളള സുപ്രധാന വിവരങ്ങള്‍ മറച്ചുവച്ചുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച രേഖകള്‍ ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കി.
2010 ല്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഷെയര്‍ നല്‍കാമെന്ന് പറഞ്ഞു മൂന്നര കോടി രൂപ വാങ്ങിയെന്നാണ് ദിനേശിന്റെ ഒരു ആരോപണം ഇതില്‍ 25 ലക്ഷം മടക്കി തന്നു ബാക്കി മൂന്നേകാല്‍ കോടി രൂപ കിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐക്കും ഇതര അന്വേഷണ ഏജന്‍സികള്‍ക്കും പരാതി നല്‍കിയതായി ദിനേശ് പറഞ്ഞു. കാപ്പന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങി. മാണി സി. കാപ്പന്‍ തട്ടിപ്പുകാരാനാണെന്ന് പാലായിലെ ജനങ്ങള്‍ മനസിലാക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഈ വിവരങ്ങള്‍ അറിയിക്കുന്നതെന്നു ദിനേശ് വെളിപ്പെടുത്തി. മാണി സി. കാപ്പന്റെ സ്വത്തുവകകളെയും ചെക്ക് ഇടപാടുകളെയുംകുറിച്ച് നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
അഞ്ചു ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയ കാപ്പനെതിരെയുളള ഏഴ് കേസുകള്‍ ഇനിയും കോടതി തീര്‍പ്പാക്കിയിട്ടില്ല. ഇതില്‍ അഞ്ചു കേസുകളില്‍ ജാമ്യമെടുത്തിട്ടുണ്ട്. എറണാകുളം മജിസ്ട്രേട്ട് കോടതിയില്‍ ഐ.പി.സി 420 വകുപ്പ് പ്രകാരം കുറ്റകരമായ വിശ്വാസലംഘനത്തിന് വഞ്ചനാ കേസ് ഫയല്‍ ചെയ്തതായും ദിനേശ് മേനോന്‍ അറിയിച്ചു. മടങ്ങിയ ചെക്ക് കേസുകളിലെ മാത്രം ബാധ്യത 4.17 കോടിരൂപയാണ്.
അലഹബാദ് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പദ്ധതി രേഖകള്‍ സമര്‍പ്പിച്ച് 7.71 കോടി രൂപ വായ്പ നല്‍കിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും മേനോന്‍ അറിയിച്ചു. അലഹബാദ് ബാങ്ക് ഡയറക്ടര്‍മാര്‍, മാണി സി. കാപ്പന്‍, ചെറിയാന്‍ മാണി കാപ്പന്‍, ആലീസ് മാണി കാപ്പന്‍ എന്നിവര്‍ക്കെതിരെയാണ് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ മറികടന്ന് വായ്പ നേടിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. സുതാര്യവും സത്യസന്ധവുമായ പശ്ചാത്തലമില്ലാത്ത സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജനാധിപത്യത്തെ അപകടപ്പെടുത്തുമെന്നതിനാലാണ് തങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.
പതിനായിരം രൂപയുടെ വ്യാജ വാഗ്ദാന പത്രത്തിന്റെ മറവിലാണ് അലഹബാദ് ബാങ്കില്‍ നിന്നു മേഘാലയയിലെ പാട്ടഭൂമിക്കായി 7.7 കോടി രൂപ 2010 ല്‍ വായ്പ സംഘടിപ്പിച്ചത്. പ്രസ്തുത ഭൂമിയുടെ ഇപ്പോഴത്തെ ബാധ്യത 18 കോടി രൂപയാണ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഇതു സംബന്ധിച്ച് പരാമര്‍ശിച്ചിട്ടേയില്ല. വായ്പ തുക തിരിച്ചടക്കാതിരുന്നതിനെ തുടര്‍ന്ന് അലഹബാദ് ബാങ്ക് കാപ്പന്റെ വസ്തുക്കള്‍ ജപ്തി ചെയ്യുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. 2005ലാണ് ഇതുസംബന്ധിച്ച നടപടി തുടങ്ങിയത്. ഇക്കാര്യവും സത്യവാങ്മൂലത്തില്‍ ചൂണ്ടികാട്ടിയിട്ടില്ല. ഇത്തരം വിവരങ്ങള്‍ വോട്ടര്‍മാരില്‍നിന്നു മറച്ചുവെക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്.