Sorry, you need to enable JavaScript to visit this website.

സൗദിവൽക്കരണം: വ്യാപാരസ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും

റിയാദ് - സൗദിവൽക്കരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ പരിശോധനാ വിഭാഗം മന്ത്രാലയ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനകളും അന്വേഷണങ്ങളും നടത്താൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർക്ക് തൊഴിൽ നിയമത്തിലെ 198-ാം വകുപ്പ് അവകാശം നൽകുന്നുണ്ട്. 
ഇതിന്റെ അടിസ്ഥാനത്തിൽ, സൗദിവൽക്കരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആവശ്യമെങ്കിൽ ഉദ്യോഗസ്ഥർക്ക് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാവുന്നതാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ പറഞ്ഞു. എഴുപതു ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കിയ വ്യാപാര സ്ഥാപനങ്ങളിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനക്കെത്തുന്ന സമയത്ത് താൽക്കാലികമായി സൗദി ജീവനക്കാരൻ സ്ഥലത്തില്ല എന്ന് തൊഴിലുടമ വാദിക്കുന്നതു പോലെയുള്ള സാഹചര്യങ്ങളിൽ സൗദിവൽക്കരണം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറകൾ റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാവുന്നതാണ്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്ന പക്ഷം അക്കാര്യം പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥനെ സ്ഥാപനം അനുവദിക്കാത്ത സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥന്റെ കണക്കുകൂട്ടലുകൾക്കും പരിശോധനക്കിടെ കണ്ടെത്തിയ കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ നിയമ ലംഘനം രേഖപ്പെടുത്താവുന്നതാണെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കി. 

Latest News