റിയാദ് - മേഖലയിൽ അരാജകത്വം വ്യാപിപ്പിക്കാനും മേഖലാ, അന്തർദേശീയ സുരക്ഷയെ ദുർബലപ്പെടുത്താനുമുള്ള സൈനിക അജണ്ട നടപ്പാക്കുന്നതിന് ഇറാൻ നിർദേശാനുസരണം ഹൂത്തികൾ തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം പറഞ്ഞു. സൗദി സമാധാന പദ്ധതി പ്രഖ്യാപിച്ച ശേഷവും യെമൻ സംഘർഷം അവസാനിപ്പിക്കാൻ നടത്തുന്ന രാഷ്ട്രീയ ശ്രമങ്ങൾ നിരാകരിച്ചാണ് ഹൂത്തികൾ ആക്രമണങ്ങൾ തുടരുന്നത്. ഊർജ സുരക്ഷയും എണ്ണ വിതരണ, കയറ്റുമതി, അന്താരാഷ്ട്ര വ്യാപാരം എന്നിവയുടെ സ്ഥിരതയും സംരക്ഷിക്കുന്ന രീതിയിൽ ആർജിത നേട്ടങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സൗദി അറേബ്യ സ്വീകരിക്കും.
ജിസാൻ ഇന്ധന വിതരണ ടെർമിനലിനു നേരെയുണ്ടായതു പോലെ, സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്താനുള്ള ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകളുടെ നിരന്തര ശ്രമങ്ങളെ മന്ത്രിസഭ അപലപിച്ചു. തന്ത്രപ്രധാന കേന്ദ്രങ്ങൾക്കു നേരെ നടത്തുന്ന ഇത്തരം ആക്രമണങ്ങളിലൂടെ സൗദി അറേബ്യയെ മാത്രമല്ല, മറിച്ച് ആഗോള സമ്പദ്‌വ്യവസ്ഥയുടെ നാഡീവ്യൂഹത്തെയും കയറ്റുമതി സുരക്ഷയെയും എണ്ണ വിതരണ സുരക്ഷയെയും സമുദ്ര ഗതാഗതത്തെയുമാണ് ലക്ഷ്യമിടുന്നത്.
സൂയസ് കനാലിലെ ഗതാഗതം, സമുദ്രവ്യാപാരം, ആഗോള വിതരണ ശൃംഖല എന്നിവയുടെ ഒഴുക്ക് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് സൗദി അറേബ്യയുടെ പിന്തുണ മന്ത്രിസഭാ യോഗം ആവർത്തിച്ചു. സൂയസ് കനാലിൽ ഉറച്ച ചരക്കു കപ്പൽ വിജയകരമായി നീക്കി അന്താരാഷ്ട്ര സമുദ്ര ഗതാഗതം സാധാരണ ഗതിയിലേക്ക് പുനഃസ്ഥാപിച്ചതിൽ ഈജിപ്തിനെ സൗദി മന്ത്രിസഭ അഭിനന്ദിച്ചു.