കോഴിക്കോട്- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. പിണറായി സര്‍ക്കാരിനെതിരേ തൊടുത്തുവിട്ട അഴിമതിയാരോപണങ്ങള്‍ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാര്‍ഥ ഹീറോയെന്ന് ചെന്നിത്തലയെ ചൂണ്ടിക്കാട്ടി ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. ചെന്നിത്തല സര്‍ക്കാരിനെതിരെ ഉന്നയിച്ച 12 ആരോപണങ്ങള്‍ പങ്കുവെച്ചായിരുന്നു ജോയ് മാത്യുവിന്റെ പരാമര്‍ശം. ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാരിനെ തിരുത്തിയെന്നും ജോയ് മാത്യു പറയുന്നു. അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്ത്താനും ഭാവി ലാഭങ്ങള്‍ ലഭിക്കാനുമായി അയാളെ കമാന്‍ഡറോ ക്യപ്റ്റനോ അതുമല്ലെങ്കില്‍ ജനറലോ ആക്കാം .എന്നാല്‍ തൊടുത്തുവിട്ട അഴിമതിയാരോപണങ്ങള്‍ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാര്‍ഥ ഹീറോ.. ജോയ് മാത്യു ചോദിക്കുന്നു.
കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ കൊണ്ടുവന്ന പല ആരോപണങ്ങളും സ്വന്തം പാര്‍ട്ടിയുടെതന്നെ പിന്തുണയില്ലാതെ വെറും ആരോപണങ്ങളായി മാത്രം ഒടുങ്ങിയപ്പോള്‍ രമേശ് ചെന്നിത്തല ഉന്നയിച്ച വസ്തുതാപരമായ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടപ്പെടുകയും അതില്‍ നിന്നും ഗവര്‍മ്മെന്റിനു പിന്തിയേണ്ടിവന്നതും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഒരു റെക്കോര്‍ഡ് വിജയമായി വേണം കരുതാന്‍.ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാരിനെ തിരുത്തുകയും ജനങ്ങളെ ബോധ്യപ്പെടുത്തിയതുമായ കാര്യങ്ങള്‍ പോസ്റ്റില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ലോക വായനാദിനത്തില്‍ താന്‍ ദിവസവും രണ്ടുപുസ്തകങ്ങള്‍ വായിക്കാറുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെ പുസ്തകം കൈകൊണ്ട് തൊടാത്തവര്‍ പരിഹസിച്ചു ട്രോളിറക്കി .ഇപ്പോള്‍ എനിക്കും ബോധ്യമായി ഒന്നില്‍കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചാലുള്ള ഗുണങ്ങള്‍.യഥാര്‍ത്ഥത്തില്‍ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.