ദമാം - ഇന്ത്യൻ സ്‌കൂൾ ഭരണസമിതി രൂപീകരണത്തിന് പുതിയ മാനദണ്ഡങ്ങൾ പ്രിൻസിപ്പൽ മെഹ്‌നാസ് ഫരീദ് കഴിഞ്ഞ ദിവസം സർക്കുലറിലൂടെ പുറത്തിറക്കി.
സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയമങ്ങൾക്കു അനുസൃതമായി, പ്രതിഫലം പ്രതീക്ഷിക്കാതെ പ്രവർത്തിക്കാൻ സന്നദ്ധരായ മാതാപിതാക്കൾ ആയിരിക്കണം പുതിയ മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് അപേക്ഷിക്കേണ്ടതെന്ന് സർക്കുലറിൽ പറയുന്നു. ഏഴ് അംഗങ്ങൾ അടങ്ങുന്ന കമ്മിറ്റിയിൽ ഒരു വനിതയെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. മൂന്നു വർഷമായിരിക്കുമെന്നും കമ്മിറ്റിയുടെ കാലാവധി.
പുതിയ ഭരണസമിതിയിൽ അംഗങ്ങളാവാൻ താൽപര്യമുള്ള മാതാപിതാക്കൾക്ക് അപേക്ഷാ ഫോം സ്‌കൂൾ അഡ്മിനിസ്‌ട്രേഷൻ ഓഫീസിൽനിന്ന് വാങ്ങാവുന്നതാണ്. നാളെ രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു മണി വരെയാണ് അപേക്ഷ വാങ്ങാനുള്ള സമയം. അപേക്ഷകർ ഒരു വർഷമായി സ്‌കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥിയുടെ രക്ഷിതാവായിരിക്കണമെന്നും മാർച്ച് 2021 വരെയുള്ള ഫീസ് അടച്ചിരിക്കണമെന്നും സർക്കുലറിൽ അനുശാസിക്കുന്നു.
കാലാവധിയുള്ള ഇഖാമ, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം എന്നിവയാണ് അടിസ്ഥാന യോഗ്യത. ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മുൻഗണ ലഭിക്കും. അപേക്ഷകന്റെ സർട്ടിഫിക്കറ്റ്, മാനവ വിഭവശേഷി വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നും അറ്റസ്റ്റ് ചെയ്തിരിക്കണം.
ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ളവരുടെ അപേക്ഷ പരിഗണിക്കുന്നതല്ലെന്നും നോംസിൽ പറയുന്നു. കൂടാതെ, അപേക്ഷകൻ സ്‌കൂൾ ഉദ്യോഗാർഥിയോ ഉദ്യോഗാർഥിയുടെ ഭർത്താവോ ഭാര്യയോ ആകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. മുൻ സ്‌കൂൾ ഉദ്യോഗസ്ഥർക്കും മറ്റേതെങ്കിലും സ്‌കൂളിലെ മാനേജ്മന്റ് കമ്മിറ്റി അംഗങ്ങൾക്കും അപേക്ഷിക്കാൻ പാടില്ല. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എം.ഡി, ജനറൽ മാനേജർ, സി.ഇ.ഒ തുടങ്ങി ഉത്തരവാദപ്പെട്ടവരിൽ നിന്നും ചേംബർ ഓഫ് കൊമേഴ്‌സിൽ നിന്നും സാക്ഷ്യപ്പെടുത്തിയ എൻ.ഒ.സി ലഭ്യമാക്കണമെന്നും സർക്കുലറിൽ പറയുന്നു. കൂടാതെ, അപേക്ഷയോടൊപ്പം പ്രതിമാസം 8,000 റിയാൽ ശമ്പളം ലഭിക്കുന്നുവെന്ന സാലറി സർട്ടിഫിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സിൽ അറ്റസ്റ്റ് ചെയ്ത് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ടെന്നും സർക്കുലർ വ്യക്തമാക്കുന്നു. അപേക്ഷകൻ അൽകോബാർ, ദമാം മേഖലയിൽ താമസിക്കണമെന്നും നോംസിൽ പറയുന്നു.
അതേസമയം, പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിന് അംഗങ്ങളാവാൻ യോഗ്യതയും അപേക്ഷ നൽകുവാനുള്ള മാനദണ്ഡങ്ങളും പുറത്തിറക്കിയെങ്കിലും രക്ഷിതാക്കൾ വോട്ടെടുപ്പിലൂടെ ഭരണസമിതി രൂപീകരിക്കുമോ എന്നത് അവ്യക്തമാണ്. കഴിഞ്ഞ അഞ്ചു ദിവസം മുമ്പ് പുറത്തിറക്കിയ സർക്കുലർ പൊതു സമൂഹത്തിന് അറിയുന്നതിന് മാധ്യമങ്ങൾക്ക് പോലും ഇതുവരെ നൽകിയിട്ടില്ല. സ്‌കൂൾ വെബ്‌സൈറ്റിൽ മാത്രമാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.