കോട്ടയം- ഭാവിയിൽ ബിജെപിയുമായി പാലമിടാനാണ് ജോസ് കെ മാണി ലൗ ജിഹാദ് വിഷയം ഉയർത്തിയതെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. മാണി സി കാപ്പനും അത് തള്ളിക്കളയുന്നില്ലല്ലോ എന്ന ചോദ്യത്തിന് ഹസൻ വ്യക്തമായി പ്രതികരിച്ചില്ല. ജോസ് കെ മാണി ഇത് ബോധപൂർവം ഉന്നയിച്ചതാണെന്ന് ഹസൻ ആവർത്തിച്ചു. കേരളത്തിൽ അത്തരമൊരു സംഭവമില്ല. ക്രിസ്ത്യൻ സഭകളുമായി ചർച്ച നടത്തി അവരുടെ ആശങ്ക ദൂരീകരിച്ചു.
ആബ്‌സന്റീ വോട്ട് എന്ന പേരിൽ വീടുകളിലെത്തി ചെയ്യിക്കുന്ന തപാൽ വോട്ടിൽ കൃത്രിമം നടക്കുന്നു. വീടുകളിൽ ചെയ്യുന്ന വോട്ടുകളുടെ രഹസ്യ സ്വഭാവം നിലനിർത്താൻ ബോക്‌സിൽ സൂക്ഷിക്കണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പലപ്പോഴും ബിഎൽഒമാരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പാലിക്കാതെ സുതാര്യമല്ലാത്ത രീതിയിലാണ് ഇത് ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടു ചെയ്യാൻ ഗൂഢാലോചന നടക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അന്വേഷിക്കണം. 10 ലക്ഷം കള്ളവോട്ട് ഉണ്ടെന്നാണ് യു ഡി എഫിന്റെ കണക്ക്. 4 ലക്ഷത്തോളം കൃത്യമായി കണ്ടെത്തി. ഇരട്ട വോട്ടുകൾ വന്നതിൽ ഗൂഢാലോചന അന്വേഷിക്കണം. ഇതിന്റെ ബലത്തിലാണ് ഉറപ്പാണ് എൽ ഡി എഫ് എന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്. കള്ള വോട്ട് നടത്തുന്നവർക്കെതിരെയും ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കണം.
തുടർ ഭരണം അവകാശപ്പെടാൻ ഇടതുപക്ഷത്തിന് അവകാശമില്ല. ഓരോ ദിവസവും അഴിമതി സംബന്ധിച്ച വെളിപ്പെടുത്തലാണ് വരുന്നത്. കേന്ദ്ര ഏജൻസികൾക്കെതിരെ കേസെടുക്കാൻ സംസ്ഥാനത്തിന് എവിടെ നിന്നാണ് അധികാരം. കള്ളൻമാരെ സംരക്ഷിക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ചരിത്രത്തിൽ ആദ്യം.
ഏത് കേന്ദ്ര ഏജൻസിയും അന്വേഷിച്ചോട്ടെ എന്ന് പറഞ്ഞിട്ട് അന്വേഷണം മുഖ്യമന്ത്രിയിലേക്കും സ്പീക്കറിലേക്കും എത്തിയപ്പോൾ നിലപാട് മാറ്റി. നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ ദൽഹിയിൽ വെച്ച് സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്.
എംപി ആയിരുന്ന ജോയ്‌സ് ജോർജ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശം സംസ്‌കാര ശൂന്യതയാണ്. മാപ്പു പറഞ്ഞാൽ തീരുന്നതല്ല പ്രശ്‌നം. നിയമ നടപടി തുടരും. എട്ടു മാസം കുട്ടികൾക്ക് അരി നൽകിയില്ല. ഇപ്പോൾ അരി കൊടുക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ്. എട്ടു മാസം അരി വിതരണം ചെയ്യാതെ പൂഴ്ത്തി വെച്ച ഭക്ഷ്യ വകുപ്പ് മന്ത്രിക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്. സൗജന്യ അരിവിതരണം അട്ടിമറിച്ചവരാണ് ഇടതുപക്ഷം. ഇലക്ഷൻ സർവേകൾ എല്ലാം പെയ്ഡാണ്. ജനഹിതമല്ല സർവേകളിൽ പ്രതിഫലിക്കുന്നത്. മാധ്യമങ്ങൾക്ക് സർക്കാർ നൽകിയ സഹായത്തിനുള്ള പ്രതിഫലമാണ് സർവേ ഫലങ്ങൾ. കൗശലക്കാരനായ കൈനോട്ടക്കാരന്റെ റോളാണ് മാധ്യമങ്ങൾ ചെയ്യുന്നത്.