സഹതടവുകാരന്റെ മകന്റെ ചികിത്സക്കായി പിരിച്ചുനൽകിയത് രണ്ടുലക്ഷത്തോളം രൂപ
തൃശൂർ- കള്ളനും കൊലപാതകിയും പിടിച്ചുപറിക്കാരനും പീഡക വീരൻമാരും തുടങ്ങി സമൂഹം അവജ്ഞയോടെ കാണുന്നവർ കഴിയുന്ന ജയിലിലുമുണ്ട് നൻമ വറ്റിയിട്ടില്ലാത്ത മനസുകൾ. വിയ്യൂർ ജയിലിലെ ജയിൽ അഴികൾക്കുള്ളിൽ കാരുണ്യത്തിന്റെ കരങ്ങൾ അസ്വാതന്ത്ര്യങ്ങളില്ലാതെ ഒഴുകിയെത്തി. സഹതടവുകാരന്റെ അസുഖബാധിതനായ മകന്റെ ചികിത്സക്കായി മറ്റു തടവുകാർ സ്വരൂപിച്ച സഹായനിധി മന്ത്രി വി.എസ്. സുനിൽകുമാറിന് കൈമാറിയപ്പോൾ അത് വിയ്യൂർ സെൻട്രൽ ജയിലിന്റെ ചരിത്രത്തിലെ നൻമനിറഞ്ഞ മറ്റൊരു മുഹൂർത്തമായി.
മസിൽ തകരാറുമൂലം ചികിത്സയിൽ കഴിയുന്ന ഗോഡ്‌വിൻ തോമസെന്ന ഒമ്പതുവയസുകാരന് വിയ്യൂർ ജയിലിലെ തടവുകാർ പിരിച്ചെടുത്ത് നൽകിയത് ഒരുലക്ഷത്തി എൺപതിനായിരം രൂപയാണ്.
അഞ്ഞൂറു രൂപ മുതൽ അയ്യായിരം രൂപവരെ തടവുകാർ ചികിത്സ സഹായനിധിയിലേക്ക് സംഭാവന നൽകി. ഗോഡ്‌വിൻ തോമസിന്റെ പിതാവ് ഇടുക്കി സ്വദേശി തോമസ് സെബാസ്റ്റിയൻ പോലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്.
ഇടുക്കി പോലീസ് സ്‌റ്റേഷനിൽ ഒരു കേസുമായി എത്തിയ തോമസ് സെബാസ്റ്റ്യന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനുമായുണ്ടായ തർക്കത്തെ തുടർന്നുണ്ടായ അടിപിടിക്കിടയിൽ പോലീസുകാരൻ മരണപ്പെടുകയായിരുന്നു. ജീവപര്യന്തം ശിക്ഷയാണ് തോമസ് സെബാസ്റ്റ്യൻ അനുഭവിക്കുന്നത്. ഇയാളുടെ രണ്ടു മക്കളിൽ മൂത്ത കുട്ടിയാണ് വെല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. 30 ലക്ഷം രൂപയാണ് മസിൽ മാറ്റിവെക്കൽ ചികിത്സക്കായി വേണ്ടത്.
ഇടുക്കിയിലുണ്ടായിരുന്ന സ്ഥലം ബാങ്കുകാർ ജപ്തി ചെയ്തു. ഭാര്യയുടെ പേരിൽ കൊരട്ടിയിലുള്ള മൂന്നു സെന്റ് സ്ഥലത്താണ് രോഗിയായ മകനൊപ്പം ഭാര്യയും മറ്റൊരു കുട്ടിയും ഇപ്പോൾ കഴിയുന്നത്. കൊരട്ടിയിലെ പള്ളിക്കമ്മിറ്റിയാണ് ഇവർക്കു വേണ്ട ആഹാരമടക്കമുള്ള സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കുന്നത്. മൂന്നുവർഷം തിരുവനന്തപുരം ജയിലിൽ ശിക്ഷ അനുഭവിച്ച ശേഷമാണ് തോമസ് സെബാസ്റ്റ്യൻ വിയ്യൂർ ജയിലിലെത്തുന്നത്. മകന്റെ ചികിത്സാ കാര്യം ജയിൽ സൂപ്രണ്ട് വിനോദിന്റെ ശ്രദ്ധയിൽപെടുത്തിയപ്പോൾ അദ്ദേഹം അക്കാര്യം ജയിൽ ഡി.ജി.പി ആർ. ശ്രീലേഖയോട് പറയുകയും തുടർന്ന് ഡി.ജി.പി പണം സ്വരൂപിക്കാൻ തടവുകാർക്ക് പ്രത്യേക അനുമതി നൽകുകയുമായിരുന്നു.
തടവുകാർ ജയിലിൽ പണിയെടുത്ത് കിട്ടുന്ന തുകയിൽനിന്നാണ് ചികിത്സാ സഹായ നിധിയിലേക്ക് തുക മാറ്റിവെച്ചത്. വൻതുക ചെലവുവരുന്ന ചികിത്സക്ക് തങ്ങൾ കഴിയുന്ന സഹായം ചെയ്യാമെന്ന് തടവുകാർ പറഞ്ഞതോടെയാണ് സൂപ്രണ്ട് ഡി.ജി.പിയോട് അനുവാദം തേടിയത്.