ഹൈദരാബാദ്- ഒമാന്‍ പൗരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പാക്കിസ്ഥാനി വിവാഹം ചെയ്ത ഇന്ത്യന്‍ വീട്ടമ്മക്ക് പാക്കിസ്ഥാനില്‍ ദുരിതം. ഹൈദരബാദ് സ്വദേശിനിയായ മുഹമ്മദി ബീഗത്തിന് ഇന്ത്യയിലേക്ക് മടങ്ങാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ട് പാസ്‌പോര്‍ട്ടും വിസയും ലഭ്യമാക്കിയെങ്കിലും ഇവരെ ഭര്‍ത്താവും വീട്ടുകാരും ലഹോറില്‍ തടഞ്ഞുവെച്ചിരിക്കയാണ്.
സുഷമ സ്വരാജ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ അധികൃതര്‍ 45 കാരി മുഹമ്മദി ബീഗത്തിന് ഇന്ത്യയിലേക്കുള്ള വിസ അനുവദിച്ചത്. ഇവര്‍ക്ക് ഇന്ത്യന്‍ അധികൃതര്‍ പുതിയ പാസ്‌പോര്‍ട്ട് നല്‍കുകയും ചെയ്തു.
കഴിഞ്ഞ മാസം ഒമ്പതിന് ഇഷ്യു ചെയ്ത വിസയുടെ കാലാവധി ഈ മാസം 16-ന് തീരാനിരിക്കയാണ്. ആറു ദിവസം മാത്രമാണ് ബാക്കി.
മുഹമ്മദി ബീഗത്തെ ഭര്‍ത്താവ് പീഡിപ്പിക്കുകയാണെന്നും ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കുന്നില്ലെന്നും ബീഗത്തിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. സുഷമ സ്വരാജിനുള്ള യുട്യൂബ് വീഡിയോയിലാണ് മാതാവ് ഹാജറ ബീഗം സങ്കടക്കഥ വിശദീകരിച്ചത്.
1996 ലാണ് മുഹമ്മദി ബീഗത്തെ മുഹമ്മദ് യൂനിസ് വിവാഹം ചെയ്തത്. ഒമാന്‍ പൗരനാണെന്നാണ് കുടുംബം വിശ്വസിപ്പിച്ചിരുന്നത്. ടെലിഫോണ്‍ വഴിയായിരുന്നു നിക്കാഹ്. തുടര്‍ന്ന് മുഹമ്മദി ബീഗം ഒമാനിലത്തി. അവിടെ വെച്ചാണ് താന്‍ പാക്കിസ്ഥാനിയാണെന്ന കാര്യം യൂനിസ് വെളിപ്പെടുത്തിയതും പിന്നീട് പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയതും.
അഞ്ചുമക്കളുള്ള ബീഗം പിന്നീട് ഭര്‍ത്താവിന്റെ പീഡനങ്ങളെ കുറിച്ച് യുട്യൂബിലൂടെ പരസ്യപ്പെടുത്തി. തുടര്‍ന്ന് എം.ബി.ടി നേതാവ് അംജദുല്ലാ ഖാന്‍ ഇവരുടെ ദുരിതങ്ങളെ കുറിച്ച് ഈ വര്‍ഷാദ്യം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെഴുതി. തുടര്‍ന്നാണ് വിഷയത്തില്‍ മന്ത്രി ഇടപെട്ടത്.
ബീഗത്തിന് ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് കുടംബം ആശ്വസിച്ചിരിക്കുമ്പോഴാണ് അനുവദിക്കില്ലെന്ന് ഭര്‍ത്താവ് യൂനിസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
അയാള്‍ ശാരീരികമായും മാനസികമായും എന്റെ മകളെ പീഡിപ്പിക്കുകയാണ്. വിമാന ടിക്കറ്റ് കൂടി നല്‍കി മകള്‍ക്ക് സുരക്ഷിതമായി വിമാനം കയറാന്‍ അവസരമൊരുക്കണമെന്നാണ് ഹാജറ ബീഗം വീഡിയോയില്‍ സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മകള്‍ ഇന്ത്യയിലെത്തിയെന്ന് മന്ത്രി ഉറപ്പുവരുത്തണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.