ഗാസ- ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരായ പ്രതിഷേധം പടരുന്നു. രണ്ടു ദിവസങ്ങളിലായി രണ്ടു ഫലസ്തീൻ പ്രക്ഷോഭ
കർ കൊല്ലപ്പെട്ടു.
മുഴുവൻ മുസ്‌ലിം രാജ്യങ്ങളും ട്രംപിന്റെ നടപടിക്കെതിരെ ഇന്നലെയും രംഗത്തെത്തി. ഇതിന് പുറമെ മറ്റ് രാജ്യങ്ങളും അമേരിക്കക്ക് പിന്തുണയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. സൗദി അറേബ്യ നേരത്തെ തന്നെ ഇക്കാര്യത്തിലുള്ള ശക്തമായ പ്രതിഷേധം ട്രംപിനെ അറിയിച്ചിരുന്നു.
അമേരിക്കയുടെ നടപടിക്കെതിരെ ഫലസ്തീനിലും പ്രതിഷേധം കനത്തു. ഇസ്രായിൽ സൈന്യത്തിന് നേരെ പലയിടത്തും പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പ്രതിഷേധവുമായി പതിനായിരങ്ങൾ ഇന്നലെയും തെരുവിലിറങ്ങി. അതിർത്തിയിലുടനീളം ടയറുകൾ കത്തിച്ചും ഇസ്രായിൽ സൈന്യത്തിന് നേരെ കല്ലെറിഞ്ഞും ഫലസ്തീനികൾ പ്രതിഷേധിച്ചു. മസ്ജിദുൽ അഖ്‌സയിൽനിന്ന് നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ഫലസ്തീനികൾ ജറൂസലം ഞങ്ങളുടേത്, ജറൂസലം ഞങ്ങളുടെ തലസ്ഥാനം എന്ന മുദ്രാവാക്യം വിളിച്ച് തെരുവ് കീഴടക്കി. പൊള്ളയായ വാഗ്ദാനങ്ങൾ ഇനി തങ്ങൾക്ക് വേണ്ടെന്നും കല്ലും തോക്കുമാണ് ആവശ്യമെന്നും പ്രതിഷേധക്കാർ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഹെബ്രോൺ, ബെത്‌ലഹേം, നബ്‌ലസ് എന്നിവിടങ്ങളിലെല്ലാം ഇസ്രായിൽ സൈന്യത്തിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പോലീസ് തിരിച്ച് കണ്ണീർവാതകം പ്രയോഗിച്ചു.
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ പള്ളികളിൽ നിന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങാൻ ആഹ്വാനമുണ്ടായി. 1987-93, 2000-2005 കാലഘട്ടത്തിലെ ഇൻതിഫാദക്കായി തെരുവിലിറങ്ങാനാണ് ഹമാസ് ആഹ്വാനം ചെയ്തത്. ആയിരക്കണക്കിന് ഫലസ്തീനികളും ആയിരത്തോളം ഇസ്രായിൽ സൈനികരും കൊല്ലപ്പെട്ട ഫലസ്തീൻ വിമോചന പോരാട്ടമായിരുന്നു ഇൻതിഫാദ.
അധിനിവേശ ജറൂസലമിൽ എംബസി സ്ഥാപിക്കുന്നവർ ആരായാലും അവർ ഫലസ്തീനികളുടെ ശത്രുവാണെന്ന് ഹമാസ് നേതാവ് ഫാത്തി ഹമദ് ഗാസയിൽ പറഞ്ഞു. ജറൂസലമിനെ ഇസ്രായിലിൽനിന്ന് മോചിപ്പിക്കുന്നത് വരെ ഇൻതിഫാദ പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഡോണൾഡ് ട്രംപിന്റെ നീക്കം മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുമെന്ന് ബ്രിട്ടൻ ആവർത്തിച്ചു. യു.എന്നിലെ ബ്രിട്ടന്റെ അംബാസഡർ മാത്യു റെയ്‌കോർഫാണ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയുടെ പ്രഖ്യാപനത്തെ തുടർന്ന് ഇന്നലെ ചേർന്ന ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിപരീത ഫലമാണ് ഇതുവഴി മേഖലയിൽ ഉണ്ടാകാൻ പോകുന്നതെന്ന് ഈജിപ്തിന്റെ യു.എൻ അംബാസഡറും അഭിപ്രായപ്പെട്ടു. ബ്രിട്ടൻ, ഫ്രാൻസ്, സ്വീഡൻ, ബൊളീവിയ, ഉറുഗ്വെ, ഇറ്റലി, സെനഗൽ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് പ്രത്യേക യോഗത്തിൽ പങ്കെടുത്തത്.
തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ചില ഏഷ്യൻ രാജ്യങ്ങളും അമേരിക്കൻ നീക്കത്തെ അപലപിച്ചു. ഇന്ത്യയും ട്രംപിന്റെ നീക്കത്തെ പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.