കൊല്ലം- പിണറായി സർക്കാറിനെ രൂക്ഷ വിമർശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യു.പിയിലെ ഹഥ്റാസ് കേസ് പോലെയാണ് വാളയാർ കേസ് സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
കേരളത്തിലെ അഴിമതിയെ കുറിച്ച് ചോദിക്കുമ്പോൾ ഒന്നുമറിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കുന്നത്. മുഖ്യമന്ത്രിക്ക് മറ്റെന്താണ് ജോലിയെന്ന് പ്രിയങ്ക ചോദിച്ചു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലായി. ആഴക്കടൽ മത്സ്യബന്ധന കരാറിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. മത്സ്യത്തൊഴിലാളികളുടെ സമ്പത്ത് 5,000 കോടിക്ക് വിൽക്കാനാണ് സർക്കാർ ശ്രമിച്ചത്. മുഖ്യമന്ത്രിയുെട മൂക്കിന് താഴെ നടക്കുന്ന കാര്യങ്ങളെപ്പറ്റി അദ്ദേഹം അറിയുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
സർക്കാറിന് ആവശ്യമുള്ളവരെ മാത്രം ജോലിക്ക് നിയമിച്ചു. കേന്ദ്രത്തെ പോലെ പി.ആർ ജോലിക്ക് വേണ്ടി എൽ.ഡി.എഫ് സർക്കാറും കോടികൾ ചെലവാക്കി. കൊലക്കേസ് പ്രതികളെ രക്ഷിക്കാനും ഇടത് സർക്കാർ ധാരാളം പണം ചെലവഴിച്ചു. സത്യസന്ധതയില്ലാത്ത സർക്കാരാണ് കേരളത്തിലുള്ളതെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
കോർപറേറ്റ് മാനിഫെസ്റ്റോയിലാണ് പിണറായി സർക്കാറിന് താൽപര്യം. കേരളത്തിന്‍റെ സമ്പത്ത് കോർപറേറ്റുകൾക്ക് വിൽക്കുന്നു. ഭാവിക്ക് വേണ്ടിയുള്ള പ്രകടനപത്രികയാണ് യു.ഡി.എഫ് അവതരിപ്പിച്ചത്. ഇടത് സർക്കാർ വിദേശത്തുള്ള സ്വർണത്തിന് പിന്നാലെയാണ്. ജനങ്ങളാണ് കേരളത്തിലെ യഥാർഥ സ്വർണമെന്നും പ്രിയങ്ക പറഞ്ഞു.
ലൗ ജിഹാദ് വിഷയത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലെയാണ് എൽ.ഡി.എഫ് നേതാവ് സംസാരിക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. കന്യാസ്ത്രീകളുടെ മതം ചോദിക്കാൻ ആരാണ് സംഘപരിവാറിനെ അധികാരം നൽകിയതെന്ന് പ്രിയങ്ക ചോദിച്ചു. തെരഞ്ഞെടുപ്പ് സമയമായതിനാലാണ് കന്യാസ്ത്രീകൾക്ക് നേരെ നടന്ന ആക്രമണത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളിപ്പറഞ്ഞതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.