ദോഹ- വ്യോമഗതാഗത രംഗത്ത് പുതിയ പ്രതീക്ഷ പകര്‍ന്ന് 140 കേന്ദ്രങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ് വേനല്‍കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.
ഒരു വര്‍ഷത്തിലേറെയായി യാത്ര ചെയ്യാനാവാതിരുന്ന വിദേശികളെ സന്തോഷഷിപ്പിക്കുന്ന വാര്‍ത്തയാണിത്. കോവിഡ് മഹാമാരി വിട്ടുമാറിയിട്ടില്ലെങ്കിലും സുരക്ഷിതമായ വാക്‌സിനുകള്‍ ലഭ്യമായത് യാത്രയുടെ പശ്ചാത്തലമൊരുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഉറ്റവരേയും ഉടയവരേയും കാണാനാവാതെ മാനസിക സംഘര്‍ഷങ്ങളില്‍ കഴിയുന്ന പതിനായിരങ്ങളുടെ മനസില്‍ കുളിര്‍മഴ പെയ്യിക്കുന്ന പ്രഖ്യാപനമാണ് ഖത്തര്‍ എയര്‍വേയ്‌സ് നടത്തിയിരിക്കുന്നത്.
വിശ്വസനീയമായ ആഗോള കണക്റ്റിവിറ്റി നല്‍കുന്ന മുന്‍നിര അന്താരാഷ്ട്ര കാരിയര്‍ എന്ന സ്ഥാനം നിലനിര്‍ത്തിയ ഖത്തര്‍ എയര്‍വേയ്സ് മഹാമാരിയുടെ കാലത്ത് മികച്ച സേവനമാണ് ചെയ്തത്. സുരക്ഷ, പുതുമ, ഉപഭോക്തൃ അനുഭവം എന്നിവയില്‍ ലോകത്തെ മുന്‍നിര എയര്‍ലൈനായി എയര്‍ലൈനായ ഖത്തര്‍ എയര്‍വേയ്‌സ് പഞ്ചനക്ഷത്ര പദവി നിലനിര്‍ത്തിയാണ് ജൈത്രയാത്ര തുടരുന്നത്.
ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് 140 ലധികം ഡെസ്റ്റിനേഷനുകളിലേക്കായി 1,200 പ്രതിവാര സര്‍വീസുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
2021 വേനല്‍ക്കാലത്തിന്റെ മധ്യത്തോടെ, ആഫ്രിക്കയില്‍ 23, അമേരിക്കയില്‍ 14, ഏഷ്യ-പസഫിക് 43, യൂറോപ്പില്‍ 43, മിഡില്‍ ഈസ്റ്റില്‍ 19 എന്നിവ ഉള്‍പ്പെടെ 140 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ശൃംഖല പുനര്‍നിര്‍മിക്കാനാണ് ഖത്തര്‍ എയര്‍വേയ്സ് പദ്ധതിയിടുന്നത്.