ആലപ്പുഴ-കായംകുളം നിയോജക മണ്ഡലം സ്ഥാനാർത്ഥി അരിതാ ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രിയങ്കഗാന്ധി നാളെ(ചൊവ്വ) കായംകുളത്ത് എത്തും. രാവിലെ 11 മണിക്ക് ചേപ്പാട് എൻടിപിസിയിൽ നിന്നും ഓച്ചിറ വരെ തുറന്ന ജീപ്പിൽ സ്ഥാനാർത്ഥിക്കൊപ്പം റോഡ് ഷോയിലാണ് പ്രിയങ്കഗാന്ധി പങ്കെടുക്കുന്നത്.ആയിരത്തിലധികം ബൈക്കുകൾ സ്ഥാനാർത്ഥിയുടെ വാഹനത്തിനു പിന്നിൽ അണി നിരക്കും. രാവിലെ 10.30 ന് തിരുവനന്തപുരത്തു നിന്നും എൻടിപിസി മൈതാനത്ത് ഹെലികോപ്റ്ററിലാണ് പ്രിയങ്കാഗാന്ധി വന്നിറങ്ങുന്നത്. ഇന്നലെ ഉദ്യോഗസ്ഥർ സുരക്ഷാ സംവിധനങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തി. കൊല്ലം,തിരുവന്തപുരം എന്നീ ജില്ലകളിൽ മാത്രമേ പ്രിയങ്കഗാന്ധി പങ്കെടുക്കൂകയുള്ളൂ എന്നാണ് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും പിന്നീട് കായംകുളം കൂടി ഉൾപ്പെടുത്തുകയായിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും റോഡ് ഷോയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് പ്രിയങ്കഗാന്ധി കായംകുളത്ത് എത്തുന്നത്. പ്രിയങ്കഗാന്ധിയുടെ വരവ് സ്ഥാനാർത്ഥിക്കും ഒപ്പം പ്രവർത്തകർക്കും ആവേശം തീർക്കും. കായംകുളത്തു നിന്നും കരുനാഗപ്പള്ളി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും പ്രിയങ്കഗാന്ധി പങ്കടുക്കും.