കോട്ടയം- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന് പരുക്ക്. വാരിയെല്ലിന് പരുക്കേറ്റ കണ്ണന്താനം പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളാവൂര്‍ പഞ്ചായത്തിലെ പര്യടന പരിപാടിക്കിടയിലാണ് കണ്ണന്താനത്തിന് പരുക്കേറ്റത്. തുറന്ന വാഹനത്തില്‍ സ്വീകരണ പരിപാടിക്ക് എത്തിയ അല്‍ഫോന്‍സ് കണ്ണന്താനം മണിമല കുളത്തുങ്കലില്‍ എത്തിയപ്പോള്‍ മാല ഇട്ട് സ്വീകരിക്കാനെത്തിയ കുട്ടിക്കായി പ്രചാരണ വാഹനത്തില്‍നിന്നുകൊണ്ട് വാഹനത്തില്‍ സ്ഥാപിച്ച തന്റെ ഫ്‌ളക്‌സ് ബോര്ഡില്‍ ഒരു കൈ ഊന്നി കുനിയുന്നതിനിടയില്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഒടിയുകയും നെഞ്ച് ശക്തിയായി വാഹനത്തിന്റെ ക്രോസ് ബാരിയറില്‍ ഇടിക്കുകയുമായിരുന്നു.വേദന വര്‍ധിച്ചതോടെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.പ്രചാരണം നടക്കുന്നതിനാല്‍ മാറി നില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ ബെല്‍റ്റ് ധരിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി കണ്ണന്താനം അറിയിച്ചു.