കൊല്ലം- കൊല്ലം ജില്ലയിലെ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടകളിലൊന്നാണ് ചടയമംഗലം നിയമസഭാ മണ്ഡലം. തെരഞ്ഞെടുപ്പിന് ഏഴു ദിവസം മാത്രം അവശേഷിക്കെ മണ്ഡലത്തില്‍ പോര് മുറുകുകയാണ്.
കൊട്ടാരക്കര താലൂക്കില്‍ ഉള്‍പ്പെടുന്ന ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കല്‍, കുമ്മിള്‍, നിലമേല്‍, വെളിനെല്ലൂര്‍ എന്നിവയും പത്തനാപുരം താലൂക്കിലെ അലയമണ്‍ എന്ന പഞ്ചായത്തും ചേര്‍ന്നതാണ് ചടയമംഗലം നിയമസഭാമണ്ഡലം.
2016 ലെ കണക്കനുസരിച്ച് ചടയമംഗലം മണ്ഡലത്തില്‍ ആകെ 192594 വോട്ടര്‍മാരാണുള്ളത്. അതില്‍ 89845 പുരുഷന്മാരും 102749 സ്ത്രീകളുമാണ്.
വെളിയം ഭാര്‍ഗവനില്‍ തുടങ്ങുന്നതാണ് ചടയമംഗലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം. ഏറ്റവും ഒടുവില്‍ മുല്ലക്കര രത്‌നാകരന്റെ ഹാട്രിക് വിജയം വരെ എത്തിനില്‍ക്കുമ്പോള്‍ ഇത്തവണ ചടയമംഗലത്തിന്റെ മനസ് ആര്‍ക്കൊപ്പമെന്നത് പ്രവചനാതീതമാണ്.
സി.പി.ഐയുടെ കുത്തക സീറ്റ് പിടിച്ചെടുക്കുന്നതിനായി തിരക്കിട്ട പ്രചാരണത്തിലാണ് യു.ഡി.എഫ്. എന്നാല്‍, ഇടതു കോട്ടയായ ചടയമംഗലത്ത് മറ്റൊരു മുന്നണിക്കും ഒരു വിള്ളലും ഉണ്ടാവില്ലെന്നും ജനവിധി തങ്ങള്‍ക്കൊപ്പം തന്നെയായിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍.ഡി.എഫ്. കേരളത്തില്‍ ആധിപത്യം ഉറപ്പാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി ശക്തമായ പോരാട്ടം നടത്തി മണ്ഡലത്തില്‍ സാന്നിദ്ധ്യം അറിയിക്കാനാണ് ശ്രമിക്കുന്നത്.
ചടയമംഗലം മണ്ഡലം രൂപീകരിച്ച ശേഷം 2001 ല്‍ ഒരിക്കല്‍ മാത്രമാണ് ചടയമംഗലം യു.ഡി.എഫിന് ലഭിച്ചത്. എല്‍.ഡി.എഫിന്റെ ഉറച്ച കോട്ട ഇത്തവണയും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് മുന്നണി. ജെ ചിഞ്ചുറാണിയാണ് എല്‍.ഡി.എഫ് ടിക്കറ്റില്‍ ഇത്തവണ മത്സരിക്കുന്നത്. ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ വന്‍തോതിലുള്ള പ്രതിഷേധങ്ങളാണ് ചടയമംഗലത്ത് ഉടലെടുത്തത്. എന്നാല്‍, പിന്നീട് ഇതെല്ലാം അവസാനിച്ചത് മുന്നണിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ചടയമംഗലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത് നാട്ടുകാരനായ എം.എം നസീറിനെയാണ്. മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോഴും വോട്ടര്‍മാര്‍ക്ക് പരിചിതനായ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയെന്നതാണ് തങ്ങളുടെ പ്രധാന നേട്ടമായി യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നത്. ചടയമംഗലം മണ്ഡലത്തിന് സ്വന്തമായി ഒരു താലൂക്ക് ആസ്ഥാനമെന്നതാണ് യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന പ്രധാന വാഗ്ദാനം.
മണ്ഡലത്തെ പ്രതിനിധീകരിച്ച സിറ്റിംഗ് എം.എല്‍.എ മുല്ലക്കര രത്നാകരന്‍ എടുത്തുപറയത്തക്ക ഒരു വികസനവും മണ്ഡലത്തില്‍ കൊണ്ടുവന്നിട്ടില്ലെന്നും യു.ഡി.എഫ് ആരോപിക്കുന്നു. കഴിഞ്ഞ കഴിഞ്ഞ 15 വര്‍ഷമായി മുല്ലക്കര രത്‌നാകരനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ലഭിച്ച വോട്ടിന്റെ ബലത്തിലാണ് ബി.ജെ.പി ഇത്തവണ പ്രചാരണത്തിനിറങ്ങിയിട്ടുള്ളത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനത്തിനെയാണ് ഇതേ ലക്ഷ്യവുമായി ബി.ജെ.പി കളത്തിലിറക്കിയിട്ടുള്ളത്.