തബൂക്ക് - തബൂക്കിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഇന്ത്യക്കാരന് ഗുരുതര പരിക്ക്. മൂന്നു നായ്ക്കൾ ചേർന്നാണ് തന്നെ ആക്രമിച്ചതെന്ന് ഈമാൻ അൽഹുസൈൻ പറഞ്ഞു. കടിച്ചുകീറാൻ ഓടിയണഞ്ഞ നായ്ക്കളെ ആട്ടിയോടിക്കാനുള്ള തന്റെ ശ്രമങ്ങൾ വിജയിച്ചില്ല. ഇരു കാലുകളിലും നായ്ക്കൾ കടിച്ച് മാരകമായി പരിക്കേൽപിച്ചു.
ഏതാനും യുവാക്കൾ ഓടിക്കൂടിയാണ് നായ്ക്കളിൽ നിന്ന് തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പട്ടാപ്പകൽ 11 മണിക്കാണ് നായ്ക്കൾ തന്നെ ആക്രമിച്ചത്. കിംഗ് ഫഹദ് ആശുപത്രിയിൽ വെച്ച് തനിക്ക് ചികിത്സകൾ നൽകി. മുറിവുകൾ തുന്നിക്കെട്ടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം തുടർ ചികിത്സക്കായി കഴിഞ്ഞ ദിവസം വീണ്ടും താൻ കിംഗ് ഫഹദ് ആശുപത്രിയെ സമീപിച്ചതായി ഈമാൻ ഹുസൈൻ പറഞ്ഞു.