കോട്ടയം- ലവ് ജിഹാദ് വിവാദം ജോസ് കെ മാണി വഴി ഉയർത്തി സംസ്ഥാനത്ത് വർഗീയ ചേരി തിരിവുണ്ടാക്കാൻ നീക്കം. ഇന്നലെ ജോസ് കെ മാണി എടുത്തിട്ട വിഷയം കാത്തോലിക്ക സഭ ഏറ്റെടുത്തതോടെ വിഷയം തെരഞ്ഞെടുപ്പിലെ പ്രധാന സംഭവങ്ങളിലൊന്നായി. ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കണമെന്ന ജോസ് കെ മാണിയുടെ നിലപാടിനെ സി.പി.എം അടക്കമുള്ള ഇടതുപാർട്ടികൾ ഇതേവരെ പിന്തുണച്ചിട്ടില്ല. സംസ്ഥാന സർക്കാർ തന്നെ ഇക്കാര്യത്തിൽ സംശയിക്കത്തക്ക ഒന്നും നടന്നിട്ടില്ലെന്ന് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ വസ്തുത നിലനിൽക്കെയാണ് പ്രധാന സഖ്യകക്ഷികളിലൊന്ന് ബി.ജെ.പിയുടെ അതേ വാദം ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മധ്യകേരളത്തിൽ ഇതുവഴി നേട്ടമുണ്ടാക്കാനാകുമെന്നാണ് ജോസ് കെ മാണിയുടെ വിലയിരുത്തൽ. നേരത്തെ സമാനമാ തരത്തിലുള്ള പ്രയോഗം നടത്തി പി.സി ജോർജ് എം.എൽ.എയും രംഗത്തെത്തിയിരുന്നു. പി.സി ജോർജിന് ചില കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന അപ്രതീക്ഷിത പിന്തുണയാണ് സമാനമായ വഴിയിലൂടെ മുന്നോട്ടുപോകാൻ ജോസ് കെ മാണിയെയും പ്രേരിപ്പിക്കുന്നത്. പാലായിൽ കാര്യങ്ങൾ അത്ര സുഗമമല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വർഗീയ വികാരം ഇളക്കിവിട്ട് വിജയിക്കാനാകുമോ എന്നാണ് ജോസ് കെ മാണി ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പോലും കാര്യമായി ഉയർത്താത്ത പ്രശ്‌നമാണ് ലവ് ജിഹാദ്. ഇടതുമുന്നണിയുടെ സഖ്യകക്ഷിയിൽനിന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നത് കേരള രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പു കഴിഞ്ഞാലും നിലനിൽക്കും.
അതേസമയം, ജോസ് കെ മാണിയുടെ ലവ് ജിഹാദ് പ്രയോഗം സംബന്ധിച്ച് ഇടതുമുന്നണി നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നുകഴിഞ്ഞു. ജോസ് കെ മാണിയുടെ അഭിപ്രായത്തെ തള്ളിക്കളയാൻ ഇടതുമുന്നണിക്കാകുമോ എന്നാണ് രാഷ്ട്രീയ കേരളം നിരീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് തീരുന്നത് വരെ ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിന് എൽ.ഡി.എഫ് മുതിരാൻ സാധ്യതയില്ല.