തൃശൂര്‍- സ്വര്‍ണം അടങ്ങിയ ബാഗ് കവര്‍ന്ന് ട്രെയിനില്‍നിന്ന് ചാടിയ മോഷ്ടാവിനോടൊപ്പം ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്. പരിക്കേറ്റെങ്കിലും സ്വര്‍ണ്ണം അടങ്ങിയ ബാഗ് മോഷ്ടാക്കള്‍ നിന്നും പിടിച്ചു വാങ്ങാന്‍ യാത്രക്കാരന് സാധിച്ചു. പേരമംഗലം വീട്ടില്‍ ഔസേപ്പ് (65) ആണ് ഗുരുതരമായി പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉള്ളത്. ഇക്കഴിഞ്ഞ 26ന് മഹാരാഷ്ട്രയില്‍ നിന്നും മകളുടെ വിവാഹത്തിന് വേണ്ടിയുള്ള സ്വര്‍ണവുമായി മക്കള്‍ക്കൊപ്പം കേരളത്തിലേക്ക് ട്രെയിനില്‍ യാത്ര തീരിച്ചതാണ് ഔസേപ്പ്. എട്ടു പവന്‍ സ്വര്‍ണവും മൊബൈല്‍ഫോണും അടങ്ങിയ ബാഗ് മടിയില്‍ വെച്ച് ഉറങ്ങുമ്പോഴാണ് കവര്‍ച്ച നടന്നത്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് ബാല്‍ ഘട്ട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയ ട്രെയിന്‍ പിന്നീട് പുറപ്പെട്ട അല്‍പസമയം കഴിഞ്ഞപ്പോഴാണ് മോഷ്ടാവ് ബാഗുമെടുത്ത് ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിയത്. പിറകെ ഓടിയ ഔസേപ്പ് ട്രെയിനില്‍നിന്ന് മോഷ്ടാവിനോടൊപ്പം പുറത്തേക്ക് ചാടി. മോഷ്ടാവിനെ പിടികൂടി കയ്യില്‍ നിന്നും ബലമായി ബാഗ് പിടിച്ചു വാങ്ങിയെങ്കിലും വീഴ്ചയില്‍ തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ബോധരഹിതനായി ട്രാക്കില്‍ തന്നെ ഔസേപ്പ് വീഴുകയായിരുന്നു.
മക്കള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. യാത്രക്കാരും മക്കളും വന്ന് നോക്കിയപ്പോള്‍ ഔസേപ്പ് ട്രാക്കില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു.സമീപത്ത് സ്വര്‍ണം അടങ്ങിയ ബാഗ് ഉണ്ടായിരുന്നെങ്കിലും മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. പരിക്കേറ്റ ഔസേപ്പിന് അടിയന്തര ചികിത്സ നല്‍കാനുള്ള സംവിധാനവും സൗകര്യവും ട്രെയിനില്‍ ഉണ്ടായിരുന്നില്ല. പിന്നീട് മലര്‍കാവില്‍ എത്തിയാണ് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. എന്നാല്‍ മകളുടെ വിവാഹത്തിന് നാട്ടിലേക്ക് വരേണ്ടതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ തയ്യാറായില്ല. ട്രെയിനില്‍ തന്നെ നാട്ടിലേക്ക് വരികയും ചെയ്തു.നാട്ടിലെത്തി അസ്വസ്ഥത അനുഭവപ്പെട്ട ഔസേപ്പ് ചികിത്സതേടിയപ്പോഴാണ് തലയില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.