Sorry, you need to enable JavaScript to visit this website.

കാല്‍നൂറ്റാണ്ടിന്റെ ഇടവേളക്കുശേഷം വീണ്ടും പ്രവാചക മിഹ്റാബില്‍ നമസ്‌കാരം

മസ്ജിദുന്നബവിയിലെ പ്രവാചക മിഹ്‌റാബ്.

മദീന - മസ്ജിദുന്നബവിയില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) ഉപയോഗിച്ചിരുന്ന മിഹ്‌റാബില്‍ ഇമാമുമാര്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിത്തുടങ്ങി. ഇന്നലെ ജുമുഅ നമസ്‌കാരത്തോടെയാണ് പ്രവാചക മിഹ്‌റാബ് നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഇമാമുമാര്‍ ഉപയോഗിച്ചു തുടങ്ങിയത്. കാല്‍നൂറ്റാണ്ടിന്റെ ഇടവേളക്കു ശേഷമാണ് മസ്ജിദുന്നബവിയില്‍ പ്രവാചക മിഹ്‌റാബ് ഇമാമുമാര്‍ ഉപയോഗിക്കുന്നത്.
റൗദ ശരീഫിലാണ് പ്രവാചക മിഹ്‌റാബുള്ളത്. ഇതിന് കിഴക്കു ഭാഗത്ത് പ്രവാചകന്റെ തിരുശരീരം അടക്കം ചെയ്ത ഖബറും പടിഞ്ഞാറു ഭാഗത്ത് മിന്‍ബറും (പ്രസംഗപീഠം) ആണ്. ഇത് റസൂലുല്ലയുടെ നമസ്‌കാര സ്ഥലമാണെന്ന് പ്രവാചക മിഹ്‌റാബിന്റെ പടിഞ്ഞാറു വശത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്‍ നമസ്‌കാരം നിര്‍വഹിച്ച സ്ഥലത്ത് ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് മിഹ്‌റാബ് നിര്‍മിച്ചത്. നമസ്‌കാരത്തിനുള്ള ഖിബ്‌ല മക്കയിലെ വിശുദ്ധ കഅ്ബാലയം ആക്കി മാറ്റിയ ശേഷമാണ് ഈ ഭാഗം പ്രവാചകന്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് ഉപയോഗിച്ചത്. ആദ്യ ഖിബ്‌ല ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ ആയിരുന്നു.
ഇതുവരെ മസ്ജിദുന്നബവിയിലെ ഉസ്മാനി മിഹ്‌റാബിലാണ് ഇമാമുമാര്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഖിബ്‌ലയുടെ ദിശയില്‍ മസ്ജിദുന്നബവിയുടെ ഏറ്റവും മുന്‍വശത്തുള്ള ഭിത്തിയിലാണ് ഈ മിഹ്‌റാബ് ഉള്ളത്. മസ്ജിദുന്നബവി വികസിപ്പിച്ചപ്പോള്‍ മൂന്നാം ഖലീഫ ഉസ്മാന്‍ ബിന്‍ അഫാന്‍ (റ) ആണ് ഈ മിഹ്‌റാബ് നിര്‍മിച്ചത്. ഇക്കാരണത്താലാണ് ഈ മിഹ്‌റാബിന് ഉസ്മാനി മിഹ്‌റാബ് എന്ന പേര് ലഭിച്ചത്.


 

 

Latest News