കോട്ടയം- കേരളത്തെയും മുസ്്‌ലിംകളെയും സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ ആർ.എസ്.എസ് അടക്കമുള്ള സംഘ പരിവാർ ശക്തികൾ വർഷങ്ങളായി തുടരുന്ന പ്രചാരണമാണ് ലൗ ജിഹാദ്. സി.പി.എം അടക്കമുള്ള മതനിരപേക്ഷ ശക്തികൾ ലൗ ജിഹാദിൽ വാസ്തവമില്ലെന്നും സംഘ്പരിവാർ അജണ്ടയാണെന്നുമായിരുന്നു ഇതിനെ പറ്റി പറഞ്ഞിരുന്നത്. എന്നാൽ, ഇടതുമുന്നണിയുടെ പ്രധാന ഘടകകക്ഷികളിൽ ഒരാളായ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി ഇക്കാര്യത്തിലെ യാഥാർത്ഥ്യത്തിൽ വ്യക്തത വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് വിചിത്ര കാഴ്ചയായി. കോട്ടയത്ത് മനോരമ ന്യൂസിന്റെ പൊരിഞ്ഞ പോര് എന്ന പരിപാടിയിലായിരുന്നു ജോസ് കെ.മാണിയുടെ പ്രതികരണം.
ലൗ ജിഹാദിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നും പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു. ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേയെന്ന ചോദ്യത്തിന് വിഷയം വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിൽ അത് പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നും ജോസ് കെ.മാണി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ലൗ ജിഹാദ് ചർച്ചയാക്കി ബി.ജെ.പി രംഗത്ത് എത്തിയിരുന്നു. ലൗ ജിഹാദ് നിയമം കൊണ്ട് വരുമെന്ന് ബി.ജെ.പി പ്രചരണ പത്രികയിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന വാദം അപ്രസക്തമാണെന്ന് തൃശ്ശൂർ ബിഷപ്പ് യൂഹാനോൻ മാർ മിലിത്തിയോസും നേരത്തെ പറഞ്ഞിരുന്നു.