കോളേജ് അദ്ധ്യാപിക, പ്രിൻസിപ്പൽ, നിയമസഭാംഗം , നഗരസഭാധ്യക്ഷ, ഉജ്വല പ്രസംഗക തുടങ്ങി വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതയാണ് പ്രൊഫ. നബീസാ ഉമ്മാൾ. ആറ്റിങ്ങൽ കല്ലൻവിള വീട്ടിൽ , പോലീസ് കോൺസ്റ്റബിളായ ഖാദർ മൊയ്തീന്റേയും അസനുമ്മാളുടേയും മകളായി 1931 ൽ ജനനം.
അഞ്ചു മക്കളിൽ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കാനായത് നബീസാ ഉമ്മാളിന് മാത്രമായിരുന്നു. നല്ല വായനാശീലമുണ്ടായിരുന്ന നബീസാ ഉമ്മാളിന് പഠിക്കണം, ജോലി നേടണമെന്ന നിശ്ചയദാർഢ്യമുണ്ടായിരുന്നു. അതിനായുള്ള അവരുടെ പ്രയത്‌നം ലക്ഷ്യം കാണുകയും ചെയ്തു.
ആറ്റിങ്ങൾ ഗവ. സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസിൽ മൂന്ന് നഫീസമാർ വന്നുപെട്ടു. തിരിച്ചറിയാൻ വേണ്ടി അധ്യാപകരാണ് പേരുകളിൽ ചെറിയൊരു മാറ്റം വരുത്തിയത്. ഒരാൾ നഫീസയും രണ്ടാമത്തെയാൾ നബീസാ ബീവിയും മൂന്നാമത്തെയാൾ അങ്ങനെ നബീസാ ഉമ്മാളുമായി.
മാതാവ് അസനുമ്മാളിന്റെ ഉമ്മാൾ കൂടി ചേർത്ത് നബീസാ ഉമ്മാൾ എന്നാക്കി പേരിനെ വ്യത്യസ്തമാക്കുകയായിരുന്നു.
ആറ്റിങ്ങൽ ഗവ.ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസ ശേഷം തിരുവനന്തപുരം വിമൻസിൽ പ്രീ യൂനിവേഴ്‌സിറ്റി. പഠന വേളയിലായിരുന്നു നെടുമങ്ങാട് സ്വദേശിയും സൈനികനുമായ എം. ഹുസൈൻ കുഞ്ഞ് ജീവിത പങ്കാളിയാകുന്നത്. തുടർ പഠനത്തിനും , ജോലി കരസ്ഥമാക്കാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമൊക്കെ വലിയ പിന്തുണയാണ് ഭർത്താവ് നൽകിയത്.
നബീസാ ഉമ്മാൾ നെടുമങ്ങാട് നഗരസഭാധ്യക്ഷയായി ഇരിക്കുമ്പോഴാണ് 1998 ൽ ഭർത്താവ് മരണപ്പെട്ടത്.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽ നിന്ന് ബി.എയും എം.എ (മലയാളം) യും നേടിയ നബീസ ഉമ്മാൾ 1955 ൽ തേർഡ് ഗ്രേഡ് ജൂനിയർ ലക്ചററായി ജോലിയിൽ പ്രവേശിച്ചു. തിരുവനന്തപുരം വിമൻസ് കോളജിലായിരുന്നു തുടക്കം. അഞ്ചു ജില്ലകളിലെ ഏഴോളം കോളജുകളിൽ അധ്യാപികയായി തുടർന്നു. മികച്ച മലയാളം അധ്യാപിക എന്ന് പേരെടുത്തു.
മലപ്പുറം ഗവ. കോളേജിൽ പ്രിൻസിപ്പലായി.
സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ, പഠിച്ച യുനിവേഴ്‌സിറ്റി കോളജിലേക്ക് മാറ്റം കിട്ടിയാൽ കൊള്ളാമെന്ന ആഗഹം പങ്ക് വച്ചപ്പോൾ അദ്ദേഹം അത് സാധിച്ചു കൊടുത്തത് വലിയ അനുഗ്രഹമായി.
അങ്ങനെ പഠിച്ച കോളേജിലെ പ്രൊഫസറും മലയാളം വകുപ്പ് മേധാവിയും തുടർന്ന് പ്രിൻസിപ്പലുമാകാൻ ഭാഗ്യം കൈവന്നു. മലയാളം വിഭാഗത്തിൽ നിന്നും ആ കോളജിൽ പ്രിൻസിപ്പലായ ആദ്യ വനിതയുമായിരുന്നു. 1986 ൽ പ്രിൻസിപ്പലായി വിരമിച്ചു.
ആറ്റിങ്ങൽ ഗേൾസ് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ പ്രസംഗകലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ശ്രീനാരായണഗുരുദർശനങ്ങൾ നന്നായി സ്വായത്തമാക്കിയ നബീസാ ഉമ്മാൾ അത് കൊണ്ടു തന്നെ എല്ലാ മതങ്ങളുടേയും മൗലിക തത്ത്വങ്ങൾ ഒന്നു തന്നെയെന്ന സന്ദേശം പ്രസംഗത്തിലൂടെ നൽകിയിരുന്നു. പാർട്ടി വേദികളിൽ നബീസാ ഉമ്മാളിന്റെ പ്രസംഗം റെക്കോർഡ് ചെയ്ത് അക്കാലത്ത് കേൾപ്പിച്ചിരുന്നതുമൊക്കെ ആ കഴിവിനുള്ള അംഗീകാരം തന്നെ.
ശരീഅത്ത് വിവാദം കത്തി നിൽക്കുമ്പോഴുള്ള നബീസ ഉമ്മാളുടെ പ്രസംഗം കേൾക്കാനിട വന്ന ഇ. എം. എസിന്റെ നിർദ്ദേശപ്രകാരം കഴക്കൂട്ടത്ത് നിന്ന് മത്സരിക്കാൻ പാർട്ടി നേതാക്കൾ വീട്ടിലെത്തി ക്ഷണിച്ചതും സി.പി.എം സ്വതന്ത്രയായി നിന്ന് മുസ്‌ലിം ലീഗിലെ (യു.ഡി.എഫ്) നാവായിക്കുളം റഷീദിനെ 14080 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭയിലെത്തിയതും. പ്രസംഗകലയിലെ പാടവവും അതിനൊരു നിമിത്തമായി.
1991 ൽ ചുറ്റിക അരിവാൾ ചിഹ്നത്തിൽ കഴക്കൂട്ടത്ത് വീണ്ടും മൽസരിച്ചപ്പോൾ ശക്തനായ എം.വി രാഘവനോട് 360 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
ഇ. എം. എസ് മുതൽ പിണറായി വിജയൻ വരെ കേരളം ഭരിച്ച ഇരുപതോളം മുഖ്യമന്ത്രിമാർക്കൊപ്പവും വേദി പങ്കിടാൻ ഭാഗ്യം സിദ്ധിച്ച വനിതയെന്ന വിശേഷണവും നബീസ ഉമ്മാൾക്ക് അവകാശപ്പെട്ടത് തന്നെ. കൂടുതൽ വേദികളിൽ നിറഞ്ഞത് ഇ.കെ നായനാരുടെ കാലത്ത്. നർമ്മത്തിൽ ചാലിച്ച് പ്രസംഗിക്കാനും ക്ലാസെടുക്കാനുമുള്ള അവരുടെ സിദ്ധി ഏറെ ആരാധകരെ നേടിക്കൊടുത്തു.
1995 മുതൽ 2000 വരെ നെടുമങ്ങാട് നഗരസഭാ അദ്ധ്യക്ഷയായി, തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. കാൽ നൂറ്റാണ്ടുകാലമായി ഇടതുപക്ഷത്തിന്റെ കൈപ്പിടിയിൽ തന്നെ നെടുമങ്ങാട് നഗരസഭയെ നിർത്താൻ പ്രാപ്തമാക്കിയതിന് പ്രൊഫ. നബീസാ ഉമ്മാളോട് ഇടത് പക്ഷം കടപ്പെട്ടിരിക്കുന്നു. സ്ത്രീശാക്തീകരണ പ്രവർത്തനാംഗീകാരമായി നബീസാ ഉമ്മാളിന് 2000 ൽ രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചിരുന്നു.
നിയമസഭയുടെ ലൈബ്രറി കമ്മറ്റിയിലും ഉറപ്പുകൾ സംബന്ധിച്ച കമ്മറ്റിയിലും അംഗമായിരുന്നു. അതിന്റെ ഭാഗമായി ഏറെ യാത്രകളും നടത്തിയിട്ടുണ്ട്.
നെടുമങ്ങാട് ഷാലിമാർ ബംഗ്ലാവിൽ കഴിയുന്ന 90 പിന്നിട്ട ഈ മുത്തശ്ശി തനിക്ക് ലഭിക്കുന്ന എം.എൽ.എ പെൻഷൻ മുഴുവനായും അനാഥക്കുട്ടികൾക്ക് നൽകുകയാണ്. മക്കൾക്കെല്ലാം മികച്ച വിദ്യാഭ്യാസം നൽകാനും എല്ലാവരേയും നല്ല നിലയിലെത്തിക്കാനും ഹുസൈൻ കുഞ്ഞ് - നബീസാ ഉമ്മാൾ ദമ്പതികൾക്കായി. മൂന്ന് ആൺ മക്കളും മൂന്ന് പെൺമക്കളും.
ആൺമക്കളിൽ മൂത്തയാൾ, വനം വകുപ്പിൽ നിന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസറായി വിരമിച്ച ഹാഷിമും ഭാര്യ ഷീബയും ജീവിച്ചിരിപ്പില്ല.
രണ്ടാമത്തെ മകൻ റഹിം എക്‌സൈസ് വകുപ്പിൽ നിന്നു ജോയിന്റ് കമ്മീഷണറായി വിരമിച്ചു. മൂന്നാമത്തെ മകൻ കേരളാ വിഷൻ നെറ്റ്വർക്ക് മേഖലയിൽ പ്രവർത്തിക്കുന്നു. പെൺമക്കളിൽ രണ്ടു പേർ അമ്മയുടെ പാത പിന്തുടർന്ന് അദ്ധ്യാപനരംഗത്ത്. മൂത്തമകൾ കോളജധ്യാപികയായി വിരമിച്ച റസിയയും ജീവിച്ചിരിപ്പില്ല. മറ്റൊരു മകൾ ലൈല ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥയായി വിരമിച്ചു. ഇളയമകൾ താര, പാലക്കാട്ട് ഹയർ സെക്കന്ററി അദ്ധ്യാപിക. പരേതയായ ഷീബ, ഷൈല, മുനീറ, കുഞ്ഞുമുഹമ്മദ്, സുലൈമാൻ, ഷാഫി എന്നിവരാണ് മരുമക്കൾ. മക്കളും പേരക്കുട്ടികളും അവരുടെ കുട്ടികളുമൊക്കെ ഉൾപ്പെടുന്ന വലിയ കുടുംബത്തോട് പഴയതും പുതിയതുമായ വിശേഷങ്ങൾ സ്വതഃസിദ്ധമായ നർമത്തോടെ സംവദിച്ച് നബീസാ ഉമ്മാൾ നെടുമങ്ങാട്ടെ വീട്ടിൽ കഴിയുന്നു.