Sorry, you need to enable JavaScript to visit this website.

പ്രവാസികളിൽ കാരുണ്യവർഷം ചൊരിഞ്ഞ സർക്കാർ തുടരണം -നവോദയ യാമ്പു

ജിദ്ദ - പ്രവാസികളിൽ കാരുണ്യവർഷം ചൊരിഞ്ഞ സർക്കാർ തുടരണമെന്ന് യാമ്പു നവോദയ. മുമ്പൊരിക്കലും കാണാത്ത രീതിയിൽ പൂർണമായും പ്രവാസി സൗഹൃദ സർക്കാരായിരുന്നു അഞ്ചു വർഷം ഭരിച്ചിരുന്നത് എന്ന് ഗുരുവായൂർ എം.എൽ.എ കെ.വി അബ്ദുൽ ഖാദർ പറഞ്ഞു. നവോദയ യാമ്പു ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ സർവതോമുഖമായ ഉന്നമനം ലക്ഷ്യമാക്കി ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾക്ക് തുടക്കം കുറിച്ചു. പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ചുരുങ്ങിയ പ്രീമിയത്തിൽ തുടങ്ങിയ പ്രവാസി ഇൻഷുറനസ് ഏവരാലും പ്രശംസിക്കപ്പെട്ടു. 


കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ തിരികെയെത്തിയിട്ടുള്ള പ്രവാസികൾക്ക് സൗജന്യ റേഷൻ അനുവദിച്ചു. നാട്ടിൽ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപ വീതം ധനസഹായം നൽകി. കോവിഡ് രോഗത്താൽ വലഞ്ഞവർക്ക് ആശ്വാസമായി 10,000 രൂപ എത്തിച്ചു കൊടുത്തു. നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പദ്ധതി പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൈത്താങ്ങായത് 4179 സംരംഭകർക്കായിരുന്നു. ഈ കാലയളവിൽ 220.37 കോടി രൂപയാണ് പ്രവാസികളുടെ സ്റ്റാർട്ട് അപ്പ് പദ്ധതികൾക്കായി സർക്കാർ അനുവദിച്ചത്. വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായി നോർക്കയും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി ആരംഭിച്ച പദ്ധതിയാണിത്. പ്രവാസികളുടെ ലോകപരിചയവും തൊഴിൽ നൈപുണ്യവും പുതിയ ആശയങ്ങളും സംയോജിപ്പിച്ച് കേരള വികസനത്തിന് ഉപയോഗപ്പെടുത്താൻ ഡ്രീം കേരള വെബ് പോർട്ടൽ ആരംഭിച്ചു. മടങ്ങിയെത്തിയ പ്രവാസികളെ തൊഴിൽ നേടാൻ സാഹായിക്കുന്നതിനും തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും നൂതന തൊഴിൽ അഭ്യസിപ്പിക്കുന്നതിനും കൂടിയാണ് ഡ്രീം കേരള പദ്ധതി വിഭാവനം ചെയ്യുന്നത്.


പരിപാടിയിൽ നവോദയ യാമ്പു ഏരിയാ പ്രസിഡണ്ട് കരുണാകൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ആക്ടിംഗ് സെക്രട്ടറി അനീഷ് സുധാകരൻ സ്വാഗതവും ട്രഷറർ സിബിൾ നന്ദിയും പറഞ്ഞു. യോഗത്തിൽ ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, പ്രസിഡണ്ട് കിസ്മത്ത് മമ്പാട്, ഏരിയാ രക്ഷാധികാരി ഗോപി മന്ത്രവാദി എന്നിവർ പങ്കെടുത്തു.

 

Latest News