റിയാദ് - ഇടതു തുടർഭരണം രാജ്യത്തിനാകെ മാതൃകയാകുന്ന നവകേരള നിർമിതിക്ക് അനിവാര്യമെന്ന് റിയാദ് കേളി തെരഞ്ഞെടുപ്പ് കൺവെൻഷൻ. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഓൺലൈൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തൊഴിൽ, എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
കേരളത്തിൽ നമ്മൾ ഇതുവരെ കണ്ട ഭരണങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ഭരണക്രമമാണ് കഴിഞ്ഞ അഞ്ചു വർഷം കണ്ടുകൊണ്ടിരിക്കുന്നതെന്നും അത് തുടരേണ്ടത് കേരളത്തിന്റെ വികസന തുടർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള റിയാദ് കേളി കലാ സാംസ്‌കാരിക വേദിയുടെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് ഓൺലൈൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത നിരവധി ദുരന്തങ്ങൾ ഉണ്ടായിട്ടു പോലും കേരളത്തിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ പുതിയൊരു തുടക്കം കുറിക്കാൻ പിണറായി സർക്കാരിന് സാധിച്ചിട്ടുണ്ട്. ഇത്രയും ദുരന്തങ്ങൾ നേരിട്ടിട്ടും കേരളത്തോട് കേന്ദ്ര സർക്കാർ കാണിച്ചത് കടുത്ത അവഗണനയാണ്. ജനസംഖ്യാ ആനുപാതികമായി കേരളത്തിന് കിട്ടേണ്ട കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരിന് കിട്ടുന്ന വരുമാനത്തിന്റെ 2.5 ശതമാനമാണ്. എന്നാൽ കഴിഞ്ഞ വർഷം കേന്ദ്രം കേരളത്തിന് നൽകിയത് വെറും 1.9 ശതമാനം തുക മാത്രമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനമായാലും ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും മറ്റുമുണ്ടായ പുരോഗതി ആയാലും ലോക രാഷ്ട്രങ്ങൾ മുഴുവൻ ഉറ്റുനോക്കുന്ന നേട്ടങ്ങളാണ് കൈവരിച്ചത്. എന്നാൽ ഇതിനെയൊക്കെ തമസ്‌കരിക്കുന്നതോ കുറ്റപ്പെടുത്തുന്നതോ ആയ സമീപനങ്ങളാണ് കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും തുടർന്ന് പോരുന്നത്.
മിക്ക മേഖലകളിലും മികച്ച സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തത് കേന്ദ്ര ഏജൻസികൾ തന്നെ ആണെന്നത് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്കുള്ള തക്കതായ മറുപടിയാണെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാമാരിക്കാലത്തും അതിനു ശേഷവും നാട്ടിൽ പട്ടിണി ഇല്ലാതാക്കിയത് ഈ സർക്കാരിന്റെ ഇഛാശക്തിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും തൊഴിൽ എക്‌സൈസ് വകുപ്പു മന്ത്രിയുമായ ടി.പി രാമകൃഷ്ണൻ കൺവെൻഷനെ അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു.
കാർഷിക, വ്യവസായിക, തൊഴിൽ, പ്രവാസി മേഖലകളിലൊക്കെ ഉണ്ടായ നേട്ടങ്ങൾ അദ്ദേഹം അക്കമിട്ടു പറഞ്ഞു. പ്രവാസി കേരള കോൺഗ്രസ്-എം പ്രതിനിധി ഷിജോ മുളയാനിക്കൽ അരീക്കര, ന്യൂഏജ് ജോ.സെക്രട്ടറി വിനോദ് മഞ്ചേരി, ഐ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് എടച്ചക്കി, കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഗോപിനാഥ് വേങ്ങര, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവർ കൺവെൻഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കേളി മുഖ്യ രക്ഷാധികാരി സമിതി കൺവീനർ കെ.പി.എം സാദിഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേളി ആക്ടിംഗ് സെക്രട്ടറി ടി.ആർ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ കൺവെൻഷനിൽ നന്ദി രേഖപ്പെടുത്തി. കേളി മലാസ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിർമിച്ച ഒരു ചെറു വീഡിയോ കൺവെൻഷനിൽ പ്രദർശിപ്പിച്ചു.