തൊടുപുഴ- കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ നടത്തുന്നത് കസേര കളിയെന്ന് ബി ജെ പി അധ്യക്ഷന്‍ ജെ.പി.നദ്ദ. സ്ഥലം ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയതുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ വികസനത്തിന് തടസം നില്‍ക്കുന്നുവെന്നും നദ്ദ തൊടുപുഴയില്‍ എന്‍ ഡി എ പ്രചാരണ യോഗത്തില്‍ പറഞ്ഞു.
കന്യാകുമാരി- മുംബൈ ദേശീയ പാതക്കും കൊച്ചി മെട്രോക്കും റോറേ പദ്ധതിക്കുമൊക്കെയായി ലക്ഷം കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്സാഹം കാട്ടിയില്ലെന്ന് നദ്ദ കുറ്റപ്പെടുത്തി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്. അജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിലേക്കെത്തിയ ദേശീയ അധ്യക്ഷനെ ആരതി ഉഴിഞ്ഞ് മഹിള പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ബി.ജെ.പി. സംസ്ഥാന സമിതിയംഗങ്ങളായ പി.എ. വേലുക്കുട്ടന്‍, വി.പി. സാനു, ബിനു. ജെ. കൈമള്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സുരേഷ് വി എന്‍, സന്തോഷ് കുമാര്‍, ബി ഡി ജെ എസ് നേതാക്കളായ ജില്ലാ പ്രസിഡന്റ് വി.ജയഷ്, സംസ്ഥാന സെക്രട്ടറി പി.രാജന്‍, വൈസ് പ്രസിഡന്റ് ഡോ. സോമന്‍ തുടങ്ങിയവരും ഇടുക്കിയിലെ അഞ്ചു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായ പി.ശ്യാംരാജ്, അഡ്വ.സംഗീത വിശ്വനാഥ്, ശ്രീനഗരി രാജന്‍, സന്തോഷ് മാധവന്‍, എസ്. ഗണേശന്‍ എന്നിവരും പങ്കെടുത്തു.