കോട്ടയം - ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ വാഹനങ്ങളുടെ ഇടയിലേക്ക് പി.സി ജോര്‍ജ് എം.എല്‍.എ യുടെ മകന്‍ ഷോണ്‍ ജോര്‍ജ് വാഹനം ഇടിച്ചു കയറ്റിയതായി പരാതി. എന്നാല്‍ ഇതു തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന്് ഷോണ്‍ അറിയിച്ചു.
പൂഞ്ഞാര്‍ പഞ്ചായത്തിലെ പര്യടനത്തിനിടെ വാഹനങ്ങളുടെ ഇടയിലേക്ക് അമിത വേഗതയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. നിര്‍ത്താത്തെ പോയ വാഹനത്തിന്റെ നമ്പര്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചച്ചപ്പോഴാണ് ഷോണ്‍ ജോര്‍ജിന്റെ വാഹനമാണന്ന് തിരിച്ചറിഞ്ഞത്.
ഇടിയുടെ അഘാതത്തില്‍ തെറിച്ചു വീണ പി.കെ.തോമസ് പുളിമൂട്ടില്‍, ഷിബു പി.ടി പൊട്ടന്‍ പ്ലാക്കല്‍ എന്നിവരെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ തന്റെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. ഇടതു സ്ഥാനാര്‍ഥി സെബാസ്റ്റിയന്‍ കുളത്തുങ്കലിന്റെ വാഹന പര്യടന വ്യൂഹം മുന്നോട്ടു പോയശേഷം താന്‍ സഞ്ചരിച്ച വാഹനത്തിലേക്ക് ബൈക്ക് വന്നിടിക്കുകയായിരുന്നുവെന്നും അപകടത്തില്‍പ്പെട്ടവരെ തന്റെ തന്നെ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചതെന്നു ഷോണ്‍ അറിയിച്ചു.
അതേ സമയം ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ഈരാറ്റുപേട്ടയില്‍ പ്രതിഷേധ പ്രകടനം നടത്തി.