റിയാദ് - ബിനാമിയായി കോൺട്രാക്ടിംഗ് സ്ഥാപനം നടത്തിയ രണ്ടു സിറിയക്കാരെയും ഇതിനു കൂട്ടുനിന്ന സൗദി പൗരനെയും സകാക്ക ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
പ്രതിവർഷം 25,000 റിയാൽ സിറിയക്കാരിൽ നിന്ന് ഈടാക്കിയാണ് സൗദി പൗരൻ ബിനാമി സ്ഥാപനം നടത്താൻ വേണ്ട ഒത്താശകൾ ചെയ്തുകൊടുത്തത്. റോഡുകളിലെ അറ്റകുറ്റപ്പണികളുടെ കരാറുകളേറ്റെടുത്ത് നടപ്പാക്കുന്ന മേഖലയിലാണ് പിതാവും മകനുമായ സിറിയക്കാർ സ്വന്തം നിലക്ക് കോൺട്രാക്ടിംഗ് സ്ഥാപനം നടത്തിയിരുന്നത്. മൂവർക്കും കോടതി നാലര ലക്ഷം റിയാൽ പിഴ ചുമത്തി. സൗദി പൗരനെ മൂന്നു മാസത്തെ തടവിനും കോടതി ശിക്ഷിച്ചു.
സിറിയക്കാരിൽ ഒരാൾക്ക് ഒരു മാസം തടവും രണ്ടാമന് രണ്ടു മാസം തടവും കോടതി വിധിച്ചു. ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും ലൈസൻസും റദ്ദാക്കാനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് കോടതി വിലക്കേർപ്പെടുത്തി. നിയമാനുസൃത സക്കാത്തും ഫീസുകളും നികുതികളും നിയമ ലംഘകരിൽ നിന്ന് ഈടാക്കാനും വിധിയുണ്ട്. സൗദി പൗരന്റെയും സിറിയക്കാരുടെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും മൂവരുടെയും ചെലവിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു. ശിക്ഷ പൂർത്തിയാക്കിയ ശേഷം സിറിയക്കാരെ നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇരുവർക്കും ആജീവനാന്ത വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.