Sorry, you need to enable JavaScript to visit this website.

യാചകവൃത്തി: സൗദിയിൽ ശിക്ഷ  ശക്തമാക്കുന്ന നിയമം പരിഗണനയിൽ

റിയാദ് - സൗദിയിൽ യാചവൃത്തിയിലേർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം ശൂറാ കൗൺസിലിന്റെ പരിഗണനയിൽ. കുറ്റക്കാർക്ക് ഒരു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെയുമാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന ശിക്ഷ. യാചകവൃത്തിയിൽ ഏർപ്പെടൽ, യാചകവൃത്തിയിൽ ഏർപ്പെടാൻ മറ്റുള്ളവരെ പ്രേരിപ്പിക്കൽ, യാചകവൃത്തിക്ക് ധാരണയിലെത്തൽ, സഹായം നൽകൽ എന്നീ കുറ്റങ്ങൾ ചെയ്യുന്നവർക്ക് ആറു മാസം വരെ തടവും 50,000 റിയാൽ വരെ പിഴയുമാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. 
എന്നാൽ സംഘടിതമായി യാചകവൃത്തിയിൽ ഏർപ്പെടൽ, ഇതിന് പ്രേരിപ്പിക്കൽ, സഹായിക്കൽ, ധാരണയിലെത്തൽ, യാചകരെ നിയന്ത്രിക്കൽ എന്നീ കുറ്റകൃത്യങ്ങളിലെ പ്രതികൾക്ക് ഒരു വർഷം വരെ തടവും ഒരു ലക്ഷം റിയാലിൽ കവിയാത്ത പിഴയും ശിക്ഷ ലഭിക്കും. പുതിയ നിയമം അനുസരിച്ച് ശിക്ഷിക്കപ്പെടുന്ന വിദേശികളെ സൗദിയിൽ നിന്ന് നാടുകടത്തും. പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇവർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും. സൗദി വനിതയുടെ വിദേശ ഭർത്താവ്, സൗദി പൗരത്വം ലഭിക്കാത്ത മക്കൾ എന്നിവരെ നാടുകടത്തില്ല. യാചകവൃത്തിയിലേർപ്പെട്ട് ആവർത്തിച്ച് കുടുങ്ങുന്നവരെ ശിക്ഷിക്കാൻ നിയമം അനുവദിക്കുന്നു. 


യാചകവൃത്തിയിലേർപ്പെട്ട് പിടിയിലാകുന്നവരുടെ നിയമാനുസൃത പ്രായം പ്രരിഗണിക്കണമെന്ന് ശൂറാ കൗൺസിൽ അംഗം സഅദ് അൽഉതൈബി ആവശ്യപ്പെട്ടു. നിയമാനുസൃതം വിചാരണ ചെയ്ത് ശിക്ഷിക്കാൻ കുറ്റകൃത്യം നടത്തുമ്പോൾ പതിനെട്ട് വയസ്സ് പൂർത്തിയായിരിക്കണമെന്ന് ബാല സംരക്ഷണ നിയമവും ജുവനൈൽ നിയമവും അനുശാസിക്കുന്നുണ്ട്. യാചകവൃത്തി വ്യാപിക്കുന്നത് സാമൂഹിക വികസന മേഖലയിൽ സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ പരാജയപ്പെടാനുള്ള സാധ്യത വർധിപ്പിക്കും. യാചകവൃത്തി സൗദി അറേബ്യയുടെ പരിഷ്‌കൃത മുഖം വികൃതമാക്കും. കൂടാതെ മനുഷ്യക്കടത്ത്, കുട്ടികളെ ജോലിക്കു വെക്കൽ, മോഷണം, മയക്കുമരുന്ന് വ്യാപാരം, പണം കടത്ത്, നിയമാനുസൃത ജോലിയില്ലാതെ തൊഴിലാളികൾ അലഞ്ഞു നടക്കൽ എന്നീ കുറ്റകൃത്യങ്ങൾക്കും നിയമ ലംഘനങ്ങൾക്കും ഇത് ഇടയാക്കും. 


യാചകവൃത്തി പ്രവണത ചെറുക്കുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തം പ്രയോജനപ്പെടുത്തേണ്ടത് ഏറെ പ്രാധാന്യം അർഹിക്കുന്നു. യാചകരോട് സമൂഹം കാണിക്കുന്ന അനുകമ്പയാണ് ഈ പ്രവണത തുടരാൻ പ്രധാന കാരണം. യാചകവൃത്തിയിലേർപ്പെട്ട് ആവർത്തിച്ച് കുടുങ്ങുന്നവർക്കാണ് തടവും പിഴയും ലഭിക്കുക. ആദ്യ തവണ പിടിയിലാകുന്നവർക്കെതിരെ സ്വീകരിക്കേണ്ട വ്യക്തമായ നടപടികൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്വന്തം നിയന്ത്രണത്തിൽ പെട്ടതല്ലാത്ത കാരണങ്ങളാൽ യാചകവൃത്തിയിൽ ഏർപ്പെടാൻ നിർബന്ധിതരാകുന്നവർക്കുള്ള ശിക്ഷ ലഘൂകരിക്കുന്ന കാര്യവും പ്രത്യേകം പരിഗണിക്കണം. സമകാലിക ശിക്ഷാ നയങ്ങളുടെ ആശയങ്ങൾക്ക് അനുസൃതമായി കുറ്റവാളികളുടെ പെരുമാറ്റം നന്നാക്കൽ, ചികിത്സ എന്നിവ പരിഗണിച്ചുള്ള കൂടുതൽ വിശദമായ മുൻകരുതൽ നടപടികളും നിയമത്തിൽ ഉൾപ്പെടുത്തണമെന്ന് സഅദ് അൽഉതൈബി ആവശ്യപ്പെട്ടു. 


ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളുമായി കൂടുതൽ പൊരുത്തപ്പെട്ടു പോകുന്ന നിലക്ക് പുതിയ കരടു നിയമത്തിൽ ഭേദഗതികൾ വരുത്തണമെന്ന് ശൂറാ കൗൺസിൽ അംഗം ഫൈസൽ അൽഫാദിൽ ആവശ്യപ്പെട്ടു. ആർത്തി മൂത്തും കൂടുതൽ സമ്പാദിക്കാനും വേണ്ടി യാചകവൃത്തി നടത്തുന്നവരെയും ഗത്യന്തരമില്ലാതെ യാചകവൃത്തി നടത്തുന്നവരെയും നിയമം വേർതിരിച്ചു കാണുന്നില്ല. നിർധനനാണെങ്കിലും അല്ലെങ്കിലും രണ്ടാമതും ഇതിനു ശേഷവും യാചകവൃത്തി നടത്തി കുടുങ്ങുന്നവരെ നിയമം ശിക്ഷിക്കുന്നു. ആർത്തി മൂത്ത് യാചകവൃത്തി നടത്തുന്നവരാണെങ്കിൽ കൂടി ആദ്യം കുടുങ്ങുന്നവരെ നിയമം ശിക്ഷിക്കുന്നില്ല. 


യാചക വൃത്തിയിലേർപ്പെട്ട് കുടുങ്ങുന്നതിന് ശിക്ഷിക്കുമ്പോൾ നിർധനരെയും അല്ലാത്തവരെയും നിയമം വേർതിരിച്ചു കാണുന്നില്ല. ഇക്കാര്യത്തിൽ ബഹ്‌റൈൻ, കുവൈത്ത്, യു.എ.ഇ, ജോർദാൻ പോലുള്ള അയൽ രാജ്യങ്ങളുടെ അനുഭവം സൗദി അറേബ്യക്കും പ്രയോജനപ്പെടുത്താവുന്നതാണ്. തടവും പിഴയുമല്ലാതെ ബദൽ ശിക്ഷകൾ ബാധകമാക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചും നിയമം പരാമർശിക്കുന്നില്ല. പല യൂറോപ്യൻ, അമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളും വ്യത്യസ്ത യാചകവൃത്തികളെ തരംതിരിക്കുകയും മറ്റുള്ളവർക്ക് ശല്യവും ഉപദ്രവുമുണ്ടാക്കാതെ യാചന നടത്തുന്നവരെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷണം, പാർപ്പിടം, ആരോഗ്യ പരിചരണം അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ ലഭിക്കാത്തവരാണ് തെരുവുകളിൽ അലഞ്ഞുനടക്കുന്ന യാചകരിൽ ഭൂരിഭാഗവും എന്ന കാര്യവും അടിസ്ഥാന സേവനങ്ങൾ ഇവർക്ക് ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്ന കാര്യവും കണക്കിലെടുത്ത് ചില രാജ്യങ്ങളിൽ യാചകരെ ശിക്ഷിക്കുന്ന നിയമങ്ങളില്ല. മറ്റു ചില രാജ്യങ്ങളിൽ ഇത്തരം നിയമങ്ങളുണ്ടെങ്കിലും അവ റദ്ദാക്കാൻ നീക്കമുണ്ട്. 


യാചന വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചാരിറ്റി ഫണ്ട് സ്ഥാപിക്കണമെന്ന നിർദേശം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആദ്യം സമർപ്പിച്ച കരടു നിയമത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ശൂറാ കൗൺസിലിന്റെ പരിഗണനക്കു വന്ന കരടു നിയമത്തിൽ ഈ നിർദേശം അടങ്ങിയിട്ടില്ല. നിർധനരും അല്ലാത്തവരുമായ യാചകരെ വേർതിരിച്ചു കണ്ട് അതിനനുസരിച്ച് കരടു നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നും ഫൈസൽ അൽഫാദിൽ ആവശ്യപ്പെട്ടു. 
ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ യാചകവൃത്തി നടത്തുന്നവരുണ്ട്. ഇത്തരക്കാരെ കൈകാര്യം ചെയ്യുന്ന രീതി പുതിയ നിയമം പരാമർശിക്കുന്നില്ലെന്ന് ശൂറാ കൗൺസിൽ അംഗം സാമിയ ബുഖാരി പറഞ്ഞു. ആദ്യമായി പിടിയിലാകുന്ന യാചകർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ വ്യക്തമായി നിർണയിക്കുന്ന വകുപ്പ് കരടു നിയമത്തിൽ ഉൾപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. 

 

Latest News