Sorry, you need to enable JavaScript to visit this website.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മിച്ച യാത്രാക്കപ്പല്‍ ആന്‍ഡമാന് കൈമാറി

കൊച്ചി- കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മിച്ച യാത്രാ-ചരക്കുകപ്പലായ 'സിന്ധു' ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ അധികൃതര്‍ക്ക് കൈമാറി. 500 യാത്രക്കാരെയും 150 ടണ്‍ ചരക്കും വഹിക്കാന്‍ ശേഷിയുള്ളതാണ് കപ്പല്‍. കേന്ദ്രത്തിന്റെ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നാല് യാത്രാക്കപ്പലുകള്‍ നിര്‍മിച്ചു നല്‍കാന്‍ ഷിപ്പ് യാര്‍ഡിന് ലഭിച്ച 1400 കോടിയുടെ ഓര്‍ഡറിന്റെ ഭാഗമായുള്ള ആദ്യത്തെ കപ്പലമാണ് കൈമാറിയത്. 500 യാത്രക്കാര്‍ കയറുന്ന രണ്ടു കപ്പലുകളും 1200 യാത്രക്കാര്‍ കയറുന്ന രണ്ടു കപ്പലുകളുമാണ് ഷിപ്പ്യാര്‍ഡില്‍ നിര്‍മിക്കുന്നത്. 500 പേര്‍ കയറുന്ന രണ്ടാമത്തെ കപ്പലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ഇത് കൈമാറും. ആന്‍ഡമാന്‍ ദ്വീപസമൂഹങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്നതിനാണ് കപ്പലുകള്‍ നിര്‍മിക്കുന്നത്. ആവശ്യമായി വന്നാല്‍ രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്കും കപ്പലിന് യാത്ര ചെയ്യാനാകും.
കപ്പലിന്റെ രൂപകല്‍പന നിര്‍വഹിച്ചത് ഡെന്‍മാര്‍ക്കിലെ നേവല്‍ ആര്‍ക്കിടെക്ട് കമ്പനിയും കൊച്ചിയിലെ സ്മാര്‍ട്ട് എഞ്ചിനീയറിംഗ് ആന്റ് ഡിസൈന്‍ സൊലൂഷന്‍സും ചേര്‍ന്നാണ്. 61 ജീവനക്കാരുള്ള കപ്പലില്‍ ഡീലക്സ്, ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ്, ബങ്ക് ക്ലാസ്, സീറ്റിംഗ് ക്ലാസ് ക്യാബിനുകളുണ്ട്.  കഫെറ്റീരിയ, റിക്രിയേഷന്‍ റൂം, ജിംനേഷ്യം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങള്‍ കപ്പലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗ്, അമേരിക്കന്‍ ബ്യൂറോ ഓഫ് ഷിപ്പിംഗ്, ഇന്ത്യന്‍ മെര്‍ച്ചന്റ് ഷിപ്പിംഗ് എന്നിവയുടെ നിബന്ധനകള്‍ പാലിച്ച് രാജ്യാന്തര നിലവാരത്തിലാണ് കപ്പല്‍ നിര്‍മിച്ചിരിക്കുന്നത്.

 

Latest News