കൊച്ചി- ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റില്ലെന്ന് വ്യക്തമാക്കി സി പി ഐ അഖിലേന്ത്യാ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനിരാജ. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധി ലിംഗ സമത്വവുമായി ബന്ധപ്പെട്ടതാണ്. അടിസ്ഥാനപരമായ കാര്യമാണിത്. സംസ്ഥാനത്തെ ഒരു മന്ത്രി എന്തെങ്കിലും പറഞ്ഞത് കൊണ്ട് ഇടതുപക്ഷ നിലപാട് മാറില്ല. വിധിയെ ആദ്യം സ്വാഗതം ചെയ്തത് ബി ജെ പി യിലെ അമിത് ഷായും കോണ്‍ഗ്രസിലെ രാഹുല്‍ ഗാന്ധിയുമാണ്. പിന്നീട് ഇരുവരും അതില്‍ മാറ്റം വരുത്തിയെന്നും അവര്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള എല്ലാ കാര്യത്തിലും സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ സി പി ഐ അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഴിയണമെന്നും അവര്‍ വ്യക്തമാക്കി. വിഷു ഈസ്റ്റര്‍ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി മനുഷ്യാവകാശ ലംഘനമാണ്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്നം മുടക്കികളാകരുത്. ഇത്തവണ ഭക്ഷ്യകിറ്റാണെങ്കില്‍, അടുത്ത ഘട്ടത്തില്‍ ക്ഷേമപെന്‍ഷനുകള്‍ നിറുത്തലാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.