ജിദ്ദ- കുടുംബത്തോടൊപ്പം ഒമാനിലേക്ക് വരുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികളും ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഒമാനില്‍ പ്രവേശിക്കുന്നതിനുള്ള യാത്രാ നിബന്ധനകളില്‍ നല്‍കിയ അപ്‌ഡേറ്റിലാണ് ഇക്കാര്യം.
വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടന്ന ഉടന്‍ തന്നെ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ കുടുംബത്തോടൊപ്പം ഹോട്ടലുകളില്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ടുകളുടെ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ ക്വാറന്റൈനില്‍ പ്രവേശിച്ച 16 വയസ്സിന് മുകളിലുള്ളവര്‍ എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.
16 വയസ്സിന് താഴെയുള്ള പ്രവാസി കുട്ടികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യമാണ്.
കുട്ടികള്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയാണെങ്കില്‍ ഹോട്ടലുകളിലും തനിച്ചാണ് വന്നതെങ്കില്‍ വീടുകളിലും നിരീക്ഷണം പൂര്‍ത്തിയാക്കണം. സഹല പ്ലാറ്റ്‌ഫോം വഴിയാണ് ഹോട്ടലുകള്‍ ബുക്ക് ചെയ്യേണ്ടത്.