റിയാദ് - കൊറോണക്കുള്ള ഫൈസര്‍-ബയോന്‍ടെക് വാക്‌സിന്‍ ഡോസുകള്‍ തമ്മിലെ ഇടവേള ആറാഴ്ചയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തനിക്ക് രണ്ടു ഡോസുകള്‍ തമ്മില്‍ നിശ്ചയിച്ച ഇടവേള അഞ്ച് ആഴ്ചയാണെന്നും 21 ദിവസമല്ലെന്നും അറിയിച്ചും, രണ്ടു ഡോസുകള്‍ തമ്മിലെ ഇടവേള എത്രയാണെന്ന് ആരാഞ്ഞും ഉപയോക്താക്കളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ വാക്‌സിന്‍ സ്വീകരിക്കുന്നതിനു മുമ്പ് വൈറ്റമിന്‍ സി കഴിക്കുന്നതു കൊണ്ട് പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. എങ്കിലും പൊതുവില്‍ ഫുഡ് സപ്ലിമെന്റുകളും വൈറ്റമിനുകളും ഉപയോഗിക്കുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം തേടണമെന്നും ഇവയുടെ ഉപയോഗം ഡോക്ടറുടെ മേല്‍നോട്ടത്തിലായിരിക്കണമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.