കൊച്ചി- ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ എന്‍. പ്രശാന്ത് ഐഎഎസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിലെ എല്‍ഡിഎഫ് പൊതുയോഗത്തിലാണ് പ്രശാന്തിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ഐഎഎസുകാര്‍ പഠിക്കേണ്ടതെന്നും ആളുകളെ പറ്റിക്കാനല്ല വാട്‌സാപ്പില്‍ മെസേജുകള്‍ അയക്കേണ്ടതെന്നും, വാട്‌സാപ്പില്‍ എല്ലാവര്‍ക്കും മെസേജ് അയച്ച് തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ജാതിമത വിഭാഗങ്ങളും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ചു. ഇതു കണ്ടപ്പോള്‍ വല്ലാത്ത പേടി കോണ്‍ഗ്രസിനും ലീഗിനും യുഡിഎഫിനുമുണ്ടായി. ഇതെല്ലാം മറികടക്കാന്‍ വലിയ ഗൂഢാലോചന അരങ്ങേറി. ഗൂഢാലോചനയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചില ആളുകള്‍ പങ്കെടുത്തു. അടുക്കാന്‍ പറ്റാത്ത പിന്‍തള്ളപ്പെട്ട അവതാരങ്ങള്‍ ഗൂഢാലോചന നടത്തി- മുഖ്യമന്ത്രി പറഞ്ഞു.